ബോളിവുഡിൽനിന്ന് മലയാളത്തിലേക്ക്

രാജീവ് പീതാംബരൻ

സ്വപ്നങ്ങൾ ഉറങ്ങുമ്പോൾ കാണുന്നവയല്ല, ഉറങ്ങാൻ അനുവദിക്കാത്തതാണ്. - എ.പി.ജെ. അബ്ദുൾ കലാം.

ഫാഷന്റെ മായാലോകത്ത് പാറിനടക്കുന്ന സ്വപ്നം അവനും കണ്ടിരുന്നു. നാട്ടിൻപുറത്ത് കളിച്ചുനടന്ന പ്രായത്തിലല്ല, ജീവിതത്തോട് ഇനിയെന്ത് എന്ന് സ്വയം ചോദിച്ച സമയം മുതൽ. അന്ന് മുതൽ ഫാഷനെന്ന അത്ഭുതലോകം അവന്റെ ഊണും ഉറക്കവും നഷ്ടപ്പെടുത്തി. പിന്നീടുള്ള ഓരോ ചുവടും അളന്നു കുറിച്ചു തന്നെ മുന്നേറി. തുടർപഠനവും യാത്രകളും എല്ലാം ഫാഷന്റെ വഴിയിലൂടെ മാത്രം. ഒടുവിൽ സന്തോഷ് ശിവന്റെ കൂട്ടാളിയായി ബോളിവുഡിന്റെ സാന്നിധ്യമായി ഷെർലിൻ ചോപ്രയുടെ പേഴ്സണൽ സ്റ്റൈലിസ്റ്റായി കിന്റർ ജോയ് എന്ന ചിത്രത്തിലൂടെ ഇതാ മലയാളത്തിലേക്കും, രാജീവ് പീതാംബരൻ.

ഫാഷൻ എന്നും പാഷൻ

ഫാഷൻ എനിക്ക് എന്നും ഒരു ഹരമാണ്. ഇന്ന് വരെ ആ വഴി മാറി സഞ്ചരിച്ചിട്ടില്ല. നിഫ്റ്റിലെ പഠനത്തിന് ശേഷം വളരെ യാദൃശ്ചികമായിട്ടാണ് ഏകാ ലഖാനിയെ പരിചയപ്പെടുന്നതും അവരുടെ പ്രൊജക്റ്റിലെല്ലാം അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറാകാനുള്ള ഭാഗ്യം കിട്ടുന്നതും. അവരിലൂടെ പല കാര്യങ്ങളും ഞാൻ പഠിച്ചു, അറിഞ്ഞു. സന്തോഷ് ശിവന്റെ സെയ്‌ലോണിലും പിന്നീട് പ്രകാശ്ജാ പ്രൊഡക്ഷൻസിന്റെ ഒരു ബോളിവുഡ് ചിത്രത്തിലും വസ്ത്രാലങ്കാര പണിയിൽ ഒപ്പമുണ്ടായിരുന്നു. മലയാളത്തിൽ ഇത് എന്റെ കന്നിചിത്രമാണ്, അസിസ്റ്റന്റുമല്ല, കോസ്റ്റ്യൂം ഡിസൈനറായി.

രാജീവ് പീതാംബരൻ

ബോളിവുഡ് ഭയങ്കര സംഭവമല്ലേ

ബോളിവുഡ് സിനിമകളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പോസ്റ്റ് പ്രൊഡക്ഷനിലാണ് അവർ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്. ഏകാ ലഖാനിയുടെ കൂടെ ജോലി ചെയ്യാനായത് ശരിക്കും എന്റെ ഭാഗ്യം തന്നെയാണ്. സ്ക്രിപ്റ്റ് വായിച്ച് എല്ലാം സസൂക്ഷ്മം നിരീക്ഷിച്ചാണ് അവർ ഓരോ ഡിസൈനും ചെയ്യുന്നത്. ഒരു ബോളിവുഡ് ചിത്രത്തിൽ നായകനും നായികയ്ക്കും മാത്രമല്ല അതിൽ അഭിനയിക്കുന്ന എല്ലാവർക്കും ബ്രാൻഡഡ് കോസ്റ്റ്യൂമാണ്. മലയാളത്തിൽ എല്ലാം തിരക്കിട്ടല്ലേ ചെയ്യുന്നത്. കിന്റർ ജോയിൽ ഞാൻ ലഖാനിയിൽ നിന്നും പഠിച്ച പാഠങ്ങൾ പകർത്താൻ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും നന്നായി ഉൾക്കൊണ്ടാണ് വസ്ത്രാലങ്കാരം ചെയ്യുന്നത്. എത്രത്തോളം നന്നായിട്ടുണ്ടെന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണല്ലോ.

