ചായവിൽപ്പനക്കാരന്റെ ജീവിതം മാറ്റിമറിച്ച ക്ലിക്ക്

അര്‍ഷദിന്റെ വൈറലായ ചിത്രം, അർഷദ് മോഡലിങ് ഏജൻസിക്കു വേണ്ടി പോസ് ചെയ്തപ്പോൾ

ഒരൊറ്റ ചോദ്യം മതി ഇനി ജീവിതം മാറിമറിയാൻ എന്നു സുരേഷ് ഗോപി റിയാലിറ്റി ഷോയിൽ പറഞ്ഞതിനെ ഓർമ്മിപ്പിക്കുമാറ്, ഒരൊറ്റ ചിത്രം കൊണ്ട് ഒരു യുവാവിന്റെ ജീവിതം മാറിമറിഞ്ഞിരിക്കുകയാണ്. ഇസ്‌ലാമാബാദിലെ ഞായറാഴ്ച ചന്തയിൽ ചായ വിറ്റുകൊണ്ടിരുന്ന ആ നീലക്കണ്ണുകളുടെ ഉടമയായ അർഷദ് എന്ന യുവാവ് ഇനി മോഡലിങ്ങിന്റെ ഗ്ലാമർ ലോകത്തെക്കു കുതിക്കുകയാണ്. എല്ലാത്തിനും കാരണമായതു സ്ഥലത്തെ പ്രാദേശിക ഫൊട്ടോഗ്രാഫറായ ജിയാ അലിയുടെ ഒരൊറ്റ ക്ലിക്കും.

അർഷദ് ഫൊ‌ട്ടോഗ്രാഫർ ജിയാ അലിക്കൊപ്പം

പതിവുപോലെ ക്യാമറയുമെടുത്ത് ഇസ്ലാമാബാദിലെ ഞായറാഴ്ച്ച ചന്തയിലൂടെ നടക്കുകയായിരുന്നു ജിയാ അലി. മാര്‍ക്കറ്റിന്റെ ഒരു മൂലയിലേക്ക് ജിയയുടെ കണ്ണുടക്കി, നീലക്കണ്ണുകളുള്ള ഒരു സുന്ദരന്‍ പയ്യന്‍ ചായ അടിക്കുന്നു. ആ നീലക്കണ്ണുകൾക്ക് അസാധാരണമായൊരു കാന്തിക ശക്തിയുണ്ടെന്നു തോന്നിച്ച ജിയ മറിച്ചൊന്നും ചിന്തിക്കാതെ അപ്പോൾ തന്നെ തന്റെ ക്യാമറ ക്ലിക് ചെയ്തു. തുടർന്ന് അതു തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതേ ജിയയ്ക്ക് ഓർമയുള്ളു, പിന്നെയിങ്ങോട്ട് യുവാവിനെക്കുറിച്ച് അന്വേഷണ പെരുമഴയായിരുന്നു. ആ നീലക്കണ്ണുകൾ സമൂഹമാധ്യമത്തിലൂടെ ലോകമെമ്പാടും പാറിപ്പറന്നു.

പക്ഷേ അപ്പോഴും അർഷദ് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ട്വിറ്ററിൽ ആ സമയത്ത് ടോപ് ട്രെൻഡിങ് ലിസ്റ്റിലായിരുന്നു അർഷദിന്റെ ചിത്രം. ആളുകളുടെ അഭ്യര്‍ഥനയെത്തുടർന്ന് ജിയ അർഷദിന്റെ കൂടുതൽ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവച്ചു. 11,100 ത്തിലധികം ലൈക്കുകളും ആയിരത്തിലധികം കമന്റുകളും ഫോട്ടോയ്ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിച്ചു. നീല കണ്ണുകളും തുളച്ചുകയറുന്ന നോട്ടവും പതിനായിരക്കണക്കിന് പേരുടെ ഹൃദയം ഭേദിച്ചു.

ഇമ്മാതിരി പ്രതികരണം ഫോട്ടോയ്ക്ക് കണ്ട് ജിയ അവനെ തിരഞ്ഞ് മാര്‍ക്കറ്റില്‍ വീണ്ടുമെത്തി. പേര് അര്‍ഷാദ് ഖാന്‍, വയസ് 18. ചായ അടിക്കുന്നതിന് മുമ്പ് പഴങ്ങള്‍ വില്‍ക്കുന്നതായിരുന്നു ജോലി.  അതിനു ശേഷം ജിയ അവളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഒരു ഫേസ്ബുക് പോസ്റ്റിട്ടു. അവനു മോഡലിംഗ് അവസരം ആരെങ്കിലും നല്‍കിയാന്‍ സ്വീകരിക്കാന്‍ ഇഷ്ടമാണെന്നും അഭിനയത്തിലും താല്‍പ്പര്യമുണ്ടെന്നുമായിരുന്നു പോസ്റ്റ്. 

പിന്നീടു സംഭവിച്ചതെല്ലാം ഒരു സിനിമാക്കഥയെ അനുസ്മരിപ്പിക്കുമാറുള്ള സംഭവങ്ങളായിരുന്നു. അര്‍ഷദിൽ ഒരു മോഡലിനെക്കണ്ട പാകിസ്ഥാനിലെ പ്രമുഖ ഫാഷൻ ബ്രാൻഡായ ഫിറ്റിൻ.പികെ അർഷദിനെ സമീപിക്കുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. സാമ്പത്തിക പരാധീനതകൾ മൂലം വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത അർഷദ് ഇപ്പോൾ കൈവന്നിരിക്കുന്ന ഭാഗ്യത്തെ സ്വപ്നം പോലെയാണു കാണുന്നത്. പതിനേഴു സഹോദരങ്ങളുള്ള അർഷദ് തനിക്ക് ഇന്നു ലഭിച്ച നേ‌‌‌ട്ടത്തില്‍ അളവറ്റു സന്തുഷ്ടനാണ് സിനിമകളില്‍ അവസരം ലഭിച്ചാൽ അഭിനയിക്കാൻ തയ്യാറാണെന്നും അർഷദ് പറയുന്നു. പാക്ക് താരങ്ങൾക്കുള്ള വിലക്കുകാലം കഴിഞ്ഞാൽ ഇയാൾ ബോളിവുഡ് കീഴടക്കിയേക്കില്ലെന്ന് ആരുകണ്ടു.