അന്നേ ആഗ്രഹിച്ചതാണ് ലാലേട്ടനൊപ്പമൊരു സിനിമ

രേവതി ശശികുമാർ

കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്റെ മകളായി അഭിനയിച്ചു ശ്രദ്ധനേടിയ ആ വലിയ കണ്ണുകളുള്ള പെൺകുട്ടിയാണ് ഈ ആഴ്ചത്തെ മോഡൽ ഓഫ് ദ് വീക്കായ രേവതി ശിവകുമാർ. സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചതിന്റെ ത്രിൽ ഇന്നും കൊണ്ടുനടക്കുന്ന രേവതി വളർന്നുവരുന്ന ഒരു മാധ്യമപ്രവർത്തക കൂടിയാണ്. ട്രെൻഡുകളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ മനോരമ ഓൺലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ് രേവതി.

മോഡലിങ്ങോ അഭിനയമോ ഏറെയിഷ്ടം?

അതു യാതൊരു സംശയവുമില്ല അഭിനയം തന്നെ. എന്നുകരുതി മോഡലിങ്ങിനോടു തീരെ താൽപര്യമില്ലെന്നല്ല. ഞാൻ ഈ രംഗത്തേക്കു വരുന്നതുതന്നെ അഭിനയത്തിലൂടെയാണല്ലോ.

അഭിനയമേഖലയിലെ മറക്കാത്ത നിമിഷങ്ങള്‍?

രജനീകാന്ത് സാറിനൊപ്പം കുചേലനിൽ അഭിനയിച്ച ദിവസങ്ങളാണ് ഒരിക്കലും മറക്കാത്തത്. കഥ പറയുമ്പോളിന്റെ തമിഴില്‍ മക്കളുടെ സ്ഥാനത്തു നിങ്ങള്‍ മൂന്നുപേർ തന്നെയാണെന്നും മമ്മൂക്ക അവതരിപ്പിച്ച റോൾ ചെയ്യുന്നത് രജനിസാർ ആണെന്നും ശ്രീനിയങ്കിൾ വിളിച്ചു പറഞ്ഞപ്പോള്‍ ശരിക്കും പറഞ്ഞാൽ ഞെട്ടലിലായിരുന്നു. രാമോജി ഫിലിം സിറ്റിയിൽ ഇറങ്ങിയപ്പോൾ മുതൽ രജനിസാറിനെ കാണുന്നതുവരെ സ്ക്രീനിൽ കാണുന്ന സ്റ്റൈലും ഗെറ്റപ്പുമൊക്കെയായിരുന്നു മനസിൽ. പക്ഷേ നേരിട്ടു കണ്ടപ്പോഴോ അദ്ദേഹം ഒരു സാധാരണ ഖദർഷട്ടും മുണ്ടുമൊക്കെ ഇട്ടാണ് ഇരിക്കുന്നത്. ഞങ്ങളെ കണ്ടതും എഴുന്നേറ്റ് വേഗം ഷേക്ഹാൻഡ് ഒക്കെ തന്നു, അത്ഭുതം തോന്നി. അത്രയും വലിയൊരു മനുഷ്യന് ഇത്ര സിമ്പിൾ ആകാൻ കഴിയുന്നതെങ്ങനെ എന്ന് അതിശയിച്ചു. പിന്നീട് ചിത്രത്തിലെ ഒരു ഗാനരംഗത്തിനു വേണ്ടി ആലപ്പുഴയിൽ എത്തിയപ്പോൾ അദ്ദേഹം ഞങ്ങളെ മൂന്നുപേരെയും വിളിപ്പിച്ചു, അന്ന് ഉച്ചയ്ക്ക് അദ്ദേഹത്തോടൊപ്പം ഇരുന്നാണു ഭക്ഷണം കഴിച്ചത്. അതൊന്നും മറക്കാനാവില്ല.

ഇനി ആർക്കൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം?

കഥ പറയുമ്പോഴിൽ മമ്മൂക്ക ഉണ്ടായിരുന്നല്ലോ. അന്നുമുതൽ ലാലേട്ടനൊപ്പം അഭിനയിക്കണമെന്ന് നല്ല ആഗ്രഹമായിരുന്നു. അതും ഒ‌ടുവിൽ സാധിച്ചു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന പുതിയ ചിത്രത്തിലാണത്.

ഇഷ്ട വസ്ത്രം?

എല്ലാവരും പറയാറുണ്ട് എനിക്കു നാടൻ വസ്ത്രങ്ങളാണ് കൂടുതൽ ചേരുന്നതെന്ന്. കുർത്തകളോടാണ് കൂടുതലിഷ്ടം. പിന്നെ ജീൻസും കംഫർട്ടബിളാണ്.

ട്രെൻ‍ഡുകൾ പിന്തുടരാറുണ്ടോ?

അത്ര ട്രെൻഡിയല്ല ഞാന്‍. എന്നാലും അത്യാവശ്യം ട്രെൻഡുകളെക്കുറിച്ചൊക്കെ അറിഞ്ഞു വെക്കാറുണ്ട്.‌

ഇഷ്ടനിറം ?

നോ ഡൗട്ട് ചുവപ്പു തന്നെ

സമൂഹമാധ്യമത്തിൽ സജീവമാണോ?

സമൂഹമാധ്യമത്തില്‍ ഉണ്ടെങ്കിലും അത്ര സജീവമായി ഇടപെടാറില്ല.

പഠനം ?

ചെന്നൈയിൽ മദ്രാസ് ക്രിസ്റ്റ്യൻ കോളെജില്‍ ഒന്നാം വർഷം ജേർണലിസം വിദ്യാർഥിനിയാണു ഞാൻ. പഠിത്തം ഇവിടെയായതുകൊണ്ട് കേരളത്തെ മിസ് ചെയ്യുന്നുണ്ട്.

കുടുംബം?

കോട്ടയത്തെ പൊൻകുന്നമാണ് എന്റെ സ്വദേശം. വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും.

രേവതിയുടെ കൂ‌ടുതൽ ചിത്രങ്ങൾ കാണാം