ഫുൾ ഓഫ് ജോയി

ഒരു നർമ്മ ചിത്രമാണ് കിന്റർ ജോയ്. ഫൺ ആൻഡ് കളർഫുൾ വസ്ത്രലങ്കാരത്തിലും നിറഞ്ഞു നിൽക്കണം. കോസ്റ്റ്യൂം ഡിസൈനർ എന്ന ലേബൽ കിട്ടുന്നതിന്റെ ത്രില്ലിലാണ് ഞാൻ. അത് തന്ന അനീഷേട്ടനുമായി ( അനീഷ് ഉപാസന ) ഒരു വർഷത്തെ പരിചയമേ എനിക്കുള്ളൂ. ഒന്ന് രണ്ട് ഫൊട്ടോ ഷൂട്ടുകൾ ഞങ്ങൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്, അത്ര മാത്രം. എന്നിട്ടും പുതിയ പടത്തിൽ എന്നെ കോസ്റ്റ്യൂം ഡിസൈനർ ആക്കി അനീഷേട്ടന്റെ വിശശ്വസ്തതയ്ക്ക് ഞാൻ എന്റെ ഡിസൈനിലൂടെ പകരം നൽകണ്ടേ. ചിത്രത്തിന്റെ വസ്ത്രാലങ്കാരം എത്രയും നന്നാക്കാമോ അത്രയും നന്നാക്കണം. ചിത്രത്തിലെ ഒരു വസ്ത്രമോ സ്റ്റൈലോ ഒരു കുഞ്ഞ് ആക്സസറിയെങ്കിലും ശ്രദ്ധിക്കപ്പെട്ടാൽ രാജീവ് പീതാംബരൻ എന്ന കോസ്റ്റ്യൂം ഡിസൈനർ വിജയിച്ചു. കർത്താവേ ... മിന്നിച്ചേക്കണേ!!

രാജീവ് പീതാംബരൻ

പരസ്യത്തിലൊരു രഹസ്യം!

സിനിമ കണ്ട് കണ്ടാണ് സംവിധാന മോഹം തലയ്ക്കു പിടിക്കുന്നത്. കാണാവുന്നത്ര പടങ്ങൾ കാണുമായിരുന്നു. ഇപ്പോഴും അതിന് മാറ്റമില്ല കെട്ടോ. സകലമാന ഫിലിം ഫെസ്റ്റുകൾക്കും പോകും. അങ്ങനെ സിനിമയെ കൂടുതൽ ആഴത്തിൽ അറിഞ്ഞു തുടങ്ങി. ആ അറിവ് പ്രണയമായി... അങ്ങനെയാണ് പരസ്യചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറാവുന്നത്. പിന്നെ, ഒരു സിനിമാ സംവിധാനം ചെയ്യണമെന്ന മോഹവും അതിയായുണ്ട്. ഉടനെയല്ല, പക്ഷേ, ഉറപ്പായും ചെയ്യും.

ചെറിയ വലിയ പദ്ധതികൾ

ഒരുപാട് വലിയ സ്വപ്നങ്ങളൊന്നുമില്ല, മലയാളത്തിലേക്ക് കാലെടുത്ത് വച്ചിട്ടേ ഉള്ളൂവെങ്കിലും മനസ് നിറയെ സിനിമകളാണ്. ഒരുപാട് സിനിമകൾ ചെയ്യണം. ഭാവിയിൽ സ്വന്തം ലേബൽ പുറത്തിറക്കണം, ഒരു നല്ല ഡിസൈനർ എന്ന പേര് സമ്പാദിക്കണം. എന്റെ അമ്മയാണ് എന്റെ എല്ലാത്തിനും എന്റെ പ്രചോദനം. ആ അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതും.

രാജീവ് പീതാംബരൻ