Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് സൂക്ഷിച്ച 'എന്റെ സഖാവ് '

Valentines Day Representative Image

"ഈങ്കുലാബ് സിന്ദാബാദ് ...എസ് എഫ് ഐ സിന്ദാബാദ് "

താഴെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിനടുത്തു നിന്നു മെല്ലെ മെല്ലെ ഉയർന്നു വരുന്ന മുദ്രാവാക്യത്തിന് ശക്തിയും, വ്യക്തതയും കൂടുമ്പോൾ നെഞ്ചിലൊരു പെടപെടപ്പാണ്. കണ്ണുകൾ തിരയുന്നതത്രയും ഉച്ചത്തിൽ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞു ആർജവത്തോടെ മുദ്രാവാക്യം വിളിക്കുന്ന പൊക്കം കുറഞ്ഞു ഇരുനിറമുള്ള, മുണ്ടുടുത്ത മനുഷ്യനെ മാത്രമാവും. അതു കഴിഞ്ഞാൽ എൻ്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല.

പ്രീഡിഗ്രി ആദ്യ വർഷം, സ്കൂളിൽ നിന്ന് മാറി പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉള്ളു . പരിചയമുള്ള വളരെ കുറച്ചു കുട്ടികളും,  ഇംഗ്ലീഷിലുള്ള ക്ലാസ്സുകളും, പെരുമഴ പോലെ പെയ്യുന്ന സമരങ്ങളും , ഇടവേളകളിൽ പരിചയപ്പെടാൻ എത്തുന്ന സീനിയേഴ്സിന്റെ തിരക്കും, പേര് ആവർത്തിച്ചു പറഞ്ഞു വരുമ്പോഴുള്ള മടുപ്പും, ബഹളത്തിലേക്ക് ഇറങ്ങി ചെല്ലാനുള്ള മടിയും ഒക്കെയായി ആകെ ഭ്രാന്ത് പിടിച്ചങ്ങനെ ഏറ്റവും പിറകിലെ ബഞ്ചിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോഴാണ് പരിചയപ്പെടാൻ ഒരാളെത്തുന്നത് . "എന്താണ് ഒറ്റയ്ക്കിരിക്കുന്നതെന്ന ചോദ്യത്തിനു വരണ്ട ചിരി ഉത്തരം നൽകി. വീണ്ടും ആൾ സൂക്ഷിച്ചു നോക്കിയപ്പോൾ ഇരു ചുമരുകൾ പൊക്കി ഒന്നുല്ലാന്നു ആംഗ്യം കാണിച്ചു. വീണ്ടും അതെ രീതിയിൽ നോക്കിയപ്പോൾ "ഒന്നുമില്ല വെറുതെ ഇരിക്കുവാ " എന്ന് പറഞ്ഞു. ഉടൻ ചിരിച്ചു കൊണ്ട് ആൾ പറഞ്ഞു "ഇതാണ് ശരിയായ രീതി. ആരെങ്കിലും ഒരാൾ എന്തെങ്കിലും ചോദിച്ചാൽ അതിനു വ്യക്തമായ ഉത്തരമാണ് നൽകേണ്ടത്. അല്ലാതെ ഘോഷ്ടിയല്ല"

"എന്താണ് പേര്?"

"വനജ "

"ഹാ......നല്ല പേരാണല്ലോ.....ആരാണിട്ടത് ?"

"പപ്പാ "

"പപ്പാ, എന്തെടുക്കുന്നു?"

"മരിച്ചു പോയി"

ചോദ്യങ്ങൾക്ക് ഒരേ തലത്തിൽ ഉത്തരം കിട്ടിയത് കൊണ്ടാകാം അവസാന ഉത്തരം കഴിഞ്ഞു തെല്ലുനിശബ്ദത വന്നു. 

"മരിച്ചിട്ടു കുറേയായോ?"

"പിന്നെ...അഞ്ചിൽ പഠിക്കുമ്പോൾ മരിച്ചതാണ്."

