സച്ചിനെ പിന്നിലാക്കി വിരാട് കോഹ്‌ലി!

സച്ചിനേക്കാൾ ആരാധകർ കോഹ്‌ലിക്കോ? ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ കടത്തിവെട്ടി വിരാട് കോഹ്‌ലി മുന്നേറുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ട്വിറ്ററിലെ പിന്തുടർച്ചക്കാരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ജയത്തിനുശേഷമാണ് കോഹ്ലിയുടെ ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷം കവിഞ്ഞുഞ്ഞത്. സച്ചിന് 77 ലക്ഷം ഫോളോവേഴ്സാണ്. ധോണിക്കാവട്ടെ 45 ലക്ഷം മാത്രം!

തന്റെ ആരാധകർക്ക് നന്ദി പറഞ്ഞുള്ള ട്വീറ്റിലൂടെ കോഹ്‌ലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 80 ലക്ഷം ഫോളോവേഴ്സ്. സന്തോഷത്തിന് അതിരില്ല. അളക്കാനാവാത്ത ഈ സ്നേഹം സമ്മാനിച്ച എല്ലാവർക്കും നന്ദി എന്നായിരുന്നു കോഹ്‍ലിയുടെ ട്വീറ്റ്.

നായകനാകാൻ ജനിച്ചയാളാണു വിരാട് കോഹ്‌ലിയെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കർ പറഞ്ഞപ്പോൾ ഫുട്ബോൾ ഇതിഹാസം അർജന്റീനയുടെ ഡിയേഗോ മറഡോണയെപ്പോലെയാണു കോഹ്‌ലിയെന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. മറഡോണയുടെ കടുത്ത ആരാധകനാണു ഗാംഗുലി. ‘മറഡോണ ഫുട്ബോൾ കളിക്കുമ്പോൾ അതിനോടു പുലർത്തുന്ന ആത്മാർഥതയും ഹൃദയം നിറയുന്ന സ്നേഹവും നമുക്കു കണ്ടറിയാം. കോഹ്‌ലി ഫീൽഡിൽ നിൽക്കുമ്പോഴൊക്കെയും നാം കാണുക അതേ ആത്മാർഥതയും അഭിനിവേശവുമാണ്. ഞാനിപ്പോൾ കോഹ്‌ലിയുടെയും വലിയ ആരാധകനാണ്’ – ഗാംഗുലി പറഞ്ഞതിങ്ങനെ.