'ബിച്ച്' എന്നു വിളിക്കുന്നവരോട് ശ്രുതി ഹാസനു പറയാനുള്ളത്

ശ്രുതി ഹാസന്‍

അടിച്ചമർത്തപ്പെടേണ്ടവളാണു സ്ത്രീയെന്ന ചിന്ത നമ്മുടെ സമൂഹത്തിന്റെ അടിവേരുകൾ തൊട്ടുണ്ട്. സ്ത്രീശാക്തീകരണ മുന്നേറ്റങ്ങളെപ്പറ്റി വാചാലമായി സംസാരിക്കുമ്പോഴും, പലപ്പോഴും ഒരു ലൈംഗികോപകരണമോ വീട്ടുജോലിയന്ത്രമോ മാത്രമായാണ് പുരോഗമനപരമെന്നു നടിക്കുന്ന പല സമൂഹങ്ങളും പെണ്ണിനെ കാണുന്നത്. ധൈര്യമായി, തലയെടുപ്പോടെ എവിടെയങ്കിലും അവള്‍ ഇടപെട്ടാല്‍, എന്തിനെയെങ്കിലും ചോദ്യം ചെയ്താല്‍, പുരുഷാധിപത്യ സംവിധാനങ്ങള്‍ക്കെതിരെ പോരാടാന്‍ ഇറങ്ങിത്തിരിച്ചാൽ, അവള്‍ പിഴച്ചവളായി.

പിഴച്ചവള്‍ എന്ന വിളി കേള്‍ക്കാതിരിക്കാൻ സ്വന്തം വ്യക്തിത്വം അടിയറ വച്ചു ജീവിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ സ്ത്രീകള്‍. ഇതിനെതിരെയുള്ള ശക്തമായ സന്ദേശമാണ് നടി ശ്രുതി ഹാസന്‍ തന്റെ പുതിയ വിഡിയോയിലൂടെ നല്‍കുന്നത്. ‘ബി ദ ബിച്ച്’ എന്നാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന്റെ പേര്. 

പലപ്പോഴും ഒരു സ്ത്രീവിരുദ്ധ സംവിധാനത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പൊഴോ സ്വതന്ത്രമായി ചിന്തിക്കുമ്പോഴോ അനീതികള്‍ അംഗീകരിക്കാന്‍ വിമുഖത കാട്ടുമ്പൊഴോ സ്ത്രീയെ ഒതുക്കാന്‍ പുരുഷാധിപത്യസമൂഹം ഉപയോഗിക്കുന്ന വാക്കാണ് ‘ബിച്ച്’.

ശ്രുതി തന്നെ രചനയും ആഖ്യാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിമില്‍, ഓരോ സ്ത്രീയോടും ബിച്ച് എന്ന വാക്ക് രണ്ടും കൈയും നീട്ടി സ്വീകരിക്കാനാണു പറയുന്നത്. ഒരു കാര്യം ധൈര്യത്തോടെ പറഞ്ഞാല്‍ ബിച്ച് എന്ന മുദ്ര കുത്തപ്പെടുമെങ്കില്‍ ആകട്ടെയെന്ന സന്ദേശം പകരുന്നു വിഡിയോ. 

വേറിട്ട കാര്യങ്ങൾ ധൈര്യത്തോടെ ചെയ്യുന്ന സ്ത്രീകളെ ബിച്ച് എന്നു മുദ്ര കുത്തിക്കോളൂ, അവർക്കു പക്ഷേ അതൊന്നും ശ്രദ്ധിക്കാനുള്ള സമയമില്ല, ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട് എന്നാണു ചിത്രം പറയുന്നത്. ശ്രുതി ഹാസന്‍ നല്‍കുന്ന ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ സന്ദേശമാണിത്. അതുകൊണ്ടുതന്നെ എല്ലാ കോണുകളില്‍നിന്നും അകമഴിഞ്ഞ പിന്തുണയും ഇതിനു ലഭിക്കുന്നുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായിക്കഴിഞ്ഞു.

കള്‍ച്ചര്‍ മെഷീന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ബ്ലഷ് ആണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.