‘ചോരയൊലിപ്പിച്ച്’ മോഡലുകൾ റാംപിൽ

ചൈന ഫാഷൻ വീക്കിലെ സ്പ്രിങ് സമ്മർ 2016 ഷോയിൽ ഹു ഷെഗ്വാങിന്റെ ഡിസൈനുകളിൽ റാമ്പിലെത്തിയ മോഡലുകൾ

അടികൊണ്ടിട്ടെന്ന പോലെ ചുവന്നുകലങ്ങിയ കണ്ണുകൾ, മുറിവേറ്റ ചുണ്ടുകൾ, വെട്ടേറ്റ കവിൾ, നെഞ്ചിൽ വിലങ്ങനെ ചോരപൊടിയുന്ന ഒരു വെട്ട്, തലപൊട്ടി മുഖത്തേക്കൊലിച്ചിറങ്ങിയ രക്തം, കയ്യിലും കാലിലുമൊക്കെ മുറിവിൽ നിന്ന് പടർന്നിറങ്ങിയ രക്തം... രജനീകാന്തിന്റെ ‘ശിവാജി സ്റ്റൈൽ’ ഇടിയും കൊണ്ട് കിടക്കുന്ന വില്ലന്മാരെയായിരിക്കും ഒരു പക്ഷേ ഇതെല്ലാം ഓർമിപ്പിക്കുക. പക്ഷേ ആശുപത്രി വാർഡിൽ കാണേണ്ട കാഴ്ചകളെ ഫാഷൻ റാംപിൽ കാണിച്ച് കയ്യടി വാങ്ങിയിരിക്കുകയാണ് ഒരു കക്ഷി. സ്റ്റൈലിൽ പരീക്ഷണങ്ങൾ നടത്തുന്ന കാര്യത്തിൽ ഇന്നേവരെ ഒരു ഡിസൈനറും പോകാത്ത വഴികളിലൂടെ പോയി, കാണുന്നവരുടെയെല്ലാം നെറ്റി ചുളിയിപ്പിക്കുന്ന വിധം വസ്ത്രങ്ങളൊരുക്കുന്ന ഇദ്ദേഹത്തിന്റെ പേര് ഹു ഷെഗ്വാങ്. പതിനാറാം വയസ്സിൽ ചൈന വിട്ട് നെതർലൻഡ്സിലെത്തിയ ഇദ്ദേഹം നിലവിൽ ഫാഷൻ ലോകത്തെ പേരുകേട്ട ഡിസൈനർമാരിലൊരാളുമാണ്.

സ്വതന്ത്ര ഫാഷൻ ബ്രാൻഡുകളെ പ്രോൽസാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന ചൈന ഫാഷൻ വീക്കിലെ സ്പ്രിങ് സമ്മർ 2016 ഷോയിലായിരുന്നു ഇത്തവണ ഹു ഷെഗ്വാങ്ങിന്റെ പരീക്ഷണം. ‘ഡാർക് ഡിസൈനുകൾ’ എന്നാണ് താൻ തയാറാക്കിയ വസ്ത്രങ്ങൾക്കും ആക്സസറികൾക്കും ഹു നൽകിയിരിക്കുന്ന ടൈറ്റിൽ തന്നെ. മുള്ളും ചങ്ങലയുമൊക്കെ നിറഞ്ഞ പേടിപ്പെടുത്തുന്ന ഡിസൈനുകളായിരുന്നു പലതും. അതിന് ചേരുന്നവിധം മോഡലുകളെയും ഒരുക്കുകയായിരുന്നു. ഭൂരിപക്ഷം പേർക്കും കാര്യമായ മേയ്ക്കപ്പ് പോലുമുണ്ടായിരുന്നില്ല. മറിച്ച് ദേഹത്തും മുഖത്തുമെല്ലാം കൃത്രിമ മുറിവുകൾ സൃഷ്ടിച്ച് കൃത്രിമ ചോരപ്രയോഗവും നടത്തി. ചില വസ്ത്രങ്ങളിൽ പോലും നിറയെ ‘ചോരക്കറ’യായിരുന്നു.

ഷെഗ്വാങ്ങിന്റെ ഡിസൈനുകൾ കണ്ടാൽ ആരായാലും ചെറുതായെങ്കിലും ഒന്നു നെറ്റി ചുളിയിക്കാതെയിരിക്കില്ല എന്ന സ്ഥിതിയാണ്. ഇതാദ്യമായിട്ടല്ല ഇത്തരം അതിക്രമങ്ങളുമായി ഇദ്ദേഹം എത്തുന്നതും. കഴിഞ്ഞ വർഷം ചൈന ഫാഷൻ വീക്കിൽത്തന്നെ മോഡലുകൾക്കായി അദ്ദേഹം നൽകിയത് എഴ്–എട്ട് ഇഞ്ച് വരെ ഉയരമുള്ള ഹീലുള്ള ചെരിപ്പുകളായിരുന്നു. കുറേ പേരൊക്കെ അതുമിട്ട് ഒരുവിധത്തിൽ നടന്നെങ്കിലും മൂന്ന് മോഡലുകൾ ചളുക്കോപിളുക്കോ എന്നവിധം വീണുപോയി. ഫാഷൻ ലോകത്തെ ഫണ്ണി വിഡിയോകളിൽ ഇന്ന് ഏറ്റവും കൂടുതൽ ലൈക്ക്സ് കിട്ടി മുന്നേറുന്നവയിൽ ഒന്നാണ് ഈ ഹൈഹീൽ വീഴ്ചക്കാഴ്ചകൾ.