എട്ട് കിലോ സ്വർണമണിഞ്ഞ് പ്രീതി സിന്റ

പ്രീതി സിന്റ ഇന്ത്യ ഇന്റർനാഷണൽ ജ്വല്ലറി വീക്ക് റാമ്പിൽ

രജപുത്രരാജ്ഞിയാകുമ്പോൾ അതിന്റേതായ ‘മാറ്റ്’ ഉറപ്പാക്കണമല്ലോ? പക്ഷേ അതിനു വേണ്ടിയുള്ള ശ്രമത്തിൽ കുറച്ചു കഷ്ടപ്പെടേണ്ടി വന്നെന്ന് ബോളിവുഡ് നടി പ്രീതി സിന്റ. മുംബൈയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ ജ്വല്ലറി വീക്കിന്റെ റാംപിൽ എട്ടു കിലോ ഭാരം വരുന്ന സ്വർണാഭരണങ്ങളുമായാണ് പ്രീതി സിന്റ ചുവടുവച്ചത്. രജപുത്ര രാജ്‍ഞിയായിരുന്ന ജോധ ഭായിയെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളുമായിട്ടായിരുന്നു പ്രീതിയുടെ റാംപ്നട. തീർന്നില്ല, ധരിച്ച മൊത്തം വസ്ത്രങ്ങൾക്കുണ്ടായിരുന്നത് 15 കിലോ ഭാരം. പ്രീതി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

പ്രീതി സിന്റ ഇന്ത്യ ഇന്റർനാഷണൽ ജ്വല്ലറി വീക്ക് റാമ്പിൽ

പക്ഷേ ഒരിടവേളയ്ക്കു ശേഷം റാംപിലെത്തിയ ഈ നാൽപതുകാരി സുന്ദരി അക്ഷരാർത്ഥത്തിൽ രാജ്‍ഞിയെപ്പോലെത്തന്നെയായിരുന്നു തിളങ്ങിയത്. ബിർദിഛന്ദ് ഘനശ്യാംദാസ് ജ്വല്ലേഴ്സിന്റെ ആഭരണങ്ങളണിഞ്ഞായിരുന്നു പ്രീതിയുടെ വരവ്. പരമ്പരാഗത ശൈലിയിൽ തീർന്ന ചുവപ്പൻ ലെഹങ്കയായിരുന്നു േവഷം. ഒപ്പം സ്വർണ അരപ്പട്ടയും കമ്മലും മാലയും മോതിരവും വളകളുമൊക്കെയായി ആകെ രാജകീയ ഭാവം. ലഹങ്കയിൽപ്പോലും സ്വർണ അലുക്കുകളായിരുന്നു അലങ്കാരം തീർത്തത്. അതുകൊണ്ടുതന്നെ സ്വർണഭാരം ഏറിയതിലും സംശയിക്കേണ്ടതില്ല. ഇത്രയല്ലേ ആയുള്ളൂ എന്നാശ്വസിക്കാം. 2013ൽ ഇഷ്ക് ഇൻ പാരിസ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനു ശേഷം പ്രീതിയെ മുഖ്യധാരാ വേഷങ്ങളിലൊന്നും ബോളിവുഡ് കണ്ടിട്ടില്ല.

ഇന്ത്യ ഇന്റർനാഷണൽ ജ്വല്ലറി വീക്ക് റാമ്പിൽ അതിഥി റാവു, സോനം കപൂർ, ദിയ മിർസ എന്നിവർ

ജൂം ബറാ ബർ ജൂം എന്ന ചിത്രത്തിനു ശേഷം കാര്യമായ പ്രമോഷനും ബോളിവുഡിൽ നടിയ്ക്ക് ലഭിച്ചിട്ടില്ല. അതിനിടെ ഈ വർഷം തന്നെ പുതിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ സജീവമാകുമെന്നാണ് ജ്വല്ലറി വീക്കിനിടയിൽ മാധ്യമങ്ങളോട് പ്രീതി പറഞ്ഞത്. വിവാഹത്തിനും പ്ലാനുണ്ട്. പക്ഷേ എപ്പോൾ എന്നതു സംബന്ധിച്ച ചോദ്യത്തിന് ‘എല്ലാം സമയമാകുമ്പോൾ അറിയിക്കാം’ എന്നു മാത്രം മറുപടി.

ഇന്ത്യ ഇന്റർനാഷണൽ ജ്വല്ലറി വീക്ക് റാമ്പിൽ നടി ജൂഹി ചൗള

ബോംബെ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച ജ്വല്ലറി വീക്കിൽ ബോളിവുഡ് താരങ്ങളുടെ മേളമാണിപ്പോൾ. ഹൈദ്രാബാദിലെ നിലോഫർ രാജ്ഞിയെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളുമായെത്തിയത് ദിയ മിർസയായിരുന്നു. അദിഥി റാവു ഹൈദരി, ഇലിയാന ഡിക്രൂസ്, സോഹ അലിഖാൻ, റിച്ച ഛദ്ദ, സോനം കപൂർ, ഹൃഷിത ഭട്ട്, ജൂഹി ചൗള തുടങ്ങിയ നടിമാരും റാംപിലെത്തിയിരുന്നു. മിസ് ഇന്ത്യ പാർവതി ഓമനക്കുട്ടനും ഫാഷന്റെ അരങ്ങുണർത്താനെത്തി. പരമ്പരാഗതവും മോഡേണുമായ ആഭരണങ്ങളുടെ ഏറ്റവും പുതിയ കലക്‌ഷനുകൾ അവസരിപ്പിക്കുന്ന ഇന്ത്യ ഇന്റർനാഷനൽ ജ്വല്ലറി വീക്ക് ഫാഷൻ കലണ്ടറിലെ പ്രധാന ഇന്ത്യൻ സംഭവങ്ങളിലൊന്നാണ്.

ഇന്ത്യ ഇന്റർനാഷണൽ ജ്വല്ലറി വീക്ക് റാമ്പിൽ നടി സോഹ അലി ഖാൻ