ഈ ചോദ്യവും ഉത്തരം കൊടുക്കലുമൊക്കെ നല്ല ശീലമുള്ള നമ്മൾ 'കൊക്കെത്ര കുളം കണ്ടതാണ്' എന്ന ഭാവത്തിലെങ്ങനെ ഇരുന്നപ്പോൾ ചോദ്യം ചോദിച്ച ആൾ ജനലിലൂടെ പുറത്തേക്കു നോക്കിയിരുന്നു . 

"നന്നായി പഠിക്കണം. എന്ത് ആവശ്യം ഉണ്ടേലും പറഞ്ഞോളൂ" എന്ന് പറഞ്ഞു കയ്യിലുണ്ടായിരുന്ന ബുക്ക് മടക്കിയെടുത്ത് ഇറങ്ങുമ്പോൾ ഞാൻ ആളോട് ചോദിച്ചു "അണ്ണന്റെ പേരെന്താണ് ?"

"രൂപേഷ്"

മുണ്ടിന്റെ കോന്തലയും പിടിച്ചു മുജീബിക്കയുടെയും നാശ്ശേരിക്കയുടെയും തോളിലൂടെ കയ്യിട്ട് ആ ചെറിയ മനുഷ്യന്‍ എന്റെ കണ്മുന്നിലൂടെ നടന്നു മറഞ്ഞു.

ഉച്ചവെളയിൽ ചോറു കഴിച്ചു കൊണ്ടിരുന്നപ്പോൾ സിനിയാണ് പറഞ്ഞത് രൂപേഷ് സഖാവ് ആണത്രേ. സഖാവ് - കേട്ടയുടൻ മനസ്സിലേക്ക് കൊച്ചച്ചൻ ഓടിവന്നു. കൊച്ചച്ചനെ സഖാവേ എന്നാണ് എല്ലാവരും വിളിക്കുക. ആ വിളി തന്നെ ഞങ്ങൾക്കും പകർന്നു കിട്ടിയിട്ടുണ്ടായിരുന്നു. കൊച്ചച്ചന്റെ പരിചയക്കാർ ഞങ്ങളെ "കുട്ടി സഖാവേ എന്നായിരുന്നു വിളിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള തീരാത്ത അഭിനിവേശം നിറഞ്ഞു നിന്ന് കൊച്ചച്ചനോട് എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. കൊച്ചച്ചനെ വിളിച്ചിരുന്ന "സഖാവേ" എന്ന വിളിയോടും. വീട്ടിലെത്തി, കാവിൽ വിളക്കുവച്ച് സന്ധ്യാ നാമം ചൊല്ലി പഠിക്കാൻ ഫിസിക്സ് ബുക്കെടുത്തപ്പോൾ മുതലൊരു അസ്വസ്ഥത . അക്ഷരങ്ങളിലൂടെ കണ്ണുകൾ ഓടുമ്പോഴും മനസ്സ് മുഴുവൻ വെള്ള മുണ്ടുടുത്തു, ഷർട്ട് മുട്ടിനു തൊട്ടു താഴെ തെറുത്തു വച്ച് കയ്യിലോരു നോട്ടുബുക്കും പിടിച്ചു നടന്നു വരുന്ന വരാന്തയുടെ ഇരുപുറവും നിൽക്കുന്ന കുട്ടികളോട് കൈപൊക്കി അഭിവാദ്യം ചെയ്ത് അധ്യാപകരൊഡൊക്കെ നന്നായി സംസാരിച്ചു നടന്നു വരുന്ന രൂപേഷണ്ണനിലായിരുന്നു. ഫിസിക്സിന്റെ കട്ടി പുസ്തകത്തിന്റെ അവസാന താളിൽ എഴുതിച്ചേർത്തു - "സഖാവ് രൂപേഷ്"

