കുട്ടികൾക്കു മുന്നിൽ മുട്ടുകുത്തി രാഹുൽ ഈശ്വർ

ടിവി അവതാരകനായും ആക്റ്റിവിസ്റ്റായും മാധ്യമങ്ങളിൽ നിറ സാന്നിധ്യമായി മാറിയ രാഹുൽ ഈശ്വറിനെ എല്ലാവർക്കുമറിയാം. എന്നാൽ, ക്വിസ് മാസ്റ്റർ എന്ന നിലയിൽ കഴിവു തെളിയിച്ച രാഹുലിനെ ക്വിസ് മത്സരങ്ങളിൽ ഒരു മത്സരാർത്ഥിയായി പങ്കെടുക്കുന്ന രീതിയിൽ ആരും കണ്ടുകാണില്ല. ഈ ആഴ്ച മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ കുട്ടികളോടാണോ കളിയിൽ കൊച്ചു മത്സരാർഥികളോടേറ്റുമുട്ടാൻ രാഹുൽ ഈശ്വറും എത്തി. ഷോയിൽ വന്നതിനെക്കുറിച്ചും കുട്ടികളെ എതിരിട്ടതിനെക്കുറിച്ചും രാഹുൽ സംസാരിക്കുന്നു.

കുട്ടികളോടാണോ കളിയിൽ വരാൻ പ്രചോദനമായത് ?

ഞാൻ കാണുന്ന ഷോകളിൽ ഒന്നാണ് 'കുട്ടികളോടാണോ കളി?'. എനിക്കു വളരെ ഇഷ്ട്ടമാണ് ഈ ഷോ. ഇത്തരത്തിലുള്ള പരിപാടികൾ തീർച്ചയായിട്ടും പ്രൊമോട്ട് ചെയ്യപ്പെടണം. കാരണം ഇന്റലിജൻസ് ബേസ്ഡ് ആയിട്ടുള്ള കാര്യങ്ങൾ ആ തലത്തിൽ പ്രോത്സാഹിപ്പിക്കപ്പെടണം. ക്വിസ് മത്സരങ്ങളും പ്രസംഗവും ഡിബേറ്റ്‌സുമെല്ലാം ഉയർന്ന തലത്തിൽ പ്രൊമോട്ട് ചെയ്യപ്പെടേണ്ടവയാണ്. മാധ്യമങ്ങൾ അതിനായി ശ്രമിക്കുമ്പോഴേ ഇങ്ങനെയുള്ള മത്സരങ്ങൾ ജനങ്ങൾക്കിടയിൽ സാധാരണമാകുകയുള്ളൂ.

'കുട്ടികളോടാണോ കളി?' എന്ന ഷോയെക്കുറിച്ച്?

എടുത്തു പറയേണ്ടതായ രണ്ടു പ്രത്യേകതകളുണ്ട് ഈ ഷോയ്ക്ക്. അതിൽ ഒന്ന്, പാട്ട്, ഡാൻസ് തുടങ്ങിയവയുടെ മൽസരങ്ങൾ വളരെ അത്യാധുനികവും ഗ്ലാമറൈസും ചെയ്തു വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി നമ്മുടെ നാട്ടിൽ ക്വിസ് മത്സരത്തെ ജനകീയമാക്കാൻ ഈ ഷോയ്ക്ക് കഴിഞ്ഞു എന്നതാണ്. അറിവിന് ഒരു ഗ്ലാമർ നൽകുന്ന വേദിയാണെന്നുള്ളതാണ്. ഞാൻ മനസിലാക്കിയ രണ്ടാമത്തെ പ്രത്യേകത. കുറച്ച് നാൾ മുൻപു വരെ, ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ എല്ലാം ബുജികളും; ബോറന്മാരുമാണെന്നുള്ള ഒരു തെറ്റായ ധാരണ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ആ ധാരണകളെയെല്ലാം തകിടം മറിച്ച്, ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവരെല്ലാം വളരെ ആക്റ്റീവ് ആണെന്നുള്ള ശരിയായ ധാരണ ആളുകൾക്കിടയിൽ കൊണ്ട് വരാൻ ഈ ഷോയ്ക്ക് സാധിച്ചിട്ടുണ്ട്.

ഈ ഷോയിൽ ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ച്?

