'മിനിറ്റി'ൽ മിന്നും താരങ്ങളാവാൻ സനുഷയും സനൂപും!

സനൂപ് സന്തോഷ്, നൈല ഉഷ, സനുഷ

കുസൃതി നിറഞ്ഞ ചിരിയും കുട്ടിത്തം തുളുമ്പുന്ന സംസാരവും ഒപ്പം അനായാസ അഭിനയമികവുകൊണ്ടും മലയാളികളെ വിസ്മയിപ്പിച്ച ബാലതാരമായിരുന്നു ബേബി സനുഷ. കാഴ്ചയിലെ അമ്പിളിയും മീശമാധവനിലെ കൊച്ചു രുഗ്മിണിയും മാമ്പഴക്കാലത്തിലെ മാളുവുമെല്ലാം മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്. സ്വന്തം വീട്ടിലെ കുട്ടിയെന്ന സ്നേഹമായിരുന്നു ബേബി സനുഷക്ക് ലഭിച്ചത്. വർഷങ്ങൾക്കു ശേഷം ബേബി സനുഷ നായിക സനുഷയായി തിരിച്ചുവന്നപ്പോൾ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ 'ബേബി' സനുഷയെ മലയാളികൾക്ക് നഷ്ട്ടമായപ്പോൾ ആ കുറവ് നികത്താൻ അതേ കുടുംബത്തിൽ നിന്നും മറ്റൊരു ബാലതാരത്തിനെ നമുക്ക് ലഭിച്ചു; മാസ്റ്റർ സനൂപ്.

സനൂപ് സന്തോഷ്, നൈല ഉഷ, സനുഷ

ചുരുങ്ങിയ കാലംകൊണ്ടാണ് ചേച്ചിയുടെ പാതപിന്തുടർന്ന് അനിയനും മലയാള സിനിമയുടെ പകരം വെക്കാനാവാത്ത ബാലതാരമായി മാറിയത്. 'ഫിലിപ് ആൻഡ് ദി മങ്കി പെൻ' എന്ന ആദ്യ ചിത്രം കൊണ്ടുതന്നെ മാസ്റ്റർ സനൂപ് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടി തന്റെ കഴിവു തെളിയിച്ചു. ആ വർഷം തന്നെ സനുഷയ്ക്കും 'സക്കറിയയുടെ ഗർഭിണികൾ' എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജ്യൂറി പരാമർശവും ലഭിച്ചു. കണ്ണൂരിലെ അന്നപൂർണയെന്ന വീട് സനുഷയുടെയും സനൂപിന്റെയും കളിചിരികൾക്കൊപ്പം സിനിമാവിശേഷങ്ങളും നിറഞ്ഞതാണ്.

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് സനുഷയെയും സനൂപിനെയും ഒന്നിച്ച് ബിഗ് സ്‌ക്രീനിൽ കാണാനായി. ആ കാത്തിരിപ്പിനു പ്രതീക്ഷ നൽകി ഇരുവരും മിനി സ്‌ക്രീനിൽ ഒന്നിച്ചു വരുന്നു. വൈവിധ്യമാർന്ന കളികൾകൊണ്ട് പ്രേക്ഷകരെ ആവേശത്തിമിർപ്പിലാഴ്ത്തിയ മഴവിൽ മനോരമയിലെ 'മിനിറ്റ് ടു വിൻ ഇറ്റ്' എന്ന റിയാലിറ്റി ഷോയിൽ ഈ ആഴ്ചയിലെ സെലിബ്രിറ്റി മത്സരാർത്ഥികളായി സനുഷയും സനൂപുമെത്തുന്നു. മിനിറ്റിൽ കളിയുടെ കാപ്പു കൊട്ടാരം തീർക്കാനും കാഴ്ച്ചക്കാരെ രസിപ്പിക്കാനും സനൂപും സനൂപിന്റെ പൊന്നേച്ചിയും ഈ ഞായറാഴ്ച രാത്രി 9 മണിക്ക് മഴവിൽ മനോരമയിലെത്തുന്നു. കാഴ്ചയുടെയും കളിയുടെയും പുത്തൻ അനുഭവങ്ങൾക്കായ് കാണുക മഴവിൽ മനോരമ!