'അന്നാണറിഞ്ഞത്, മെസേജുകളെല്ലാം മറ്റൊരാൾക്കാണ് അയച്ചതെന്ന്', പരസ്പരം കാണാതെ പ്രണയിച്ചവർ

ബാലുവും ക്രിസ്റ്റീനയും

പ്രണയദിനം മുതല്‍ അടുത്ത പ്രണയദിനം വരെപ്പോലും ആയുസില്ലാത്ത പ്രണയങ്ങളാണേറെയും. വാലന്റൈന്‍ ദിനത്തില്‍ സമ്മാനിക്കുന്ന പനിനീര്‍പ്പുഷ്പത്തിന്റെ ഇതളുകള്‍ കൊഴിയും മുമ്പേ കൊഴിയുന്ന പ്രണയങ്ങളുമുണ്ടത്രേ... ഇത്തരം സാഹസങ്ങളെയൊക്കെ പ്രണയമെന്ന് വിളിക്കാമോയെന്നറിയില്ല. എന്നാലും പ്രണയദിനമടുക്കുമ്പോള്‍ സമ്മാനം വാങ്ങലിനും, ആശംസയര്‍പ്പിക്കലിനും  ആഘോഷത്തിമിര്‍പ്പുകള്‍ക്കും യാതൊരു കുറവുമില്ല താനും. പ്രണയം പ്രഹസനമാകുന്ന കാലമായതുകൊണ്ട് കാണാതെ പ്രണയിച്ച അനുഭവം പങ്കുവെക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. പറയുമ്പോള്‍ അവിശ്വസനീയമെന്ന് പലരും പറയാറുണ്ടെങ്കിലും പരമസത്യമാണ് എന്ന സെല്‍ഫ് അറ്റസ്റ്റേഷന്‍ നല്‍കുന്നു...

മൊബൈല്‍ ഫോണ്‍ ഇത്രയും വ്യാപകമാകാത്ത...ഇന്‍കമിങ് കോളുകള്‍ക്ക് പോലും ചാര്‍ജ് ഈടാക്കിയിരുന്ന ഒരു കാലം ചിലപ്പോള്‍ പുതുതലമുറയ്ക്ക് അത്ര പരിചയമുണ്ടാവില്ല. ആ കാലത്താണ് ഈ പ്രണയവും. ജോലി കിട്ടി കര്‍ണ്ണാടകയിലായിരുന്ന കാലം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന പിതാവ് അദ്ദേഹത്തിനു വിളിക്കാന്‍ സൗകര്യത്തിന് ഒരു മൊബൈല്‍ വാങ്ങിത്തന്നു. അന്ന് സൂപ്പര്‍സ്‌റ്റാറായിരുന്ന നോക്കിയ 3310. ഇപ്പോള്‍ മഞ്ഞ, ഓറഞ്ച് , നീല തുടങ്ങിയ നിറങ്ങളില്‍ പുനരവതരിച്ചിരിക്കുന്ന ആ കുഞ്ഞന്‍ ഫോണിന്റെ അപരിഷ്‌കൃതമെന്ന് ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തോന്നാവുന്ന രൂപത്തെ ആള്‍ക്കാര്‍ വിസ്മയത്തോടെ നോക്കിക്കാണുന്ന കാലം. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ 250 ഓളം ജീവനക്കാരില്‍ ഞാനടക്കം 2 പേര്‍ക്ക് മാത്രമായിരുന്നു മൊബൈലുണ്ടായിരുന്നത്. ആ കുഞ്ഞന്‍ ഫോണിന്റെ സാന്നിദ്ധ്യം കട്ട ലോക്കലായിരുന്ന എന്നെ പൊടുന്നനെ ഒരു വിഐപി ആക്കി. 

