പെണ്ണിന്റെ വസ്ത്രമൊന്നു കുറഞ്ഞാൽ പ്രശ്നമുള്ളവർക്ക് ചുട്ട മറുപടിയുമായ് നടി

സലോണി ചോപ്ര, അടിവസ്ത്രം ഉയർത്തിപ്പിടിച്ചു സലോണി-ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രം

സ്ത്രീകളുടെ വസ്ത്രധാരണത്തെ വളരെയധികം പ്രശ്നവൽക്കരിച്ചിരിക്കുന്ന സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. സ്ത്രീകൾ എന്തു വസ്ത്രം ധരിക്കണം എന്നു തീരുമാനിക്കാൻ അവർക്കു പോലും അവകാശമില്ലാത്ത കാലം. ലെഗിൻസും കുറച്ചധികം ഇറുക്കമുള്ള വസ്ത്രങ്ങളുമൊക്കെ തീര്‍ത്തും മോശമെന്ന കാഴ്ച്ചപ്പാടുകൾ ഏറുകയാണ്. ഇതിനെല്ലാമെതിരെ പ്രതികരിച്ചു മുന്നോട്ടു വരുന്നവരും കുറവാണ്. വസ്ത്രധാരണ രീതിയെക്കുറിച്ചു സദാകുറ്റപ്പെടുത്തുന്നവർക്കു ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ സലോണി ചോപ്ര. പുറംവസ്ത്രം ഒരിത്തിരി തെന്നിനീങ്ങി ബ്രായുടെ സ്ട്രാപ്പു കണ്ടാൽ പോലും പ്രശ്നമാക്കുന്നവർക്കാണ് സലോണി ബ്രാ ഉയർത്തിപിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം സമൂഹമാധ്യമത്തിലൂടെ മറുപടി നൽകിയത്.

പുരുഷന്മാർക്കു ഷർട്ട് ഇല്ലാതെയും ബോക്സേഴ്സ് ധരിച്ചും പുറത്തിറങ്ങാവുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ ബ്രാ പോലും പുറത്തു കാണുന്നതു തെറ്റാണ്. സ്ത്രീകളുടെ ബ്രാ സ്ട്രാപ് കണ്ടാൽ പോലും കുറ്റപ്പെടുത്തുന്നവരുണ്ട്. അത്തരത്തിലുള്ള ഒരുപാടു പേരെ താൻ കണ്ടിട്ടുണ്ട്. പക്ഷേ അത്തരക്കാരെ നമുക്കൊരിക്കലും ഒറ്റനോട്ടത്തിൽ കണ്ടെത്താനാവില്ല. ഇൻസ്റ്റഗ്രാമിൽ ബോൾഡായ മാതൃകകളെ ഫോളോ ചെയ്യുകയും ഫോണിൽ പോൺ വിഡിയോകൾ സൂക്ഷിക്കുന്നവരും ആകും അവർ. ഫെമിനിസത്തെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചുമെല്ലാം ആധികാരികമായി അവർ സംസാരിക്കുമെങ്കിലും ബ്രാ സ്ട്രാപ് കണ്ടാൽ നിയന്ത്രണം നഷ്ടപ്പെടുന്നവരിൽ ആദ്യം അവരായിരിക്കും. എന്നെങ്കിലും ഇക്കൂട്ടരെ കണ്ടാൽ ഒന്നുകിൽ അവരെ ഡോക്ടറെ കാണാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ അവരോട് സ്വന്തം കാര്യം നോക്കി നടക്കാൻ പറയുകയോ ചെയ്യണം- സലോണി പറയുന്നു.

ഷോൾഡറുകളെ മറയ്ക്കുന്ന സ്ലീവുകളെപ്പോലെയോ കാലുകളെ മറയ്ക്കുന്ന സ്കർട്ട് പോലെയോ ഒക്കെയാണ് സ്തനങ്ങളെ മറയ്ക്കാൻ ഉപയോഗിക്കുന്ന ബ്രായും. സ്തനം എന്ന പദമാണോ ഈ ലോകത്തെ അസ്വസ്ഥമാക്കുന്നത്? അത്രത്തോളം ബലഹീനരാണോ നമ്മുടെ പുരുഷന്മാർ? സ്ത്രീകളുടെ സ്തനങ്ങൾ വിശുദ്ധമെന്നോ പവിത്രമെന്നോ എന്നൊന്നുമല്ല പറഞ്ഞു വരുന്നത് അതും ശരീരത്തിലെ ഒരു ഭാഗം അത്രയേയുള്ളു. സ്ത്രീകൾ പരസ്യമായി ബ്രാ പിടിച്ചു നിൽക്കുക പോലുമില്ല. പക്ഷേ എനിക്കതിൽ യാതൊരു അഭിമാനക്കുറവും തോന്നുന്നില്ല. എനിക്കൊന്നും ഒളിക്കാനില്ല. ഒളിച്ചു വെക്കപ്പെടേണ്ട ഒന്നല്ല അടിവസ്ത്രങ്ങൾ. അത്തരം സാഹചര്യങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും സലോണികൂട്ടിച്ചേർക്കുന്നു.