കൂടെയുള്ള ഒരാൾക്കും അറിയില്ലായിരുന്നു സഖാവിനോടുള്ള എന്റെ ഇഷ്ടം. പ്രീഡിഗ്രി നിർത്തലാക്കുന്നതിനെതിരെ കലാലയങ്ങളിൽ എതിർപ്പും സമരവും നടന്നിരുന്ന കാലം. പഠിപ്പു മുടക്കിയും  യൂണിവേഴ്‌സിറ്റിക്ക് മുന്നിൽ സമരം നടത്തിയും ജാഥ നടത്തിയും എല്ലാ വിദ്യാർഥി പ്രസ്ഥാനങ്ങളും സജീവമായി സമര മുഖത്തുണ്ടായിരുന്ന സമയം. ഏറെ ത്രീവമേറിയ സമരം എസ് എഫ് ഐ യുടെ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റിയിലേക്കു പോയ sfi ക്കാരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായെന്ന് അരുൺ പറഞ്ഞാണ് അറിഞ്ഞത്. അന്ന് ഞങ്ങളുടെ കോളജിൽ നിന്നുള്ള എസ് എഫ് ഐക്കാരും പോയിട്ടുണ്ടായിരുന്നു . വാർത്തകൾ അറിയാൻ പത്രവും റേഡിയോയും മാത്രമായിരുന്ന ആശ്രയം. പിറ്റേന്ന് പത്രം വന്നപ്പോൾ അരിച്ചു പെറുക്കി നോക്കിയിട്ടും അടികിട്ടി ഹോസ്പിറ്റലിൽ കിടക്കുന്നവരുടെയോ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയവരുടെ കൂടെയോ സഖാവിന്റെ പേരുണ്ടോയെന്ന്. ഇല്ല എന്ന് ആശ്വാസം കൊള്ളുമ്പോൾ "അടി വരണ കണ്ടു തിരിഞ്ഞോടി കാണുമെന്നു" മനസ്സിൽ പറഞ്ഞു ചിരിച്ചു. അന്ന് ആദ്യമായി കോളജിനടുത്തുള്ള അയ്യപ്പന്റെ അമ്പലത്തിൽ പോയി.

കോളജിൽ യൂണിയൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ഒരുത്സവം തന്നെയായിരുന്നു. പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാവും ഓരോ പാർട്ടിക്കാരും കാമ്പയ്നിങ്ങിനു വരുന്നത്. അവരവരുടെ പാർട്ടിയിലെ സ്ഥാനാർഥികളായി ഓരോ ആളുകളുടെ പേരും സ്ഥാനവും പറഞ്ഞു തരും. സ്ഥാനാർഥികളെ പരിചയപ്പെടുത്തും. കൂട്ടത്തിൽ ഒരു പാട്ടോ, മിമിക്രിയോ, കവിതയോ ഉണ്ടാകും. ഉച്ചയ്ക്ക് ഇടവേളകളിൽ ഓരോ കുട്ടികളെയും കണ്ടു വോട്ട് ചോദിക്കാനൊരു വരവുണ്ട്. ആന കരിമ്പിൻ തോട്ടത്തിൽ കയറിയതു പോലെ ആകെ ബഹളമയമാണ് പിന്നീട്. രൂപേഷണ്ണന് എതിരെ അന്നു മത്സരിച്ച കെഎസ്‌യുവിന്റെ ആൾ  ആരാണെന്നു പോലും ഓർമയില്ല. എനിക്കത് ഓർത്തു വയ്‌ക്കേണ്ട ആവശ്യവും ഇല്ലായിരുന്നു. 

തന്റെ പാനലിലെ ഓരോ സ്ഥാനാർഥികളെയും പരിചയപെടുത്തുന്നതിനു മുൻപ് ഒരു പ്രസംഗം ഉണ്ട് മൂപ്പരുടെ. വാക്കുകളൊക്കെ ഇത്ര വ്യക്തവും കണിശവും ആക്കികൊണ്ടു സംസാരിക്കുന്ന ഒരാളെ അതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു. വാക്കുകൾക്കു കൂടെ ഉയർന്നും താണും കൈകളും ഐക്യദാർഢ്യം പ്രകടിപ്പിക്കും. അന്നു സമരത്തിനു പോയപ്പോൾ പോലീസുകാരുടെ ലാത്തിക്കുള്ള അടിയും പൊലീസ് സ്റ്റേഷനിലെ അനുഭവവും ഒക്കെ പറഞ്ഞു തരും. ഉള്ളിൽ വേദന വരുമെങ്കിലും ഇമ ചിമ്മാതെ ആ മനുഷ്യനെ മൊത്തത്തിൽ കണ്ണുകളിലേക്ക് എടുത്തു വയ്ക്കും. കാണുന്ന എല്ലാ പരിചയക്കാരോടും രൂപേഷ് അണ്ണനു  വോട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ടായിരുന്നു. ജയിക്കാൻ കലരുവാതുക്കളും കുന്നിരാടത്തും നേർച്ചയും പറഞ്ഞിട്ടുണ്ടായിരുന്നു.

