ഡി 4 ഡാൻസിലെ പുതിയ അവതാരകനെക്കുറിച്ച് ജിപി

ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം

മഴവിൽ മനോരമയുടെ ഡി 4 ഡാൻസ് സീസൺ 3 പ്രഖ്യാപിച്ചത് മുതൽ ഗോവിന്ദ് പദ്മസൂര്യയാണോ അവതാരകൻ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. ജിപി അല്ല എന്ന് അറിഞ്ഞതു മുതൽ പുതിയ അവതാരകൻ ആരായിരിക്കുമെന്നായിരുന്നു അടുത്ത സംശയം. ഇപ്പോള്‍ കാത്തിരിപ്പിനെല്ലാം വിരാമമിട്ട് ക്യൂട്ട് ആൻറ് ഹോട്ട് ആദിൽ ഇബ്രാഹിം ഡി ഫോർ ഡാൻസ് അവതാരക വേഷത്തിലെത്തുമ്പോള്‍ ജിപിയ്ക്കും പറയാനുണ്ട് ചിലത്. ഡി 4 ഡാൻസിനെക്കുറിച്ച് ജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ രണ്ടു വർഷത്തിൽ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ നല്ല മാറ്റങ്ങൾക്കും കാരണം നിങ്ങളാണ്. അവതരണകലയിൽ ഒരു മുൻപരിചയവും ഇല്ലാത്ത എനിക്ക് ചെയ്ത എല്ലാ ഷോകളും ഭംഗിയായി നിങ്ങളിലേക്കെത്തിക്കാൻ സാധിച്ചത് നിങ്ങളെന്നെ നിങ്ങളിൽ ഒരാളായി നിങ്ങളുടെ സ്വന്തം സുഹൃത്തായി നിങ്ങളുടെ കുടുംബത്തിലെ ഒരംഗമായി സ്വീകരിച്ചതുകൊണ്ടു മാത്രമാണ്‌.

ഈ മാർച്ച് 31ന് 'അടി മോനേ ബസർ' ആദ്യ സീസൺ അവസാനിക്കുകയാണ്. എന്റെ പതിവുശൈലിയിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ചിട്ടും ഈ ചുരുങ്ങിയ സമയം കൊണ്ട് ഈ പ്രോഗ്രാം വിജയമാക്കിയ നിങ്ങളോരോരുത്തരോടും ഞാൻ കൈകൂപ്പി നന്ദി പറയുന്നു. ഇന്ന് d4dance സീസൺ3 തുടങ്ങുകയാണ്. ജി പി ഇല്ലാത്ത d4dance. GP യ്ക്കു പകരക്കാരനായി പുതിയ ഒരവതാരകൻ വരുന്ന d4dance. ഒരു പാടു സ്വപ്നങ്ങളുമായി ആ വേദിയിലേക്കു വരുന്ന പുതിയ അവതാരകനേയും നിങ്ങൾ സ്വീകരിക്കുമെന്ന് എനിക്കുറപ്പാണ്‌. അദ്ദേഹത്തിനും, മത്സരാർത്ഥികൾക്കും എന്റെ പ്രിയപ്പെട്ട d4dance കുടുംബത്തിനും എന്റെ വിജയാശംസകൾ.. ആ ഫ്ലോറും, നിങ്ങളെയും ഞാനൊരുപാട് മിസ് ചെയ്യും...

ഇനി കുറച്ച് യാത്ര ചെയ്യണം. പുതിയ സ്ഥലങ്ങൾ കാണണം. പുതിയ ആളുകളെ പരിചയപ്പെടണം. പുതിയ കാര്യങ്ങൾ പഠിക്കണം. പുതിയ സാഹസങ്ങളും പുതിയ കുസൃതികളുമായി നിങ്ങളിലേക്ക് എത്രയും പെട്ടെന്ന് ഓടിയെത്താം. നിങ്ങൾക്കെന്നെ പിരിഞ്ഞിരിക്കാൻ സാധിച്ചാലും, എനിക്ക് നിങ്ങളെ പിരിഞ്ഞിരിക്കാൻ സാധിക്കില്ലല്ലോ...

മനസ്സുനിറയെ സ്നേഹത്തോടെ, നിങ്ങളുടെ മാത്രം ജി പി.