കേരളത്തില്‍ നിന്നെടുത്ത സിം കര്‍ണാടകയില്‍ പ്രവര്‍ത്തിക്കില്ല. അവിടൊരു സിം എടുക്കലെന്നാല്‍ ഒന്നൊന്നര ചടങ്ങും. ഒരുപാട് പാടുപെട്ട് ഒരു സിം സംഘടിപ്പിച്ചു. വിളിക്കാനോ മെസേജ് അയക്കാനോ വിരലിലെണ്ണാന്‍ പേരു മാത്രം. സഹപാഠികള്‍ക്കിടയില്‍ ആദ്യം ജോലി കിട്ടുന്നതെനിക്കാണ്. ബിഎഡ് റിസല്‍റ്റ് എത്തും മുന്‍പ് തൊഴില്‍ ലഭിച്ച ഞാന്‍ കര്‍ണ്ണാടകയ്ക്ക് വണ്ടി കയറുമ്പോഴും സുഹൃത്തുക്കളില്‍ പലരും പഠനവും തൊഴിലന്വേഷണവുമായി നടക്കുകയാണ്. പറഞ്ഞു വന്നത് അവര്‍ക്കൊന്നും സ്വന്തം മൊബൈലെന്ന ആസ്തിക്കണക്ക് പറയാനില്ലാത്ത സമയമാണ്. ആ സമയത്താണ് എന്റെ സഹപാഠിയായിരുന്നൊരു സുഹൃത്ത് കോഴിക്കോട് എല്‍എല്‍ബിക്ക് പഠിക്കുന്നത്. നാട്ടില്‍ വെച്ചു കണ്ടപ്പോള്‍ത്തന്നെ ഹോസ്റ്റലിലെ സഹമുറിയത്തിയുടെ നമ്പര്‍ തന്ന് വല്ലപ്പോഴും മെസേജ് അയക്കണേയെന്ന് പറഞ്ഞത് ഞാന്‍ തള്ളിക്കളഞ്ഞില്ല. അവധി കഴിഞ്ഞ് കര്‍ണ്ണാടകയില്‍ കാല്‍ കുത്തിയ നാള്‍ മുതല്‍ ദിവസവും ഓരോ ഗുഡ്‌മോണിങും ആരോഗ്യ ശ്രദ്ധയ്ക്കുള്ള നിര്‍ദ്ദേശങ്ങളും ഞാന്‍ മെസേജ് രൂപത്തിലയക്കാന്‍ തുടങ്ങി. 