വളരെയധികം ഉന്നത നിലവാരത്തിലുള്ള ചോദ്യങ്ങൾ തന്നെയാണ് ഈ ഷോയിൽ മത്സരാർത്ഥികളോട് ചോദിക്കുന്നത്. അതു വളരെ നല്ല കാര്യമാണ്.

കുട്ടികളുമൊത്തു വേദി പങ്കിട്ട നിമിഷത്തെക്കുറിച്ച്

വളരെ രസമുള്ള നിമിഷങ്ങൾ തന്നെയായിരുന്നു. എല്ലാ കുട്ടികളും വളരെ ലൈവ്‌ലിയാണ് ഒപ്പം വളരെ മിടുക്കരുമാണ്. ഷൂട്ട് തുടങ്ങുന്നതിനു മുൻപ് അവർ ഞങ്ങളുമായി സംസാരിച്ചിരുന്നു. ആ നിമിഷം ഒരുപാടു ചോദ്യങ്ങൾ ചോദിച്ച് അവർ ഞങ്ങളെ ശരിക്കും തളർത്തിക്കളഞ്ഞു. മുൻപ് കേട്ടിട്ടില്ലാത്ത പല കാര്യങ്ങളും അവരിൽ നിന്നു ഞങ്ങൾക്ക് അറിയാൻ സാധിച്ചു. സത്യത്തിൽ അവർക്കുള്ള അറിവ് മനസിലാക്കിയപ്പോൾ ശരിക്കും ഞങ്ങൾ ഞെട്ടി.

വ്യത്യസ്തത തോന്നിയ റൗണ്ടുകൾ?

എല്ലാ റൗണ്ടുകൾക്കും അതിന്റെതായ പ്രത്യേകതകളുണ്ട്. അതിൽ കാഴ്ചവട്ടവും ഭൂതക്കണ്ണാടിയുമാണ് എടുത്ത് പറയേണ്ട രണ്ട് റൗണ്ടുകൾ. കാരണം ഈ രണ്ട് റൗണ്ടുകളും നമ്മുടെ ഓർമ്മ ശക്തി കൂട്ടാനും മൈൻറ് ഷാർപ്പൻ ചെയ്യാനും സഹായിക്കുന്നവയാണ്.

ക്വിസ് പ്രോഗ്രാമുകളോട് പ്രത്യേക താത്പര്യം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ആ മേഖലയിൽ തുടർന്നില്ല?

ആദ്യ കാലങ്ങളിൽ ഞാൻ ക്വിസിലും ഡിബേറ്റിലും ശ്രദ്ധിച്ചിരുന്നു. ഡിബേറ്റ് എന്ന് പറയുന്നത് വേറെയൊരു കലയാണ്. അവിടെ അറിവ് വേണം. അറിവിനോടൊപ്പം തന്നെ വാദഗതികൾക്കാണ് കൂടുതൽ പ്രാധാന്യം. ആ സമയങ്ങളിൽ ക്വിസിനേക്കാൾ കൂടുതൽ പ്രാധാന്യം ഡിബേറ്റിനു നൽകിയത് കൊണ്ട് ക്വിസിൽ അധികം ശ്രദ്ധിക്കാൻ പറ്റിയില്ല.

മത്സരിക്കുമ്പോൾ ഉള്ളിൽ തോന്നിയത്?

ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് ഞാൻ മത്സരാർത്ഥിയായി പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ നല്ല ടെൻഷൻ ഉണ്ടായിരുന്നു. മത്സരങ്ങളിൽ ഓരോരുത്തരും പങ്കെടുക്കാൻ പോകുമ്പോൾ നമ്മൾ പറയും ആത്മവിശ്വാസത്തോടെയിരിക്കണം എന്നൊക്കെ . പക്ഷേ ഒരു മത്സരാർത്ഥിയായി പങ്കെടുക്കുമ്പോഴേ അതിന്റെ ടെൻഷൻ നമുക്ക് മനസിലാകുകയുള്ളൂ. പിന്നെ കുട്ടികൾ കാഴ്ച്ചയിൽ ചെറുതാണെങ്കിലും അറിവിന്റെ കാര്യത്തിൽ അവർ ഒട്ടും മോശക്കാരല്ല. ടെൻഷൻ തോന്നാൻ അതും ഒരു കാരണമായിരുന്നു.

