റാമ്പിൽ ചുവടു വച്ച് ആസിഡ് ആക്രമണത്തിന്റെ ഇരകൾ

ഡിസൈനർ രൂപ

സൗന്ദര്യ സങ്കൽപ്പങ്ങളെ മറികടന്ന് അവർ റാമ്പിൽ ചുവടു വച്ചു, കാഴ്ചക്കാരിൽ ആ കാഴ്ച പക്ഷെ ഭീതി പടർത്തിയില്ല. നിറഞ്ഞ അഭിമാനത്തോടെയാണ് ഓരോ കാണിയും റാമ്പിലെ താളത്തിനു അനുസൃതമായി കൈ അടിച്ചത്. ആഗ്രയിലെ ജനങ്ങൾക്ക്‌ അത് കേവലമൊരു ഫാഷൻ ഷോ മാത്രമായിരുന്നില്ല , ക്രൂരമായ ലോകത്തിനു മുൻപിൽ ഒരു കൂട്ടം പെണ്‍കുട്ടികൾ നടത്തിയ പോരാട്ടമായിരുന്നു. 'സ്റ്റിചിങ്ങ് ഡ്രീംസ്' എന്ന പേരിൽ ഡിസൈനർ രൂപ വേദിയിൽ എത്തിച്ച വസ്ത്രങ്ങൾക്കും അത് ധരിച്ച മോഡലുകൾക്കും പ്രത്യേകതകൾ ഏറെ.

രൂപയുൾപ്പടെ റാമ്പിൽ ചുവടു വച്ച എല്ലാവരും ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന ഇരകളായിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ ഇവർ ഷിറോസ് ഹാങ്ങൌട്ട് എന്ന കഫെ നടത്തി പ്രശസ്തരായിരുന്നു. ജീവിതത്തോടു പോരാടുവാൻ കാണിച്ച ആത്മവീര്യത്തിന്റെ തുടർച്ചയായിരുന്നു ആഗ്ര ഫോർ പോയിന്റ്സ് ഹോട്ടലിൽ നടന്ന ഫാഷൻ ഷോ.

അപരിചിതന്റെ ആസിഡ് ആക്രമണത്തിനു ഇരയായി സ്വന്തം മുഖം നഷ്ടപ്പെട്ട രൂപ പക്ഷെ, അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ ആകണം എന്ന ആഗ്രഹം ഉപേക്ഷിച്ചില്ല. വൈരൂപ്യം സമ്മാനിച്ച വേദനകള മറന്നു ജീവിതത്തോടു രൂപ കാണിച്ച അർപ്പണ മനോഭാവത്തിന്റെ ഫലമാണ് 'സ്റ്റിചിങ്ങ് ഡ്രീംസ്' എന്ന ഈ ഫാഷൻ ഷോ. പേര് സൂചിപ്പിക്കുന്നത് പോലെ തുണികളിൽ രൂപ തയ്ച്ചിടുന്നത് തന്നെപ്പോലെ സമാന അവസ്ഥയിലുള്ളവരുടെ സ്വപ്നങ്ങളാണ്.

സ്വന്തമായി ഒരു ഡിസൈനർ സ്റ്റോറും ബുട്ടിക്കും നടത്തി വരുന്ന രൂപ , താൻ രൂപം നൽകിയ 20 ൽ പരം വസ്ത്രങ്ങൾ സ്റ്റിചിങ്ങ് ഡ്രീംസിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു. ആസിഡ് ആക്രമണത്തിന്റെ ഇരകളായ ഡോളി , ഗീത, നീതു, സോണിയ, ഫറ, അൻഷു തുടങ്ങി എന്നിവരാണ് രൂപയ്ക്കൊപ്പം റാമ്പിൽ എത്തിയത് മിസ്സിസ് ഇന്ത്യ വേൾഡ് വൈഡ് റണ്ണർ അപ്പ്‌ ഹെന്നയായിരുന്നു ഷോ സ്റ്റോപ്പർ ആയി വേദിയിലെത്തിയത്.

സമൂഹമധ്യത്തിൽ ഇങ്ങനെ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ തനിക്കാവില്ല എന്നും ഇത്തരം മുന്നേറ്റത്തിലൂടെ സ്ത്രീ ശാക്തീകരണമാണ് തങ്ങൾ ലക്ഷ്യമിടുന്നത് എന്നും രൂപ പറഞ്ഞു. മനക്കരുത്തിൽ തുന്നിച്ചേർത്ത ഇവരുടെ സ്വപ്‌നങ്ങൾ എന്നും നിറമുള്ള സ്വപ്നങ്ങളാകട്ടെ എന്ന് ആശംസിക്കാം