Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുളിപ്പില്ലാത്ത അപ്പം

Easter Appam Recipe | Easter 2017 പെസഹാ അപ്പം പാകംചെയ്യുന്നതിനും വിളമ്പുന്നതിനുമൊക്കെയുണ്ട് പരമ്പരാഗതമായ ചിട്ടവട്ടങ്ങൾ

വിശുദ്ധവാരത്തിലെ പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസത്തിലേക്ക് ക്രൈസ്തവ സമൂഹം കടക്കുന്നു. പെസഹാ രാവിൽ, അരിപ്പൊടിയിൽ ഉഴുന്നും ജീരകവും വെളുത്തുള്ളിയും ചേർത്തു കുഴച്ച അപ്പത്തോടൊട്ടി ഇലക്കുരിശു വേവുന്നതിന്റെ ഗന്ധം ക്രിസ്തീയ വീടുകളുടെ മേൽവിലാസമാകും . വിശ്വാസത്തിനും ആചാരത്തിനുമപ്പുറം നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള രുചിയോർമ പുതുക്കുന്ന ദിവസം കൂടിയാണ് ക്രൈസ്തവർക്കത്. ‘ഇതെന്റെ ശരീരമാകുന്നു’ എന്നു പറഞ്ഞ് ക്രിസ്തു ശിഷ്യന്മാർക്കു പകുത്തു നൽകിയ അപ്പം പെസഹാ ദിനത്തിൽ എല്ലാ നാടിന്റെയും തനിനാടൻ ഭക്ഷണമാകുന്നു. പുളിപ്പില്ലാത്ത അപ്പം എന്ന പാരമ്പര്യ സങ്കൽപ്പത്തെ കുരുത്തോലയും ജീരകവും വെളുത്തുള്ളിയുമൊക്കെ ചേർത്താണു നമ്മൾ നമ്മുടേതാക്കിയത്.

അപ്പം ചിട്ടവട്ടങ്ങളോടെ

∙ പെസഹാ അപ്പം പാകംചെയ്യുന്നതിനും വിളമ്പുന്നതിനുമൊക്കെയുണ്ട് പരമ്പരാഗതമായ ചിട്ടവട്ടങ്ങൾ. വീടും പരിസരവുമൊക്കെയ വൃത്തിയാക്കി, പ്രാർഥനയോടെയാണ് അപ്പത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതുപോലും. അരിപ്പൊടിയാണ് അപ്പത്തിലെ പ്രധാന ചേരുവ‌. കുതിർത്ത ഉ‌ഴുന്ന് വെള്ളം ചേർക്കാതെ അരച്ചെടുത്തത് അരിപ്പൊടിയുടെ മൂന്നിലൊന്ന് എന്ന കണക്കിൽ ചേർക്കാം. ജീരകവും വെളുത്തുള്ളിയും അരച്ചെടുത്ത മിശ്രിതവും ചിരകിയ തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളച്ച വെള്ളമൊഴിച്ചു കുഴച്ചെടുത്താൽ അപ്പത്തിനുള്ള മാവായി. ഇത് വാഴയിലക്കീറിനു നടുവിൽ വട്ടത്തിൽ പരത്തി അരികുകൾ മടക്കി വാഴനാരുകൊണ്ടു കെട്ടി ആവിയിൽ വേവിച്ചെടുക്കണം. ചില സ്ഥലങ്ങളിൽ അപ്പം ചുട്ടെടുക്കാറുമുണ്ട്. അപ്പത്തിനു നടുവിൽ ഓശാന നാളിലെ കുരുത്തോലയുടെ കീറ് കുരിശാകൃതിയിൽ വയ്ക്കും.

അപ്പത്തിനൊപ്പം‌ പാൽ

∙ ക്രൈസ്ത‌വ പാരമ്പര്യ പ്രകാരം പെ‌സഹാ ദിനത്തിൽ അപ്പത്തിനൊപ്പം വീഞ്ഞാണു വിളമ്പുന്നതെങ്കിലും കേരള ക്രൈസ്തവരുടെ വീടുകളിൽ വീഞ്ഞിനു പകരം പാലാണ് ‌ഉ‌ണ്ടാക്കുന്നത്. തേങ്ങാപ്പാലിൽ ശർക്കരയും ജീരകവും ചുക്കും ഏലയ്ക്കയും ചേർത്തു തിളപ്പിച്ചെടുക്കുന്നതാണ് പെസഹാ പാൽ. കൊഴുപ്പു കിട്ടാൻ അൽപം അരിപ്പൊടിയും േചർക്കാറുണ്ട്. പാൽ തിളയ്ക്കുമ്പോൾ അതിലേക്ക് കുരുത്തോല കീറിയിടുന്നു.