ജാസ് ഡിസൂസയുടെ നൃത്തം ഹിറ്റ്, പ്രശസ്തി ബോളിവുഡിൽ വരെ!

ജാസ് ‍ഡിസൂസ, ഖുശ്ബു, വിജയ് യേശുദാസ്

ടെലിവിഷൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ട്രാന്‍സ്ജെൻഡറിന് ഒരു ന‍ൃത്ത പരിപാടിയിലൂടെ ലോകം മുഴുവൻ ആരാധകരെ കിട്ടുന്നത്. മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസ് എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെ മലയാളിയായ ജാസ് ഡിസൂസ ചുരുങ്ങിയ എപ്പിസോ‍ഡുകൾ കൊണ്ട‌ുതന്നെ പ്രേക്ഷകപ്രീതി നേടി. ട്രാൻസ്ജെൻഡർ ആയതിന്റെ പേരിൽ നാടുംവീടും ഉപേക്ഷിച്ചു മുംബൈയിലേക്കു കുടിയേറുമ്പോൾ ജാസ് ഒരിക്കലും കരുതിയിരിക്കില്ല തന്നെ ഭൂരിപക്ഷം അംഗീകരിക്കുന്നൊരു കാലമുണ്ടെന്ന്.

അതെ, ഡിത്രി വേദിയിലൂടെ ജാസ് നിറഞ്ഞാടിയപ്പോൾ സാധാരണക്കാര്‍ മാത്രമല്ല ജാസിനു വേണ്ടി കയ്യടിച്ചത്, സിനിമാ-സംഗീത ലോകത്തെ പ്രമുഖരും ജാസിനെ പിന്തുണച്ചു മുന്നോട്ടു വന്നു. തെന്നിന്ത്യൻ താരറാണി ഖുശ്ബുവും ഗായകൻ വിജയ് യേശുദാസ് ബോളിവു‍‍ഡ് നടന്‍ വരുൺ ധവാനുമെല്ലാം ജാസിന്റെ പ്രകടനത്തെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ്.

മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന ഡി ഫോർ ഡാൻസിൽ ഭിന്നലിംഗക്കാരെ ഉൾപ്പെടുത്തിയതിനെ പ്രശംസിക്കുന്നതോടൊപ്പം ജാസിന്റെ നൃത്തം കാണുവാനും ഷെയർചെയ്യുവാനും ആരാധകരോട് ഖുശ്ബു ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഒപ്പം വിജയ് യേശുദാസും വരുൺ ധവാനും ജാസിന്റെ ‍ഡാൻസ് പെർഫോമൻസ് സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചു.