105ൽ നിന്നും 66ലേക്ക്, വണ്ണം കുറച്ച രഹസ്യം റിമിയോടു വെളിപ്പെടുത്തി നന്ദിനി

പാരീസ് ലക്ഷ്മി,നന്ദിനി, റിമി ടോമി

കുപ്പിവളകിലുകിലുകിലുങ്ങണല്ലോ.... പാട്ടു കേള്‍ക്കുമ്പോൾ തന്നെ ലാലേട്ടനൊപ്പം മനസിൽ തെളിയുന്ന മറ്റൊരു മുഖമുണ്ട്. നിറപുഞ്ചിരിയോടെ പ്രേക്ഷക മനസുകളിൽ കയറിക്കൂടിയ തെന്നിന്ത്യൻ സുന്ദരി നന്ദിനിയാണത്. മിക്ക സൂപ്പർ താരങ്ങൾക്കുമൊപ്പം അഭിനയിച്ച് ആരാധകരുടെ ഇഷ്ടപാത്രമായ നന്ദിനി പെട്ടെന്ന് ഒരു മടങ്ങിപ്പോക്കായിരുന്നു. അഭിനയത്തിന്റെ ലോകത്തു നിന്നും ഒരുനീണ്ട ഇടവേള എടുത്തുപോയ നന്ദിനി ഇപ്പോഴിതാ വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്. ഒന്നും ഒന്നും മൂന്ന് എന്ന പ്രിയപ്പെട്ട പരിപാടിയിലൂടെയാണ് റിമിക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് നന്ദിനി എത്തിയത്.

നന്ദിനി വണ്ണം കുറഞ്ഞതെങ്ങനെയെന്നോർത്താണ് റിമി അദ്ഭുതപ്പെട്ടത്. ഒടുവിൽ താരം തന്നെ അതിനുള്ള മറുപടി നൽകി. യോഗയും മെഡിറ്റേഷനും പിന്നെ വാരിവലിച്ചു ഭക്ഷണം കഴിക്കുന്നതിനു പകരം പഴവർഗങ്ങൾ കഴിച്ചു തുടങ്ങിയതുമാണത്രേ നന്ദിനിയുടെ വണ്ണം കുറഞ്ഞതിനു പിന്നിലെ രഹസ്യം. 105ല്‍ നിന്നും 66 കിലോ കുറച്ചു പഴയ നന്ദിനിയായാണ് താരം ഇപ്പോൾ തിരികെയെത്തിയിരിക്കുന്നത്. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ കലാഭവൻ മണിക്കൊപ്പമുള്ള അവിസ്മരണീയ നിമിഷങ്ങളും നന്ദിനി പങ്കുവച്ചു.

നന്ദിനി മാത്രമല്ല ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ വധുവായി അഭിനയിച്ച മിഷേലിനെ ഓർക്കുന്നില്ലേ? വിദേശിയായിട്ടും അസൽ മലയാളം പറഞ്ഞു മലയാളിക്കുട്ടിയായെത്തിയ പാരീസ് ലക്ഷ്മിയും ഇത്തവണത്തെ ഒന്നും ഒന്നും മൂന്നിൽ മാറ്റുകൂട്ടാനായി എത്തിയിരുന്നു. മലയാളികളേക്കാള്‍ നന്നായി മലയാളം പറഞ്ഞ് ലക്ഷ്മിയും റിമിയ‌െ ഞെട്ടിച്ചു. മികച്ച നർത്തകി കൂടിയായി ലക്ഷ്മി തന്റെ ആദ്യചിത്രമായ ബിഗ്ബിയിലെ ഓ ജനുവരി എന്ന ഗാനത്തിന് ചുവടുകൾ വെക്കുകയും ചെയ്തു.

ഇരുവരെയും ഷാരൂഖ് ഖാന് ഉമ്മ നൽകാൻ അവസരം നൽകിയാണ് റിമി തിരികെവിട്ടത്. അതെങ്ങനെ, അപ്പോൾ യഥാർഥ ഷാരൂഖ് ഖാൻ വേദിയിൽ എത്തിയിരുന്നോ എന്നു ചിന്തിക്കുന്നുണ്ടാവുമല്ലേ? ഇതതല്ല, ഷാരൂഖ് ഖാന്റെ ഉഗ്രനൊരു കട്ട്ഔട്ടിലാണ് താരങ്ങൾ ഉമ്മവച്ചത്, അതൊരു ഉമ്മവെക്കൽ മത്സരവുമായിരുന്നു. റിമിയുടെ തമാശകളും നന്ദിനിയുടെ ക്യൂട്ട് ചിരിയും പാരീസ് ലക്ഷ്മിയുടെ നൃത്തവും കൂടിക്കലർന്നപ്പോൾ ഒന്നുംഒന്നുംമൂന്നിന്റെ വേദി നല്ലൊരു വിരുന്നാണ് പ്രേക്ഷകർക്കു സമ്മാനിച്ചത്.