Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരനകറ്റി മുടി തഴച്ചു വളരാന്‍ ഒറ്റയിലമാത്രം മതി !

Dandruff Representative Image

താരനും മുടികൊഴിച്ചിലും പലരേയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. പലവഴി നോക്കിയിട്ടും പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും വിട്ടൊഴിയാത്ത ഈ പ്രശ്നത്തിനെ പടിക്കു പുറത്താക്കാന്‍ ഒരൊറ്റ ഇല മാത്രം മതിയെന്നു പറ‍ഞ്ഞാല്‍ വിശ്വസിക്കാന്‍ ഒരല്‍പ്പം മടിയുണ്ടാകും. എന്നാല്‍ ഇതു സത്യമാണ്, ആര്യവേപ്പിലയാണ് ആ താരം. 

മൃതസഞ്ജീവനിയാണ് ആര്യവേപ്പ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ആരോഗ്യ ഗുണങ്ങള്‍ പോലെ തന്നെ സൗന്ദര്യ ഗുണങ്ങളും ആര്യവേപ്പിലയ്ക്ക് ഉണ്ടെന്നതാണ് വസ്തുത. താരനെ പ്രതിരോധിക്കുന്നതിനും തലയില്‍ ഉണ്ടാകുന്ന ചൊറിച്ചിലും മറ്റും അകറ്റി മുടി തഴച്ചുവളരുന്നതിനും ഈ ഔഷധയില അത്യുത്തമമാണ്.

ഇനി എങ്ങനെ ആര്യവേപ്പ് ഉപയോഗിക്കാമെന്ന് നോക്കാം.

1. ഒരു പിടി ആര്യവേപ്പിലയെടുത്ത് അതിന്‍റെ സത്ത് ഇറങ്ങുന്നതുവരെ വെള്ളത്തിലിട്ടു തിളപ്പിക്കണം. 

2. തിളപ്പിച്ചതിനുശേഷം ഒരു ദിവസം കാത്തിരിക്കുക. അടുത്ത ദിവസം മാത്രമേ ഈ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. ഒരു കാരണവശാലും തിളപ്പിച്ചതിനുശേഷം ഇലയെടുത്ത് വെള്ളം കളയരുത്. അടുത്ത ദിവസം വരെ കാത്തിരിക്കുക. 

3. പിറ്റേന്ന് ഈ വെള്ളമുപയോഗിച്ചു മുടി നന്നായി കഴുകുക. എന്നാല്‍ മുടി കഴുകുമ്പോള്‍ ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കരുത്. 

4. ഈ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളംകൊണ്ടു മുടി കഴുകിക്കഴിഞ്ഞാല്‍ പിന്നെ പച്ചവെള്ളം ഉപയോഗിച്ച് രണ്ടാമതു കഴുകേണ്ട ആവശ്യമില്ല. 

വെറും രണ്ടു പ്രാവശ്യത്തെ ഉപയോഗം കൊണ്ടുതന്നെ താരന്‍ പൂര്‍ണ്ണമായും മാറും. തലയിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാവുന്നതാണ്, ആഴ്ച്ചയില്‍ രണ്ടു പ്രാവശ്യം വീതം ഒരു മാസം തുടര്‍ച്ചയായി ഇതു ചെയ്താല്‍ നല്ല ഇടതൂര്‍ന്ന മുടി വളരുമെന്നതില്‍ സംശയമില്ല. അപ്പോള്‍ ഇനി മടിച്ചുനില്‍ക്കാതെ ഉടന്‍ തന്നെ ആര്യവേപ്പില മാജിക്കിനായി തയ്യാറായിക്കോളൂ.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam