റിമിക്കു പറ്റിയ വലിയ അബദ്ധം വെളിപ്പെടുത്തി ജലജ‌‌

രഞ്ജിനിയും ജലജയും റിമിയും

മലയാളത്തിന്റെ നായികാ വസന്തങ്ങളും റിമിയും ഒന്നിച്ചപ്പോൾ ആ താരവേദി ഒരു ഉത്സവമാവുകയായിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ടാണ് എൺപതുകളുടെ ഹരമായിരുന്ന രഞ്ജിനിയും ജലജയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിലേക്കെത്തിയത്. സിനിമാലോകത്തിനു നീണ്ടഇടവേള നൽകി പോയ ഇരുവരുടെയും തിരിച്ചുവരവ് ഒരർഥത്തിൽ ആരാധകർ കാത്തിരിക്കുക തന്നെയായിരുന്നു. നിത്യഹരിത നായികമാർക്കൊപ്പം റിമിയും ചേർന്നപ്പോൾ അതൊരു ചിരിപ്പൂരത്തിന്റെ വേദിയായി മാറി.

തുളസിക്കതിര്‍ പോലെ നൈർമല്യമുള്ള ജലജയും കുസൃതിയുടെ നിറകുടമായ രഞ്ജിനിയും പഴയ സിനിമാ ഓർമകളിലേക്കു പോയപ്പോൾ റിമിക്കും അതൊരു പുത്തൻ അനുഭവമായിരുന്നു. കാട്ടുകുറിഞഞിപ്പൂവും തേടി എന്ന ഗാനത്തിനൊപ്പം ജലജയും ദൂരെ കിഴക്കുദിക്കിൻ എന്ന ഗാനത്തിനൊപ്പം ര‍ഞ്ജിനിയും സിനിമയിലെപ്പോലെ ഒരിക്കൽക്കൂടി അഭിനയിച്ചു. വേണു നാഗവള്ളിക്കും ന‌ടി ശോഭയ്ക്കുമൊപ്പെ ഒപ്പമുള്ള നിമിഷങ്ങൾ ജലജ പങ്കുവച്ചപ്പോൾ തമിഴ് നടൻ കാർത്തിക്കിനും ജയറാമിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങൾ രഞ്ജിനിയും പങ്കുവച്ചു.

വേദിയെ പൊട്ടിച്ചിരിയിലാഴ്ത്തിയത് റിമിക്കു പറ്റിയ ഒരമളിയായിരുന്നു. വർഷങ്ങൾക്കു മുമ്പ് ജലജയുടെ വീടു സന്ദർശിച്ചപ്പോഴാണ് റിമിക്ക് ആ അബദ്ധം സംഭവിച്ചത്. ജലജയുടെ വീട്ടിൽ രണ്ടു കുട്ടികളെ കണ്ട റിമി പറഞ്ഞു ഒരാൾ ജലജ ചേച്ചിയെപ്പോലെയും ഒരാൾ പ്രകാശ് ചേട്ടനെ(ജലജയുടെ ഭർത്താവ്)പ്പോലെയും ഇരിക്കുന്നുവെന്ന്. എന്നാൽ പിന്നീടു ജലജ തനിക്ക് ഒരു മകൾ മാത്രമേയുള്ളുവെന്നു പറഞ്ഞപ്പോഴാണ് റിമിക്ക് തനിക്കു സംഭവിച്ച അമളി മനസിലായത്. ജലജയുടെ സുഹൃത്തിന്റെ കുട്ടിയായിരുന്നു അത്. റിമി സംഗതി അറിയാതെ കുശലാന്വേഷണം കണക്കെ ചോദിച്ചതാണെങ്കിലും അതു പിന്നീടു വലിയൊരു ചിരിയിലേക്കു വഴിവച്ചു.