സ്ത്രീകളെ കാണുമ്പോഴേയ്ക്കും പേടി; ഹാരി രാജകുമാരൻ

ഹാരി രാജകുമാരൻ

ആരെങ്കിലും കണ്ടാലോ എന്ന അമിതഭയം കാരണം തനിക്ക് ഒരു ഗേള്‍ഫ്രണ്ട് പോലുമില്ലെന്നു ഹാരിരാജകുമാരൻ. സ്വകാര്യ ജീവിതത്തിലേക്കുള്ള തുടർച്ചയായ കടന്നു കയറ്റങ്ങൾ മൂലം സ്ത്രീകളെ കാണുമ്പോഴേയ്ക്കും തനിക്കു പേടിയാണെന്നു മുപ്പത്തിയൊന്നുകാരനായ ബ്രിട്ടീഷ് രാജകുമാർ മനസു തുറന്നു. ചുറ്റും തന്റെ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇതാണു സ്വകാര്യതയ്ക്കു ഭംഗം വരുത്തുന്നതെന്നു രാജകുമാരൻ സൺഡേ ടൈംസിനോടു പറഞ്ഞു.

ഇനി ഏതെങ്കിലും ഒരു െപൺകുട്ടിയോടു ഞാൻ സംസാരിച്ചെന്നിരിക്കട്ടെ, ആ വ്യക്തി പൊടുന്നനെ എന്റെ ഭാര്യയായി. ആളുകളെല്ലാം ഉടനെ അവളുടെ വീട്ടിലെതത്തും-ഹാരി പറഞ്ഞു. ഒരു കൂട്ടുകാരിയെ ഞാൻ താമസിയാതെ കണ്ടെത്തും. എന്നാൽ അവളുടെയും തന്റെയും സ്വകാര്യത ലംഘിക്കപ്പെടില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമായിരിക്കുമത്. നിലവിൽ താൻ ജോലിയിലാണു ശ്രദ്ധിക്കുന്നതെന്നും മറ്റു കാര്യങ്ങൾക്കു സമയം കിട്ടാറില്ലെന്നും ജീവകാരുണ്യ പ്രവർത്തന രംഗത്തു സജീവമായ ഹാരി രാജകുമാരൻ വ്യക്തമാക്കി. തന്റെയും കുടുംബത്തിന്റെയും സ്വകാര്യത നഷ്ടപ്പെടുത്തിയതിനു മാധ്യമങ്ങളെ ഹാരി നിശിതമായി വിമർശിച്ചു. പൊതുജീവിതത്തിനും സ്വകാര്യജീവിതത്തിനുമിടയിലുള്ള വിഭജനം പൂർ‍ണമായും ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.