വാലന്റൈൻസ് ഡേ ആലിയക്കൊപ്പമെന്ന് പ്രഖ്യാപിച്ച് സിദ്ധാർഥ് മൽഹോത്ര

സിദ്ധാർഥ് മൽഹോത്രയും ആലിയ ഭട്ടും

സ്റ്റുഡന്റ്സ് ഓഫ് ദ് ഇയർ താരങ്ങൾ സിദ്ധാർഥ് മൽഹോത്രയും ക്യൂട്ട് ബ്യൂട്ടി ആലിയ ഭട്ടും പ്രണയത്തിലാണെന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. നൈറ്റ് പാർട്ടികളിലും പുരസ്കാര വേദികളിലുമൊക്കെ ഒന്നിച്ചു പ്രത്യക്ഷപ്പെടാറുള്ള ഇരുവരും പക്ഷേ ഇക്കാര്യത്തിൽ ഇതുവരെയും വ്യക്തമായൊരുത്തരം നൽകിയിട്ടില്ലെന്നതും സത്യമാണ്. വാലന്റൈൻസ് ഡേ അടുത്തുവന്നു, പ്രണയിതാവിനൊപ്പം ഒരു ദിവസം ചിലവഴിക്കാൻ ആർക്കാണിഷ്ടമില്ലാത്തത്. നമ്മുടെ സിദ്ധാർഥിനോടും ചോദിച്ചു ഈ വരുന്ന വാലന്റൈൻസ് ഡേ ആർക്കൊപ്പമായിരിക്കുമെന്ന്. പ്രതീക്ഷിച്ചതുപോലെ തന്നെ താൻ ആലിയ ഭട്ടിനൊപ്പമായിരിക്കുമെന്നു ഉത്തരവും കിട്ടി.

പക്ഷേ സംഗതി ആലിയക്കൊപ്പം ആഘോഷിക്കാനല്ല കേട്ടോ, പുതിയ ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടിയാണ്. കപൂർ ആൻഡ് സൺസ് എന്ന ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി ആലിയയ്ക്കും ഫവാദ് ഖാനുമൊപ്പമായിരിക്കും ഇത്തവണത്തെ വാലന്റൈന്‍സ് ഡേ എന്നാണ് സിദ്ധാർഥ് പറഞ്ഞത്. എന്തായാലും സിദ്ധാർഥിന്റെ ആരാധികമാർക്ക് ചെറിയൊരു പ്രതീക്ഷയുണ്ട് ഇപ്പോഴും ആലിയ തന്റെ പ്രണയിനിയാണെന്നു ഹോട്ട്സ്റ്റാർ ഉറപ്പിച്ചങ്ങോട്ടു പറഞ്ഞിട്ടില്ലല്ലോ.