മെസേജ് ഒക്കെ ഇന്നത്തെപ്പോലെ ഫ്രീയൊന്നുമല്ല. ഫ്രീക്ക് പിള്ളേര്‍ക്കായി അംബാനി മാമനൊക്കെ നല്‍കുന്നതുപോലെ ഒരു ഓഫറുമില്ല. തൊട്ടാല്‍ കാശ് പൊക്കോണ്ടേയിരിക്കും..നോക്കിയാ 3310 എന്നൊക്കെ അന്ന് കളിയാക്കിയിരുന്നു ആ സെറ്റിനെ. മേല്‍പ്പറഞ്ഞ പരിമിതികള്‍ കാരണം അങ്ങോട്ടുമിങ്ങോട്ടുമുള്ള മെസേജുകള്‍ വളരെ കുറവായിരുന്നു. അങ്ങനെ കഴിഞ്ഞു കൂടവേ ഒരു ദിവസം ആളിന്റെ വക ഒരു മെസേജ് ..ഇനി ഈ നമ്പറില്‍ മെസേജ് അയയ്ക്കണ്ടാ. മറ്റൊരു നമ്പര്‍ ചേര്‍ക്കുന്നു. കര്‍ണ്ണാടകയില്‍ മലയാളം നൊസ്‌റ്റാള്‍ജിയ മൂത്ത എനിക്ക് കണ്ണില്‍ക്കാണുന്ന എല്ലാ മലയാള പ്രസിദ്ധീകരണങ്ങളും വാങ്ങിക്കൂട്ടുന്ന ശീലമുണ്ടായിരുന്നു. അങ്ങനെ കിടന്ന ഏതോ ഒരു മാസികയില്‍ കയ്യില്‍ കിട്ടിയ പേനയെടുത്ത് മെസേജില്‍ കണ്ട നമ്പര്‍ പകര്‍ത്തിയെടുത്ത് മെസേജ് ഞാന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. (ഇന്നത്തെപ്പോലെ 8 ,16,32,64,128,256 ജിബിയിലുള്ള ഫോണല്ലല്ലോ അത് ..അതുകൊണ്ട് തന്നെ മെസേജൊക്കെ വായിച്ച് ഡിലീറ്റ് ചെയ്യും..ഇല്ലെങ്കീ മെമ്മറി ഫുള്ളെന്നു പറഞ്ഞ് ഫോണങ്ങ് പണി മുടക്കും) .അങ്ങനെ പിറ്റേ ദിവസം മുതല്‍ പുതിയ നമ്പറിലേക്ക് ഞാന്‍ മെസേജ് അയച്ചു തുടങ്ങി. മറുപടികളൊന്നും കാണുന്നില്ല. ആളിന് ജോലിയായില്ലല്ലോ ..മറ്റൊരാളിന്റെ ഫോണില്‍ നിന്ന് മെസേജ് അയക്കാന്‍ പരിമിതിയുണ്ടല്ലോ..ജോലിക്കാരിയായ ഞാന്‍ എന്റെ കടമ നിറവേറ്റണമല്ലോയെന്നൊക്കെ ചിന്തിച്ച് ഞാന്‍ മെസേജ് മുടക്കാനൊന്നും പോയില്ല..അയച്ചു കൊണ്ടേയിരുന്നു..

ആഴ്ചകള്‍ കടന്നു പോയി..ഒരു ദിവസം വൈകിട്ട് ജോലിക്കു ശേഷമുള്ള വിശ്രമ സമയത്ത് നോക്കിയ ചിലച്ചു ..അന്ന് കോള്‍ വരുന്നതൊക്കെ ഒരു ആഢംബരമാണ്..നീലക്കുറിഞ്ഞി പൂക്കുന്നതുപൊലൊരു അപൂര്‍വ്വ പ്രതിഭാസം. അതും ആ നമ്പറില്‍ നിന്ന് ...ചാടിക്കേറി ഫോണെടുത്തു. മറുതലക്കല്‍ ഒരു പരുഷമായ പുരുഷ ശബ്ദം..ആദ്യ ചോദ്യം തന്നെ നിങ്ങളാരാ..നിങ്ങളെന്തിനാ എനിക്കു മെസേജ് അയക്കുന്നതെന്ന്. നിന്ന നില്‍പ്പില്‍ എന്റെ കിളി പോയി..എനിക്കു വട്ടായതാണോ..ഫോണിന് വട്ടായതാണോ..അതോ മറുതലക്കലെ ശബ്ദത്തിനുടമയ്ക്ക് വട്ടായതാണോയെന്ന് മാരക കണ്‍ഫ്യൂഷനില്‍ നിക്കുമ്പോളും എവിടന്നോ മുഴങ്ങിയ ആത്മാഭിമാനത്തിന്റെ സൈറണ്‍ വിളിയില്‍ ഞാന്‍ നിങ്ങള്‍ക്കു മെസേജ് അയച്ചില്ലല്ലോ..നിങ്ങളാരാ എന്ന് എന്റെ മറുചോദ്യം. ഒരു ചോദ്യത്തിനു തന്നെ അത്യാവശ്യം വിവരങ്ങളെല്ലാം ഇങ്ങോട്ട് പറഞ്ഞ് പരിചയപ്പെടുത്തി.. ആ മറുപടിയില്‍ ഒരു സത്യസന്ധത അനുഭവപ്പെട്ടു. എന്നിട്ട് ഞാന്‍ താങ്കള്‍ക്ക് മെസേജ് അയച്ചില്ലാ എന്ന് എന്റെ ഭാഷാ പ്രാവീണ്യം മുഴുവനുപയോഗിച്ച് വിശദീകരിച്ചു. ഞാന്‍ പറയുന്നത് ആ വ്യക്തിയോ പുളളി പറയുന്നത് ഞാനോ വിശ്വസിക്കുന്നില്ല. സുഹൃത്ത് കളിപ്പിക്കാന്‍ ചെയ്ത പണിയാണോയെന്ന് ഞാനും കൂട്ടുകാരൊപ്പിച്ച പണിയാണോയെന്ന് പുള്ളിയും സംശയിച്ചാണ് തുടര്‍ന്നുള്ള സംസാരം. എങ്കിലും പേരും വിവരങ്ങളും കൃത്യമായി പറഞ്ഞത് ഒരു നല്ല കാര്യമായി തോന്നി. സംസാരവും തര്‍ക്കവും തുടരുമ്പോ പുള്ളി പെട്ടെന്ന് ചോദിച്ചു ഇത് എവിടെയാ ..അപ്പോ ഞാന്‍ -കര്‍ണ്ണാടക..പിന്നെ അയ്യോ എന്നൊരു ശബ്ദവും ഫോണ്‍ കട്ട് ചെയ്തതും ഒരുമിച്ചായിരുന്നു...പിന്നെയാണ് മനസിലാകുന്നത് അത്രയും നേരം സംസാരിച്ചതിന്റെ ചാര്‍ജ് ഓര്‍ത്ത് പുള്ളി ഫോണ്‍ കട്ട് ചെയ്തതായിരുന്നെന്ന്.. 

