കറുക്കാന്‍ ക്രീമുണ്ടോ, ഞാൻ അഭിനയിക്കാം; കൽക്കി

കൽക്കി കോച്ച്ലിൻ

ബോളിവുഡിലെ ബോൾഡ് താരമാണു കൽക്കി കോച്ച്ലിൻ എന്നു പറഞ്ഞാൽ ഒരു സംശയവുമില്ല. അഭിനയിച്ച ചിത്രങ്ങളിലൂടെ മാത്രമല്ല ജീവിതത്തിലും കൃത്യമായ നിലപാടുകളെടുത്തിട്ടുള്ള വ്യക്തിയാണ് കൽക്കി. ബോളിവു‍ഡിന്റെ സ്ഥിരം നായികാ സങ്കൽപ്പങ്ങളെപ്പോലെയല്ല കൽക്കി, ഇത്തിരി വ്യത്യസ്തയാണ്. ബോളിവു‍‍ഡ് സുന്ദരിമാര്‍ ഫെയര്‍നസ് ക്രീമുകളുടെ പരസ്യങ്ങളിൽ ഓടിനടന്ന് അഭിനയിക്കുമ്പോൾ കൽക്കി അവയോടൊക്കെ നോ പറയും. മറ്റൊന്നുമല്ല കറുപ്പിനും സൗന്ദര്യമുണ്ടെന്നു നാം മനസിലാക്കണം, തന്റെ നിറം കുറയ്ക്കുന്ന ഏതെങ്കിലും ഉല്‍പ്പന്നമുണ്ടെങ്കില്‍ അവയുടെ പരസ്യത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും കൽക്കി പറയുന്നു.

കൽക്കി കോച്ച്ലിൻ

വെളുക്കുന്നു എന്നതിൽ താനൊരു തെറ്റും കാണുന്നില്ല, പക്ഷേ സൗന്ദര്യത്തിന്റെ അടിസ്ഥാനം വെളുപ്പാണ് എന്ന രീതിയോടാണു തനിക്കെതിർപ്പ്. ഇരുണ്ട നിറവും ആഘോഷിക്കപ്പെടേണ്ടതാണ്. ഇനി ഫെമിനിസ്റ്റ് എന്നു തനിക്കു പട്ടം ചാർത്തി തന്നവരോടും കൽക്കിയ്ക്കു ചിലതു പറയാനുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്ക് ഇത്രത്തോളം രാഷ്ട്രീയവൽക്കരിക്കപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ല. ഇന്ന് ഒരു സ്ത്രീ ഫെമിനിസ്റ്റ് ആണെന്നു പറഞ്ഞാൽ അവൾ പുരുഷ വിരോധിയാണെന്നണു സമൂഹത്തിന്റെ ധാരണ. നാം ജീവിക്കുന്നത് പുരുഷ മേധാവിത്വമുള്ള സമൂഹത്തിലാണ് അതുകൊണ്ട് സ്ത്രീകൾക്കു കൂടുതൽ ശ്രദ്ധ കിട്ടിയേ പറ്റൂ. അതിനു വേണ്ടിയാണ് നാം സ്ത്രീകൾക്കു വേണ്ടി വാദിക്കുന്നത്. മറിച്ച് ഇതൊരു സ്ത്രീമേധാവിത്വ സമൂഹമായിരുന്നെങ്കില്‍ നമ്മള്‍ പുരുഷന്മാർക്കു വേണ്ടി വാദിക്കണം, അത്തരം ഒരു സാഹചര്യത്തിൽ ഞാൻ ഒരു മെനിനിസ്റ്റുമായിരുന്നേനെ.

കൽക്കി കോച്ച്ലിൻ

ഇനി പ്രായം മുപ്പതായില്ലേ ആശങ്കപ്പെടുന്നുണ്ടോ എന്ന ചോദ്യക്കാരോടും കൽക്കി നല്ല രസികൻ മറുപടി പറയും. നിങ്ങളുടെ ഇരുപതുകളിൽ ശരീരത്തെക്കുറിച്ചും ഭാരത്തെക്കുറിച്ചും വസ്ത്ര ധാരണത്തെക്കുറിച്ചുമൊക്കെയാകും നിങ്ങൾ ചിന്തിക്കുക പക്ഷേ മുപ്പതുകളിലേക്കെത്തുമ്പോൾ ഹോ എന്റെ ദൈവമേ ഞാൻ പ്രായമായി വരികയാണ് ഞാൻ എല്ലാം എന്‍ജോയ് ചെയ്യാൻ പോവുകയാണ് എന്ന ചിന്തയേ ഉണ്ടാകൂ. ശരിയാണു കൽക്കീ നിങ്ങൾ സ്പെഷലാണ്.....