പെസഹായുടെ ചരിത്രം

സ്വന്തം ജീവനെ തന്നെയാണ് പെസഹായ്ക്ക് യേശു ബലിയർപ്പിച്ചത്.

സ്നേഹത്തിന്റെ പെസഹാ യേശുക്രിസ്തു സ്ഥാപിച്ചുവെങ്കിലും അതിനും എത്രയോ മുൻപു തന്നെ പെസഹാ ആചരണം യഹൂദന്മാരുടെ ഇടയിൽ ഉണ്ടായിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ എന്നാണ് ഈ ദിവസം അറിയപ്പെട്ടിരുന്നത്. ക്രിസ്തുവിനു ശേഷം എ.ഡി. 70ൽ ജറുസലേം നശിപ്പിക്കപ്പെടുന്നതു വരെ ഈ തിരുനാൾ ആഘോഷപൂർവം യഹൂദർ ആചരിച്ചു പോന്നിരുന്നു. ഇസ്രയേൽ ജനം അവരുടെ ആദ്യഫലങ്ങൾ ദൈവത്തിന് കാഴ്ചയായി അർപ്പിച്ചിരുന്നതായി ബൈബിളിലെ പഴയനിയമത്തിലുള്ള പുറപ്പാട് പുസ്തകത്തിൽ കാണാം. സംഖ്യാപുസ്തകം ഏഴാം അധ്യായത്തിൽ യഹൂദന്മാരുടെ പെസഹാ പെരുനാളിനെപ്പറ്റി വിവരിക്കുന്നുണ്ട്. 

ഇസ്രയേൽ ജനത്തിനെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നു ദൈവം മോചിപ്പിക്കുന്നതിന്റെ സ്മരണയ്ക്കായാണ് പുളിപ്പല്ലാത്ത അപ്പത്തിന്റെ പെരുനാൾ ആഘോഷിച്ചിരുന്നത്. വീടുകളുടെ വാതിലിന്റെ കട്ടിളക്കാലുകളിൽ ആടിന്റെ രക്തം കണ്ട് സംഹാരദൂതൻ കടന്നുപോകുന്നതിനെ അനുസ്മരിച്ചാണ് കടന്നു പോകുക എന്നർഥമുള്ള passover എന്ന് ഇൗ തിരുനാളിനെ വിളിക്കുന്നത്. 

പെസഹാ ദിവസം കുടുംബനാഥന്റെ നേതൃത്വത്തിൽ ബലിയാടിനെ കൊന്ന് അതിന്റെ രക്തം പാപപരിഹാരമായി അർപ്പിക്കും. ഇതിന്റെ മാംസം ചുട്ട് പുളിപ്പില്ലാത്ത അപ്പത്തിന്റെ കൂടെ ഭക്ഷിക്കും. തറയിലിരുന്നാണ് യഹൂദർ പെസഹാ ഭക്ഷിക്കുക. കുടുംബങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായി ഇൗ ആചാരം കണക്കാക്കപ്പെട്ടിരുന്നു. പെസഹാകുഞ്ഞാടിന്റെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും പെരുനാളുകളുടെ ഉത്പത്തിയെകുറിച്ച് പഴയ നിയമത്തിലുള്ളതല്ലാതെ മറ്റു അറിവുകളൊന്നുമില്ല. ഇവ രണ്ടും രണ്ടു തിരുനാളുകളായിരുന്നുവെന്നും കരുതപ്പെടുന്നു. 

ഇൗ പെസഹാ ആചരണമെല്ലാം യേശു തിരുത്തിയെഴുതി. ആടിനെയല്ല, സ്വന്തം ജീവനെ തന്നെയാണ് പെസഹായ്ക്ക് യേശു ബലിയർപ്പിച്ചത്. പെസഹാകുഞ്ഞാടായി അവിടുന്ന് സ്വയം മാറി. അതുവഴി മനുഷ്യൻറെ പാപപരിഹാര ബലി അവിടന്ന് അർപ്പിക്കുകയും ചെയ്തു.