ചെയര്‍മാൻ ആയതിനു ശേഷം സഖാവിനു തിരക്കായിരുന്നു. അതുവരെ ഇടവേളകളിൽ ക്ലാസ്സ് റൂമിലെത്തുമ്പോൾ അടുത്തുവന്നു വിശേഷം പറഞ്ഞിരുന്ന സഖാവിനെ ആഴ്ചയിലൊന്നു കണ്ടാലായി. എന്തെങ്കിലും കാര്യത്തിന് ഏതേലും ഡിപ്പാർട്മെന്റിലേക്കു ഓടുമ്പോഴാവും കാണുന്നതും "മോളേ സുഖമല്ലേ" എന്ന് ഒരു ചെറുകഷ്ണം എറിഞ്ഞു തരുന്നതും. മറുപടിയായി തലകുലുക്കവും ചെറിയ ചിരിയും ആളെടുക്കാനില്ലാതെ തിരിച്ച് എന്നിലേക്കു മടങ്ങുന്നതും. രാവിലെ കോളജ് ഗേറ്റ് കടക്കുന്നിടം മുതൽ വൈകിട്ട് ഇറങ്ങുന്നിടം വരെ സഖാവിനെ പോകുന്നിടത്തൊക്കെ കണ്ണുകൾ കൊണ്ടു തിരഞ്ഞിരുന്നു. ഒരു ചിരിയോ, ഒരു നോട്ടമോ, മതിയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ നിറയാൻ. കൺസഷൻ കാർഡ് കിട്ടാൻ വേണ്ടിയുള്ള ഫോമിൽ പ്രിൻസിപ്പലിനെ കൊണ്ട് ഒപ്പിടുവിക്കാനും അത് ചക്കുവള്ളിയിൽ കൊണ്ട് കൊടുക്കാനും ഒരു രക്ഷകർത്താവിനെപോലെ കൂട്ടുവന്നതും ഇപ്പോഴും ഓർമയുണ്ട്. കോളജിലെ എല്ലാ കുട്ടികളെയും പോലെ ഒരുവളാണ് സഖാവിന് ഞാൻ എങ്കിൽ എനിക്ക് മറിച്ചായിരുന്നു സഖാവ്. വല്ലപ്പോഴും കിട്ടിയിരുന്ന ചിരി മാത്രം പ്രതീക്ഷിച്ചു സഖാവിനെ തിരഞ്ഞിട്ടുണ്ട്. ഒരു നോട്ടം കിട്ടാൻ വേണ്ടി മാത്രം സഖാവ് നിൽക്കുന്നിടത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നിട്ടുണ്ട്. സമരമോ, അടിപിടിയോ നടന്നു എന്നറിഞ്ഞാൽ മനസ്സിലേക്ക് ആദി കെട്ടിയിട്ടുണ്ട്. ഒന്നും പറ്റിയില്ലെന്നറിയുമ്പോൾ ആശ്വാസപ്പെട്ടിട്ടുണ്ട്. അടുപ്പിച്ചു വന്നില്ല എന്നറിഞ്ഞാൽ അസുഖം വലതും ആണോയെന്ന് വേവലാതിപ്പെട്ടിട്ടുണ്ട്. കാണുമ്പോഴും മിണ്ടുമ്പോഴും ഉള്ളിലാകെ പൂത്തുലഞ്ഞിട്ടുണ്ട്. ഓരോ ദിവസവും കോളേജ് മാഗസനിൽ ഫോട്ടോ നോക്കാറുണ്ട്. ഫിസിക്സ് ബുക്കിലെ പേര് വെട്ടാതെ അവിടെത്തന്നെയുണ്ട്.

