Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ ഭിന്നലിംഗക്കാർക്കായി മോഡലിങ് ഏജൻസി

Transgenders Representative Image

ഒന്നുകിൽ ഭിക്ഷാടനം, അല്ലെങ്കിൽ ലൈംഗികവൃത്തി...ഇന്ത്യയിലെ ഭിന്നലിംഗക്കാർ ചെന്നുപെടുന്ന ‘തൊഴിൽ’മേഖലകളിൽ ഇവ രണ്ടുമാണ് മുൻപന്തിയിൽ–പറയുന്നത് മറ്റാരുമല്ല. ഭിന്നലിംഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പോരാടുന്ന രുദ്രാണി ഛേത്രി എന്ന മുപ്പത്തിയേഴുകാരി. ആണിനും പെണ്ണിനുമിടയിലെ വ്യക്തിത്വവുമായി നാണക്കേടോടെ ജീവിക്കേണ്ടി വരുന്ന ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്കെത്തിക്കാൻ പുതിയൊരു മുന്നേറ്റത്തിനാണ് രുദ്രാണിയുടെ ‘മിത്ര്’ എന്ന സാമൂഹ്യസംഘടന തുടക്കമിടുന്നത്. രാജ്യത്ത് ഭിന്നലിംഗക്കാർക്കും സ്വവർഗാനുരാഗികൾക്കുമെല്ലാമായി ഒരു മോഡലിങ് ഏജൻസി.

Transgenders Representative Image

തങ്ങള്‍ക്കു നേരെയുള്ള സമൂഹത്തിന്റെ അവഗണനയ്ക്ക് നൽകുന്ന മറുപടിയായിട്ടാണ് മിത്ര് ഈ പദ്ധതിക്ക് തുടക്കമിടുന്നതെന്നു പറയുന്നു രുദ്രാണി. ഇതിനു മുൻപും കലണ്ടർ ഫോട്ടോഷൂട്ടും ഫാഷൻ ഷോകളുമെല്ലാം നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം മിത്ര് ട്രസ്റ്റിനു വേണ്ടിയായിരുന്നു. അതുപകർന്ന ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ഭിന്നലിംഗക്കാരിലെ പുതുതലമുറയ്ക്കു വേണ്ടി മോഡലിങ് ഒരു തൊഴിലാക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. ഇതിനു പണം സ്വരൂപിക്കാനായി ക്രൗഡ് ഫൗണ്ടിങ് വെബ്സൈറ്റുകളായ GoFundMe, BitGiving എന്നിവയിലൂടെ പരിശ്രമം തുടരുകയാണ് രുദ്രാണിയും സംഘവും. ‘ഇവരെ ആരു മോഡലാക്കാനാ...’ എന്ന പുച്ഛത്തിന് ആദ്യമേതന്നെ തിരിച്ചടി നൽകിയാണ് ഇവരുടെ തുടക്കം. പ്രശസ്ത സ്റ്റൈലിസ്റ്റും ഫാഷൻ ഫൊട്ടോഗ്രഫറുമായ റിഷി രാജ് മോഡലുകൾക്കായുള്ള ഓഡിഷൻ നടത്താമെന്നു സമ്മതിച്ചിട്ടുണ്ട്.

Transgenders Representative Image

ഫെബ്രുവരി ഏഴിന് ഓഡിഷൻ നടത്തി അഞ്ചു പേരെ തിരഞ്ഞെടുക്കും. ഫോട്ടോഷൂട്ടും നടത്തും. ഇതിനാവശ്യമുള്ള പണമാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിക്കുന്നത്. അഞ്ചു പേരുടെയും ഫോട്ടോകളും പ്രൊഫൈലും പ്രശസ്ത ഫാഷൻ ഹൗസുകൾക്കും മാഗസിനുകൾക്കും അയച്ചു കൊടുക്കാനാണു തീരുമാനം. ഇപ്പോൾത്തന്നെ ഡൽഹിയിലെ പല ഡിസൈനർമാരും തങ്ങളുടെ പുതിയ കലക്‌ഷന് അനുയോജ്യമാണെങ്കിൽ രുദ്രാണിയുടെ ഏജൻസിയിലെ മോഡലുകളെ ഉപയോഗിക്കാമെന്നു വാക്കു നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ പൂർണപിന്തുണയും നൽകുന്നു.

Transgenders Representative Image

ലോകമെമ്പാടും ഭിന്നലിംഗക്കാരും സ്വവർഗാനുരാഗികളും തങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരത്തിലാണ്. ഇന്ത്യയിലും ഈ പ്രക്ഷോഭം ശക്തമാണ്. കഴിഞ്ഞ വർഷം ന്യൂയോർക്കിലും ഇതാദ്യമായി ഭിന്നലിംഗക്കാർക്കായി ഒരു മോഡലിങ് ഏജൻസി ആരംഭിച്ചിരുന്നു–ട്രാൻസ് മോഡൽസ് എന്ന പേരിൽ. ഒരു ബ്രിട്ടിഷ് സംഘം കഴിഞ്ഞ ഒരു വർഷമായി രുദ്രാണിയുടെയും കൂട്ടാളികളുടെയും ജീവിതം ചിത്രീകരിക്കുന്നുണ്ട്. മോഡലിങ് ഓഡിഷനും ഇവർ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ ഭാഗമാകും. താൻ ഭിന്നലിംഗക്കാരനാണ് അല്ലെങ്കിൽ സ്വവർഗാനുരാഗിയാണ് എന്ന കാര്യം ഒളിച്ചുവയ്ക്കാതെ വിളിച്ചുപറയാനുള്ള ധൈര്യം പകരുന്നതിലേക്കുള്ള ഒരുചുവടു വയ്പാണ് ഏജൻസിയിലൂടെ യാഥാർഥ്യമാകുന്നതെന്നും രുദ്രാണിയുടെ വാക്കുകൾ. 10 വർഷം മുൻപ് മോഡലാകാൻ കൊതിച്ച തനിക്ക് അതിനവസരം ലഭിക്കാതെ അവഗണന മാത്രം ലഭിച്ചതിന്റെ മധുരതരമായ പ്രതികാരം കൂടിയാവുകയാണ് രുദ്രാണിക്ക് ഈ മോഡലിങ് സംരംഭം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.