രണ്ടു ദിവസത്തിനു ശേഷം ഒരു ക്ഷമാപണ മെസേജ് എത്തി. പിന്നീട് വല്ലപ്പോഴുമുള്ള വിളികള്‍. ഫുട്‌ബോളും, ഫ്രഞ്ച് വിപ്ലവവുമൊക്കെയായിരുന്നു സംസാര വിഷയങ്ങള്‍. രണ്ടാമത് വിളിച്ചപ്പോള്‍ തന്നെ അമ്മയെ വിളിച്ച് സംസാരിപ്പിച്ചു..പിന്നീട് അമ്മയോടായി സംസാരം. ഒരേ ഇഷ്ടങ്ങളും മാനസിക വ്യാപാരവുമൊക്കെയാണെന്ന് മനസിലായപ്പോള്‍ വളരെ പ്ലെയിനായി ആള്‍ വിവാഹം കഴിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി. ആലോചിച്ചപ്പോള്‍ ആത്മാര്‍ത്ഥതയുള്ള ഒരു വ്യക്തി. സാമ്പത്തികകാര്യങ്ങളിലും സ്വഭാവത്തിലും അച്ചടക്കവും ഉണ്ട്. പിന്നെ ഒരു നല്ല ഭര്‍ത്താവിനെ കിട്ടാന്‍ വല്യ പാടില്ലെങ്കിലും നല്ലൊരു അമ്മായിഅമ്മയെ കിട്ടാന്‍ ഇമ്മിണി പാടാണ്. ഇതൊക്കെ ചിന്തിച്ചപ്പോള്‍ മറ്റുള്ള വ്യത്യാസങ്ങള്‍ ഒരു പ്രശ്‌നമായി തോന്നിയില്ല. 