ദേ...ഇപ്പോൾ ഇവിടെ വരെ ഒരാളെയും അറിയിക്കാതെ ആ ഇഷ്ടംങ്ങനെ കെട്ടികിടന്നിരുന്നു. കൂടെയുള്ള കുട്ടികൾക്ക് പോലും അറിയില്ലായിരുന്നുഇങ്ങനെ ഒരു ഇഷ്ടത്തെക്കുറിച്ച്.  എന്തിന്,  രൂപേഷ് സഖാവിനു പോലും. ഞാൻ സ്നേഹിക്കുന്ന സമയത്തൊക്കെ രൂപേഷണ്ണന്  ഒരു കാമുകി ഉണ്ടായിരുന്നു. ചിലപ്പോൾ അവർ കാറ്റാടി മരച്ചുവട്ടിൽ വർത്തമാനം പറഞ്ഞിരിക്കുന്നത് കാണാം. പക്ഷെ അതൊന്നും എന്റെ ഉള്ളിലെ ഇഷ്ടം തരിമ്പും കുറച്ചിരുന്നില്ല. കോളജ് വിട്ടു ജീവിതം പല വഴിക്കു ചിതറി പോയി. പിന്നീട് എപ്പോഴോ ആ ഇഷ്ടവും. എങ്കിലും പഴയ സഖാവിനെ മറന്നില്ല. കലാലയം വിട്ട ശേഷം ഏതാണ്ടു പതിനഞ്ചു വർഷത്തിനു ശേഷം ഈ കഴിഞ്ഞ വർഷം ആദ്യമായി വീണ്ടും കോളജിൽ എത്തി. ശാസ്താം കോട്ട ഡി ബി കോളേജ് എന്ന ബോർഡും കടന്നു വലതു കാൽ വച്ച് കയറിയപ്പോൾ സഖാവിനെ ഓർത്തു. സഖാവ് ഇപ്പോൾ എവിടെയാവും? എന്താണ് ജോലി? കല്യാണം കഴിച്ചു കുട്ടികളൊക്കെ ആയിക്കാണുമോ? ആരെയാവും കെട്ടിയത്? അങ്ങനെ അങ്ങനെ .....അന്നത്തെ സഖാവിനെ ഇന്നും അതേപോലെ ഓർത്തിരിക്കുന്നതിനാൽ ഇപ്പോൾ കാണാൻ എങ്ങനെ ആവും എന്നൊരു കൗതുകം ഉണ്ടായിരുന്നു . ദീപക്കിനോടോ, അരുണിനോടോ ചോദിച്ചാലോന്നു പലവട്ടം ആലോചിച്ചു. പിന്നെ വേണ്ട എന്നു വച്ചു. നേരിൽ കണ്ടാൽ തിരിച്ചറിയാൻ പാകത്തിന് പതിനേഴു വർഷങ്ങൾക്കിപ്പുറം അടയാളം കാട്ടാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു. 

കോളജ് പഴയതു പോലെയല്ല ഇപ്പോൾ. ഒരുപാട് മാറിയിട്ടുണ്ടായിരുന്നു. എങ്കിലും അന്നത്തെ കാറ്റാടി മരത്തണലിലും വരാന്തയിലും പഴയ ക്ലാസ്സ് മുറികൾക്ക് മുന്നിലും ഒക്കെ ഒന്നുകൂടി പോയി വന്നു. കായലിൽ നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റിനുപോലും അപരിചിതത്വം ഉള്ള പോലെ. കാന്റീനിലെ ചൂട് ചായ ഊതികുടിക്കുമ്പോൾ മനസ്സുകൊണ്ട് ആഗ്രഹിച്ചു 

"കൊതി തീരും വരെ പ്രേമിച്ചു ജീവിക്കാൻ ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി .."

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

Your Rating: