ന്യുയോർക്ക് ഫാഷൻ വീക്കിൽ ശിരോവസ്ത്രവുമണിഞ്ഞ് 48 മോഡലുകൾ

സിൽക്കിലും ഷിഫോണിലും ഡിസൈൻ ചെയ്ത ട്രൗസറും ടോപ്പും ശിരോവസ്ത്രവുമണിഞ്ഞ് 48 സുന്ദരികൾ അണിനിരന്നപ്പോൾ ന്യുയോർക്ക് ഫാഷൻ വീക്ക് പുതുമയുള്ളൊരു ഫാഷൻ കാഴ്ചയ്ക്കു വേദിയാവുകയായിരുന്നു.  ആദ്യമായാണ് ശിരോവസ്ത്രമണിഞ്ഞ് ഇത്രയധികം പേർ ഒരുമിച്ച് റാംപിൽ എത്തുന്നത്. ഇന്തോനേഷ്യൻ ഡിസൈനർ അനീസ ഹസിബുവാൻ ഡിസൈൻ ചെയ്തതാണു വസ്ത്രങ്ങൾ. Spring Summer ’17 collection D’Jakarta എന്നായിരുന്നു ഫാഷൻ കലക്‌ഷന്റെ പേര്. 

മുസ്‌ലിം ഡിസൈനർ ഡിസൈൻ ചെയ്ത മുസ്‌ലിം വേഷങ്ങൾ എന്നതു തന്നെയായിരുന്നു ഷോയുടെ ഹൈലൈറ്റ്. എന്നാൽ പരമ്പരാഗത മുസ്‌ലിം വേഷങ്ങളായിരുന്നില്ല അവ. പാരമ്പര്യത്തിന്റെയും ആധുനിക ഫാഷന്റെയും സമ്മിശ്രണം. ശിരോവസ്ത്രത്തിന്റെ നിറത്തിനു  പോലുമുണ്ടായിരുന്നു ആധുനികതയുടെ സ്പർശം. 

48 മോഡലുകളാണ് അണിനിരന്നത്. ഇതിൽ 10 എണ്ണം ഈവനിങ് ഗൗണുകളും ബാക്കി 38 എണ്ണം റെഡി ടു വെയർ  വെസ്റ്റേൺ വെയറും. പേസ്റ്റൽ നിറങ്ങളിലായിരുന്നു വസ്ത്രങ്ങളെല്ലാം. ഭംഗി കൂട്ടാൻ മെറ്റാലിക് എംബ്രോയിഡറിയും ലേസും. എല്ലാവർക്കുമുണ്ടായിരുന്നു ശിരോവസ്ത്രം. ഗോൾഡ്, ലൈറ്റ് പിങ്ക്, ഗ്രേ നിറത്തിലായിരുന്നു ശിരോവസ്ത്രം. പരമ്പരാഗത മുസ്‌ലിം വേഷവും വെസ്റ്റേൺ വെയറും തമ്മിലുള്ള സുന്ദരമായ കൂടിച്ചേരൽ എന്നാണ് ഓൺലൈൻ ഫാഷൻ മാഗസിൻ ഈ ഡിസൈനിനെ പ്രശംസിച്ചത്. എല്ലാവരും ശിരോവസ്ത്രമണിഞ്ഞ് റാംപിലെത്തുന്ന കാഴ്ച ന്യുയോർക്ക് ഫാഷൻ വീക്ക് കാണുന്നത് ആദ്യം. ഈ ആശയത്തിനാണ് മുപ്പതുകാരിയായ ഇന്തോനേഷ്യൻ ഡിസൈനർക്ക് ഏറ്റവുമധികം പ്രശംസ ലഭിച്ചതും. ന്യുയോർക്ക് ഫാഷൻ വീക്കിൽ ആദ്യമായാണ് ഇന്തോനേഷ്യൻ ഫാഷൻ ഡിസൈനർ ഡിസൈൻ അവതരിപ്പിക്കുന്നത്. അനീസ് ഇതിനു മുൻപ് ലണ്ടനിലും പാരീസിലും ഫാഷൻ ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇതാദ്യമാണ് അമേരിക്കയി‍ൽ. സെപ്റ്റംബർ 8 – 15 വരെയാണ് ന്യുയോർക്ക് ഫാഷൻ വീക്ക്. 125,000 പേർ നേരിട്ടും 20 ലക്ഷം പേർ ഓൺലൈനിലും ഫാഷൻ ഷോ കണ്ടെന്നാണു കണക്ക്.