ഓൺലൈൻ പൂവാലന് ചുട്ടമറുപടി നൽകി സഞ്ജയ് ദത്തിന്റെ മകൾ

ത്രിഷാല ദത്ത്

പൂവാലശല്യം പൊതുനിരത്തുകൾക്കപ്പുറം ഓൺലൈൻ വീഥിയിലേക്കും വഴിമാറിയിട്ട് അധികമായിട്ടില്ല. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അസഭ്യങ്ങൾ പറയുന്നവരുടെയും ശല്യപ്പെടുത്തുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. സൈബർ നിയമങ്ങളും പോലീസുമൊക്കെയുണ്ടെങ്കിലും ചില ശല്യക്കാർക്ക് പരസ്യമായി മറുപടി കൊടുത്താൽ മാത്രമേ അവസാനമാകൂ. പ്രശസ്ത ബോളിവു‍ഡ് നടൻ സഞ്ജയ് ദത്തിന്റെ മകളും ലൈഫ്സ്റ്റൈൽ, ബ്യൂട്ടി ബ്ലോഗറുമായ ത്രിഷാല ദത്തിനും അടുത്തിടെ സമാനമായ സംഭവമുണ്ടായി. പക്ഷേ കേട്ടപാതി അതിനെ അവഗണിച്ചു വിടാന്‍ ത്രിഷാല തയ്യാറായിരുന്നില്ല, പകരം തന്നെ ശല്യം ചെയ്ത യുവാവിനെ പരസ്യമായി തന്നെ നാണം കെടുത്തി.

പൂവാലനു ത്രിഷാല ദത്ത് നൽകിയ മറുപടിയുടെ സ്ക്രീൻ ഷോട്ട്

സൽമാന് നസീർ എന്നു പേരുള്ള ഇൻസ്റ്റഗ്രാം യൂസറിൽ നിന്നുമാണ് ഇരുപത്തിയാറുകാരിയായ ത്രിഷാലയ്ക്ക് മോശം അനുഭവമുണ്ടായത്. ആദ്യം സഞ്ജയ് ദത്തിന്റെ മകൾ തന്നെയാണോ ത്രിഷാല എന്നായിരുന്നു യുവാവിന്റെ സംശയം, ആണെന്നു പറഞ്ഞപ്പോൾ കാണണമെന്നുണ്ടെന്നും ഡിന്നറിനു പോകാമെന്നും പറഞ്ഞു, മറുപടിയൊന്നും കാണാതിരുന്നതോടെ ത്രിഷാലയെ പച്ചത്തെറിയാണ് യുവാവ് വിളിച്ചത്. സംഭവമെല്ലാം സ്ക്രീൻഷോട്ടായി ട്വിറ്ററിൽ ഉഗ്രൻ പോസ്റ്റു നൽകി നാട്ടിൽ പാട്ടാക്കിയാണ് ത്രിഷാല സൽമാനു മറുപടി നൽകിയത്. ത്രിഷാലയു‌ടെ ധീരമായ നിലപാടിനെ പ്രശംസാപ്രവാഹമാണിപ്പോൾ. സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മയുടെയും മകൾ കൂടിയായ ത്രിഷാല ഡ്രീം ട്രസസ് ഹെയർ എക്സറ്റൻഷന്റെ സ്ഥാപക കൂടിയാണ്.