ഇതിലെ ഹൈലൈറ്റ് ആ യെസ് പറയുമ്പോഴും ഞങ്ങള്‍ പരസ്പരം കണ്ടിട്ടില്ലെന്നാണ്. രണ്ട് മാസം കഴിഞ്ഞൊരവധിയില്‍ നേരിട്ടു കണ്ടു. ഒരു മാസത്തിനകം കല്യാണവും കഴിച്ചു. ഇപ്പോ വര്‍ഷം 12 കഴിഞ്ഞു. വ്യത്യാസങ്ങള്‍ ആഘോഷമാക്കിക്കൊണ്ട് ഇന്നും സമാധാനത്തോടെ ജീവിക്കുന്നു. പ്രണയ ചേഷ്ടകള്‍ തീരെ ഇല്ലാത്ത ഒരു പ്രണയമായിരുന്നു. ജോലി സമയങ്ങളില്‍ ഫോണ്‍ വിളിക്കാറില്ല, കറങ്ങാന്‍ പോക്കില്ല. കത്തുകളിലൂടെയുള്ള ഒരു ആശയസംവേദനം മാത്രം . മറ്റു പ്രണയങ്ങളില്‍ നിന്ന് ഇതിനെ വേറിട്ടതാക്കിയതും ഇന്നും നിലനില്‍ക്കുന്നതാക്കിയതും ഇത്തരം ചില ഘടകങ്ങളാണ്. രണ്ട് രണ്ടാളും ഒറിജിനല്‍ സ്വഭാവം ഒട്ടും മറച്ചു വെച്ചില്ലെന്നതാണ്. കാണാതെ പ്രണയിച്ചെന്നതിനൊപ്പം എല്ലാ ദൗര്‍ബല്യങ്ങളും പരസ്പരം പറയാന്‍ മറക്കാഞ്ഞതും പില്‍ക്കാലത്ത് പ്രണയം മങ്ങാതെ നിലനിര്‍ത്താന്‍ സഹായിച്ചു. 

വിവാഹം കഴിയും വരെ ഒരു കയ്യകലത്തില്‍ ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞതിനും ഫുള്‍ മാര്‍ക്ക് ബാലുവിനു തന്നെ. സിഐഎയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ പറഞ്ഞ ഡയലോഗാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. സ്ത്രീയുടെ സ്വപ്‌നത്തിനും സ്വാതന്ത്ര്യത്തിനും അതിരു നിശ്ചയിക്കാത്ത പുരുഷന്‍...അങ്ങനെയൊളെയാണ് ഞാന്‍ സ്വന്തമാക്കിയത്. സ്ത്രീശാക്തീകരണമെന്ന് മിനുട്ടു വെച്ചു വായിട്ടലക്കുന്നവര്‍ പോലും അവളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്നതായി തോന്നിയിട്ടില്ല. എന്നാല്‍ ഇഷ്ടമുള്ള തൊഴിലെടുക്കാനും വരുമാനം സ്വതന്ത്രമായി കൈകാര്യം ചെയ്യാനുമുള്ള അവസരം ലഭിക്കുമ്പോള്‍ മാത്രമേ വനിതാ ശാക്തീകരണം പൂര്‍ണമാകൂ എന്ന് വിശ്വസിച്ച് അതെനിക്ക് അനുവദിച്ചു തന്നത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു.

ഇപ്പോഴും പ്രണയദിനത്തില്‍ മറക്കാതെ നല്‍കുന്ന സമ്മാനങ്ങളും, ഒന്നിച്ചുള്ള യാത്രകളുമൊക്കെ പല കാര്യങ്ങളിലും പഴഞ്ചനായിരുന്ന ഞങ്ങളുടെ പ്രണയത്തെ സജീവമാക്കുന്നു.. ഈ പ്രണയദിനത്തില്‍ ഓര്‍ത്തെടുക്കാനാവുന്നത് യഥാര്‍ത്ഥ പ്രണയത്തെപ്പറ്റിയുള്ള മഹാകവിയുടെ വാക്കുകളാണ്...- മാംസ നിബദ്ധമല്ല രാഗം. അതു തിരിച്ചറിയാനും ഉറപ്പു വരുത്താനുമുള്ള ശേഷി പെണ്‍കുട്ടികള്‍ കൈവരിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രണയം സാധ്യമാകുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam