Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്തുവിന്റെ ഉയിർപ്പ്; കുരിശിന്റെയും

Easter 2017 ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ ലക്ഷ്യം മനുഷ്യ രക്ഷ മാത്രമായിരുന്നു.

അതുവരെ കുരിശ് പാപത്തിന്റെ അടയാളമായിരുന്നു. യഹൂദരുടെ ഇടയിൽ ഏറ്റവും നിന്ദ്യമായ രീതിയിൽ വധശിക്ഷ നടപ്പാക്കിയിരുന്നതു കുരിശിലായിരുന്നു. അത്തരമൊരു കുരിശിലാണ് പീലാത്തോസ് ക്രിസ്തുവിനും മരണശിക്ഷ വിധിച്ചത്. കുരിശു മരണത്തിന്റെ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ക്രിസ്തു, ലോകത്തെ മാത്രമല്ല അതിനൊപ്പം കുരിശിനെയും വിശുദ്ധിയിലേക്ക് ഉയർത്തി. ക്രിസ്ത്യാനികൾക്കു കുരിശ് അങ്ങനെ രക്ഷയുടെ അടയാളം പതിഞ്ഞ വിശുദ്ധ കുരിശായി മാറി. 

ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ ലക്ഷ്യം മനുഷ്യ രക്ഷ മാത്രമായിരുന്നു. ദൈവം മനുഷ്യനെ അത്രമാത്രം സ്‌നേഹിച്ചു. തന്റെ ഏകജാതന്റെ കുരിശു മരണത്തിലൂടെ മനുഷ്യന്റെ രക്ഷ ദൈവം ആഗ്രഹിച്ചു.

ദൈവം സ്വീകരിച്ച മാർഗം കുരിശിന്റെ വഴിയായിരുന്നു. ക്രിസ്തുവിന്റെ സഹനത്തിനു പിന്നിലെ ശക്‌തി സ്‌നേഹമായിരുന്നു. വ്യവസ്‌ഥയില്ലാത്ത ദൈവ സ്‌നേഹം. പീഡാനുഭവ സംഭവങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ക്രിസ്തു കുരിശിൽ കിടന്നു പറഞ്ഞ ഏഴ് തിരുവചനങ്ങളാണ്. ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല, ഇവരോടു ക്ഷമിക്കേണമേ... എന്നതാണ് ഒന്നാമത്തെ വചനം.   ക്രിസ്‌തുവിനെ ക്രൂശിക്കുക എന്ന് അട്ടഹസിക്കുന്നവരോടു ക്ഷമിക്കുന്ന സ്‌നേഹമാണ് ഇവിടെ കാണുന്നത്.

രണ്ടാമത്തെ തിരുവചനം ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഉണ്ടാവും എന്നതാണ്. അനുതപിക്കുന്നവർക്കു സ്വർഗം ദാനം ചെയ്യുന്ന സ്‌നേഹമാണ് വെളിപ്പെടുന്നത്.  

സ്‌ത്രീയേ ഇതാ നിന്റെ മകൻ എന്നും യോഹന്നാനോട് ഇതാ നിന്റെ അമ്മ എന്നു പറയുന്ന വചനത്തിൽ ദൈവത്തിന്റെ കരുതൽ വെളിപ്പെടുന്നു. വേദനയുടെയും മരണത്തിന്റെയും നിമിഷത്തിലും വേണ്ടപ്പെട്ടവരെ കരുതുന്ന ക്രിസ്തുവിന്റെ സ്‌നേഹം കുരിശു മരണം കഴിഞ്ഞും കാണാം.

എന്റെ ദൈവമേ എന്തിന് എന്നെ നീ ഉപേക്ഷിച്ചു.. എന്ന നാലാമത്തെ തിരുവചനത്തിൽ പാപികളെ രക്ഷിപ്പാൻ സ്വന്തം പുത്രനെ സമർപ്പിക്കുന്ന ദൈവസ്‌നേഹം വെളിപ്പെടുന്നു.  എനിക്കു ദാഹിക്കുന്നു എന്നാണ് അഞ്ചാം തിരുവചനം.  ക്രിസ്തു ശാരീരിക ദാഹവും ആത്മാക്കൾക്കു വേണ്ടിയുള്ള രക്ഷാകരമായ ദാഹവും പ്രോജ്വലമായി പ്രകടിപ്പിക്കുകയാണ്.

എല്ലാം പൂർത്തിയായി എന്നതാണ് കുരിശിലെ ആറാമത്തെ തിരുവചനം. മനുഷ്യ രക്ഷ നിവർത്തിച്ച ദൈവസ്‌നേഹം ഈ പൂർത്തീകരണത്തിൽ കാണാൻ കഴിയും.  പിതാവേ അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു എന്നതാണ്  ഏഴാം തിരുവചനം. മരണത്തിൽപ്പോലും കൈവിടാത്ത ദൈവ സ്‌നേഹം ഈ തിരുവചനത്തിലുണ്ട്.