ചോദ്യങ്ങൾ പൂർത്തീകരിക്കുന്നതിനു മുൻപ് എങ്ങനെ ഉത്തരം പറയാൻ സാധിക്കുന്നു?

ഏതൊരു ചോദ്യത്തിനും ഒരു 'കീ വേർഡ്' ഉണ്ടാകും. ആ കീ വേർഡ് ഐഡന്റിഫൈ ചെയ്താൽ നമുക്കു ചോദ്യങ്ങൾ പൂർത്തീകരിക്കുന്നതിനു മുൻപ് ഉത്തരങ്ങൾ പറയാൻ സാധിക്കും. പണ്ടുള്ള ക്വിസ് മത്സരങ്ങളിൽ ഉത്തരം കണ്ടെത്തുക എന്നതായിരുന്നു. എന്നാൽ ഇപ്പോഴുള്ള ക്വിസ് മത്സരങ്ങളിൽ ചോദ്യങ്ങൾ കണ്ടെത്തുക എന്നതാണ്. അതു സാധ്യമാകണം എന്നുണ്ടെങ്കിൽ ചോദ്യങ്ങളിലുള്ള കീ വേർഡ്‌സ് നമ്മൾ മനസിലാക്കണം.

കുട്ടികൾക്കു ചോദ്യങ്ങൾ നേരത്തെ പറഞ്ഞു കൊടുത്തിട്ട് ഉത്തരങ്ങൾ പറയിക്കുന്നു എന്ന വിമർശനങ്ങളെക്കുറിച്ച്?

അത് ഒരു അംഗീകാരം ആയി വേണം എടുക്കാൻ. കാരണം, ഈ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെയും ബുദ്ധികൂർമത ഓരോ ആളുകളെയും അതിശയിപ്പിക്കുന്നു എന്നതിന്റെ വലിയൊരു ഉദാഹരണമാണ് ഇങ്ങനെയുള്ള വിമർശനങ്ങൾ .

കുട്ടികൾക്കു മുൻപിൽ മുട്ട് കുത്തി വണങ്ങിയതിനെക്കുറിച്ച്?

ശരിക്കും അവരുടെ മിടുക്ക് കണ്ടിട്ടാണ് പരിപാടിയുടെ അവസാനം ഞാൻ അവർക്ക് മുന്നിൽ മുട്ട് കുത്തി വണങ്ങിയത്. അത് അവർ അർഹിക്കുന്നത് തന്നെയായിരുന്നു.

രാഹുലുമായി മത്സരിക്കാൻ ആഗ്രഹിച്ച ഇപ്പുവുമായുള്ള ഇടപെടലിനെക്കുറിച്ച്?

വളരെ നന്നായി സംസാരിക്കുന്ന ഒരു കുട്ടിയാണ് ഇപ്പു. എന്നെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു എന്നു ഷൂട്ടിനിടയിൽ പറഞ്ഞിരുന്നു. അറിവിന്റെയും ചുറുചുറുക്കിന്റെയും കാര്യത്തിൽ ഇപ്പു വളരെ മിടുക്കനാണ്. ഇപ്പുവിന്റെ ചില ചോദ്യങ്ങൾ കേട്ട് ഞാൻ സത്യത്തിൽ ഞെട്ടി.

കുട്ടിക്കൂട്ടത്തിൽ ഏറ്റവും ഇഷ്ടം?

എല്ലാവരെയും ഇഷ്ടമാണ്. ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ടം അൻഷുമാനെയും ഭരത്തിനെയും ഇപ്പുവിനെയുമാണ്.

ഒരിക്കൽക്കൂടി വരാനായി മോഹം?

ഇനിയും ഷോയിലേക്ക് എന്നെ ക്ഷണിച്ചാൽ ഞാൻ വരുന്നതായിരിക്കും. കാരണം, ഈ ഷോയിലെ ഓരോ റൗണ്ടുകളും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ ഷൂട്ട് കഴിഞ്ഞപ്പോൾ അവരോടു പറയുകയും ചെയ്തു "ഇനിയും നമുക്ക് കാവിലെ പാട്ടു മത്സരത്തിന് കാണാമെന്ന്".