പന്നിക്കുട്ടിയെ കെട്ടിപ്പിടിച്ച് ഞെട്ടിച്ച് മൈലി

അമേരിക്കൻ പോപ് ഗായിക മൈലി സൈറസിന്റെ മൃഗസ്നേഹം പ്രസിദ്ധമാണ്. തന്റെ വളർത്തുമീനുകളിലൊന്നു ചത്തുപോയപ്പോൾ അതിന്റെ പേരിൽ ഒരു പാട്ടുതന്നെ വരികളെഴുതി പാടി പോസ്റ്റ് ചെയ്ത കക്ഷിയാണ്. അതുമാത്രമല്ല കഴിഞ്ഞ വർഷം തന്റെ വളർത്തുനായ്ക്കളിലൊന്നിനെ ചെന്നായ കൊന്നു തിന്നതിന്റെ സങ്കടത്തിൽ കക്ഷി മാസഭക്ഷണം വെറുത്ത് വെജിറ്റേറിയനുമായി. നിലവിൽ ബീന്‍, മേരി ജെയ്ൻ, ഹാപ്പി, എമു എന്നീ വിളിപ്പേരുകളുള്ള നാലു വ്യത്യസ്തയിനം നായ്ക്കുട്ടികളുമായാണ് ജീവിതം. കൂടാതെ ഒരു പന്നിക്കുട്ടിയെയും വളർത്തുന്നുണ്ട്–പേര് ബബ്ബ സ്യൂ. ആ പന്നിക്കുട്ടിയുമായി പലതവണ ട്വിറ്റിറിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ബബ്ബയുമൊത്തുള്ള മൈലിയുടെ ഏറ്റവും പുതിയ ഫോട്ടോ ആരാധകരെ ഞെട്ടിച്ചുകളഞ്ഞു. പേപ്പർ മാഗസിന്റെ പുതിയ ലക്കത്തിലാണ് മേലാകെ ചെളി പൂശി വസ്ത്രങ്ങളൊന്നുമില്ലാതെ തന്റെ പ്രിയപ്പെട്ട പന്നിക്കുട്ടിയ്ക്കൊപ്പം മൈലി കവർചിത്രമായെത്തിയത്. Use Your Voice എന്നൊരു ക്യാപ്ഷനുമുണ്ട് ഫോട്ടോയ്ക്കൊപ്പം.

ഈ ചൂടൻ ഫോട്ടോ മാത്രമല്ല ഉഗ്രനൊരു ഇന്റർവ്യൂവും പേപ്പർ മാഗസിനിനു നൽകിയിട്ടുണ്ട് മൈലി. മൃഗസ്നേഹത്തിനു വേണ്ടി ശബ്ദമുയർത്തൂ എന്നാണ് കവർ പേജിലൂടെ ൈമലി വ്യക്തമാക്കിയതെന്നു കരുതിയെങ്കിൽ തെറ്റി. തന്റെ സാമൂഹ്യപ്രവർത്തനങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാമാണ് ഈ ഇരുപത്തിരണ്ടുകാരി വിശദമാക്കുന്നത്. അമേരിക്കയിലെ ഭവനരഹിതരായ ചെറുപ്പക്കാർക്കും സ്വവർഗരതിക്കാർക്കുമെല്ലാം വേണ്ടി ശബ്ദമുയർത്തുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ ഹാപ്പി ഹിപ്പി ഫൗണ്ടേഷൻ എന്നൊരു സന്നദ്ധസംഘടന മൈലി രൂപീകരിച്ചിരുന്നു. ഇത്തരക്കാർക്കും ബജറ്റിൽ നല്ലൊരു വിഹിതം വകയിരുത്തണമെന്നാവശ്യപ്പെട്ട് ന്യൂയോർക്ക് ഗവർണർക്ക് കത്തും അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വവർഗരതിയോടുള്ള മൈലിയുടെ നിലപാടിനെപ്പറ്റി ചോദ്യം വന്നത്.

ബബ്ബയുമൊത്തുള്ള മൈലിയുടെ പഴയ ചിത്രങ്ങൾ

ഈ പെൺകുട്ടിക്ക് അതിനുമുണ്ടായിരുന്നു ഉത്തരം: എന്നെ മതിമറന്ന് പ്രണയിക്കാൻ ആരു തയാറായാലും, അത് ആണായാലും പെണ്ണായാലും, എനിക്കൊരു കുഴപ്പവുമില്ല. അത്തരമൊരു ബന്ധം നിയമവിധേയമാണെങ്കിൽ അതായത് വ്യക്തിക്ക് 18 വയസ്സു തികഞ്ഞിട്ടുണ്ടെങ്കിൽ ആ ബന്ധത്തിൽ ഞാൻ ധൈര്യമായി ഏർപ്പെടും. സ്ത്രീകളുമായി അത്തരം ഒട്ടേറെ പ്രണയബന്ധങ്ങളുണ്ടായിട്ടുമുണ്ട്. പക്ഷേ അതൊന്നും ഇതുവരെ പുറംലോകത്തെ അറിയിച്ചിട്ടില്ല. പതിനാലാം വയസിലാണ് തനിക്കാദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയത്. അക്കാര്യം അന്നുതന്നെ അമ്മയോട് പറയുകയും ചെയ്തു...’ഇന്റർവ്യൂവിൽ ൈമലി പറയുന്നു. ഇത്തരത്തിൽ പേപ്പർ മാഗസിനിലെ അഭിമുഖത്തിലെ ചില വിവരങ്ങൾ പുറത്തുവിട്ടപ്പോൾതന്നെ മാഗസിൻ ചറപറ വിറ്റുപോവുകയാണെന്നാണു റിപ്പോർട്ട്.