ദുഃഖ വെള്ളി: സഹനത്തിന്റെ തിരുനാള്‍

കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളില്‍ നിന്നു രക്ഷിക്കുകയായിരുന്നു

അപ്പോള്‍ ഭൂമി കുലുങ്ങി, സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല രണ്ടായി കീറി. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. ''പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നു നിലവിളിച്ചുകൊണ്ട് ഈശോ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗം അങ്ങനെ പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചു യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്കു നല്‍കിയ പുതുജീവിതത്തിന്റെ ഒാര്‍മയാചരണമാണ് ദുഃഖ വെള്ളി. 

ഇംഗ്ലീഷില്‍ ഈ ദിനം 'ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളില്‍ നിന്നു രക്ഷിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും വി. ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം നാം പുര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കണം.

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത വരെ കുരിശും വഹിച്ചുകൊണ്ടുള്ള ഈശോയുടെ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റം വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും അവിടുന്ന് കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. ഒടുവില്‍ അവിടുന്ന് മരിച്ചു. കുരിശില്‍ കിടന്നു കൊണ്ട് ഈശോ അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങള്‍ ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ നാം ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ് അവയോരോന്നും.

. ''പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ...(ലൂക്കാ 23: 34)

. '' സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു. നീ ഇന്ന് എന്റെ കൂടെ പറുദീസയിലായിരിക്കും (ലൂക്കാ 23: 43)

. ''സ്ത്രീയെ, ഇതാ നിന്റെ മകന്‍ (യോഹന്നാന്‍ 19: 27)

. ''എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടാണ് നീ എന്നെ കൈവിട്ടത് (മത്തായി 27: 46)

. ''എനിക്കു ദാഹിക്കുന്നു (യോഹന്നാന്‍ 19: 28)

. ''എല്ലാം പൂര്‍ത്തിയായി (യോഹന്നാന്‍ 19: 30)

. ''പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ലൂക്ക 23:46)

കുരിശിന്റെ രഹസ്യവും മഹത്വവും ദൈവിക പദ്ധതിയില്‍ അതിനുള്ള സ്ഥാനവും വ്യക്തമാക്കുന്ന പ്രാര്‍ഥനകളും കര്‍മങ്ങളുമാണ് ക്രിസ്തീയ ദേവാലയങ്ങളില്‍ ദുഃഖ വെള്ളിയാഴ്ച ദിവസം നടക്കുന്നത്. ദേവാലയങ്ങളില്‍ നടക്കുന്ന തിരുകര്‍മങ്ങളില്‍ പ്രധാനം പീഡാനുഭവ വായനയാണ്. പീലാത്തോസിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മുതല്‍ അവിടുത്തെ മൃതശരീരം അടക്കം ചെയ്യുന്നതു വരെയുള്ള സംഭവങ്ങള്‍ പീഡാനുഭവ വായനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുരിശിന്റെ വഴി, വി. കുരിശിന്റെ അനാച്ഛാദനം, ആരാധന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവയും ചടങ്ങുകളിലുണ്ട്.

ഒന്‍പതാം മണിക്കൂറിലാണ് (ഉച്ചതിരിഞ്ഞ് മൂന്നു മണി) യേശു മരിച്ചതെന്ന് സുവിശേഷങ്ങളില്‍ പറയുന്നുണ്ട്. അതുകൊണ്ടുമിക്ക സഭകളിലും ദേവാലയങ്ങളിലെ തിരുകര്‍മങ്ങള്‍ ഈ സമയത്താണ് നടക്കുന്നത്. ഈശോ അനുഭവിച്ച വേദന അനുസ്മരിച്ചു കൊണ്ട് ഈ ദിവസം കയ്പ്പുനീര് കുടിക്കുന്ന പാരമ്പര്യവും ക്രിസ്ത്യാനികള്‍ക്കിടയിലുണ്ട്.

ആദിമക്രൈസ്തവരുടെ കാലം മുതല്‍ തന്നെ ദുഃഖവെള്ളി ആചരിച്ചു പോന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. സഭാചരിത്രകാരനായ എവുസേബിയൂസ് (260-340) ദുഃഖവെള്ളി ആഘോഷങ്ങളെ പറ്റി എഴുതിയിട്ടുണ്ട് എന്നതിനാല്‍ അദ്ദേഹത്തിന്റെ കാലത്തിനു മുന്‍പു തന്നെ ദുഃഖവെള്ളി ആചരണം നടന്നിരുന്നു എന്ന് അനുമാനിക്കാം.