വിമർശനങ്ങള്‍ക്കു സാനിയയുടെ കിടിലൻ മറുപടി

വിവാദങ്ങൾക്കു പണ്ടും ചെവികൊടുക്കാത്ത താരമാണ് സാനിയ മിർസ. സാനിയയ്ക്കു ലഭിച്ച രണ്ടു യുഎസ് ഓപ്പൺ ടൈറ്റിലുകളുടെ സമയത്തും വിവാദങ്ങൾ കൂടെപ്പിറപ്പായിരുന്നു. ഖേൽരത്നാ പുരസ്കാരത്തിന് സാനിയയെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് ഒരു കായികതാരം കോടതിയിൽ ഹർജി നൽകിയതിനു പിന്നാലെയാണ് ഇപ്പോൾ യുഎസ് ഓപ്പൺ വുമൺസ് ഡബിൾസ് വിജയം കരസ്ഥമാക്കിയത്. എന്നാൽ കുറച്ചുപേരുടെ വിമർശനങ്ങൾ കേട്ടു മനസു വിഷമിപ്പിക്കാറില്ലെന്നാണു സാനിയ പറയുന്നത്.

താൻ വിവാദങ്ങൾക്ക് വിലകൊടുക്കാറില്ല. പതിവായി പത്രവാർത്തകളും വായിക്കാറില്ല. ടെന്നീസിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാനാണ് ശ്രമിക്കാറ്. അതെനിക്കു സന്തോഷം നൽകുന്നു. അതെങ്ങനെ മികച്ചതാക്കണമെന്ന് എനിക്കറിയാം. കുറച്ചുപേരുടെ വിമർശനങ്ങൾ കേട്ടു മനസു വിഷമിപ്പിക്കാറില്ല. കാരണം ശേഷിക്കുന്ന രാജ്യമൊന്നാകെ എന്നെ ഇഷ്ടപ്പെ‌ടുന്നു എന്നറിയാം. വിമർശനങ്ങൾക്കു ചെവികൊടുക്കുന്നതിനു പകരം കളിയിൽ ശ്രദ്ധിക്കാറാണു പതിവ്. ഭാഗ്യം കൊണ്ടെന്നപോലെ വിജയങ്ങളിലേക്കു തിരിച്ചെത്താനും അതുവഴി എനിക്കായി. വിജയങ്ങൾ തുടരുകയെന്നതാണു ലക്ഷ്യം-സാനിയ പറഞ്ഞു.

കഴിഞ്ഞ വർഷം ബ്രൂണോ സോറെസുമൊത്ത് യുഎസ് ഓപ്പൺ മിക്സഡ് ഡബിൾസ് ടൈറ്റിൽ സ്വന്തമാക്കിയപ്പോളും വിവാദം സാനിയയ്ക്കൊപ്പം ഉണ്ടായിരുന്നു. അന്ന് പുതുതായി രൂപീകരിച്ച തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡറായി സാനിയയെ നിയോഗിച്ചതിനെതിരെയായിരുന്നു വിമർശനം.