പ്രയാഗ ഡയറ്റിലാണ്; ആഘോഷിച്ച് ട്രോളന്മാർ!

പ്രയാഗ മാർട്ടിൻ

ഡയറ്റ് , അതെ ഞാൻ ഡയറ്റിലാണ് എന്ന് നമ്മുടെ ഒരു സുഹൃത്ത് മുഖത്തു നോക്കി പറഞ്ഞു എന്നിരിക്കട്ടെ, അപ്പോൾ തുടങ്ങും അവളുടെ തീറ്റഭ്രാന്തിന്റെ പേരിൽ വട്ടമിട്ടു കളിയാക്കാൻ. പറ്റുമെങ്കിൽ നല്ല രുചികരമായ ഭക്ഷണം അവളുടെ മുന്നിൽ വച്ച് തന്നെ അകത്താക്കി കക്ഷിയു‌െട കൺട്രോൾ കളയാനും ഒരു ശ്രമം നടന്നേക്കും. ഒടുവിൽ ഡയറ്റ് എടുത്ത ആൾ വയറു നിറച്ചു ഭക്ഷണം കഴിച്ചു കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു ആനന്ദമുണ്ട്. ആഹാ.. 

അപ്പോൾ ഇത്തരം കൊലചതിയിൽ നിന്നും രക്ഷനേടണം എങ്കിൽ ഒന്നേ ഉള്ളൂ മാർഗം. ഞാൻ ഡയറ്റിലാണ് എന്ന് ആരോടും പറയാതിരിക്കുക.ചലച്ചിത്രതാരം പ്രയാഗ മാർട്ടിന് പറ്റിയ ഈ അബദ്ധം മറ്റാർക്കും പറ്റാതിരിക്കട്ടെ. ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ വച്ച് താൻ ഡയറ്റിലാണ് എന്ന ഒരു വാചകം പറഞ്ഞതിനാണ് ട്രോളന്മാർ പ്രയാഗയെ ഓടിച്ചിട്ട് പിടിച്ചിരിക്കുന്നത്. 

പ്രോഗ്രാമിന്റെ അവതാരകയുടെ ഒപ്പം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് പ്രയാഗ താൻ ഡയറ്റിലാണ് എന്നു പറഞ്ഞത്. ട്രോളന്മാർക്ക് വേറെന്ത് വേണം. പ്രയാഗയുടെ ആ വിഡിയോ വെട്ടിക്കൂട്ടി കിടിലൻ ട്രോൾ തന്നെ അവരുണ്ടാക്കി. പറഞ്ഞു വന്നപ്പോൾ പ്രയാഗ ഒരു ഭക്ഷണപ്രിയയായി മാറി എന്നു പ്രത്യേകം പറയണ്ടല്ലോ. 

കിലുക്കത്തിലെ ആർത്തിക്കാരിയായ രേവതിയും, കല്യാണരാമനിൽ പോഞ്ഞിക്കരയുടെ കയ്യിൽ നിന്നും ചോറ് വാങ്ങുന്ന വ്യക്തിയും തീറ്റ ഭ്രാന്തനായ സലിംകുമാർ കഥാപാത്രവും ഒക്കെ പ്രയാഗയുടെ ട്രോളിനെ അനശ്വരമാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ. പ്രോഗ്രാമിന്റെ തുടക്കത്തിൽ പറഞ്ഞതിൽ നിന്നും വിഭിന്നമായി, ഭക്ഷണം കഴിക്കുന്ന ചില ക്ലിപ്പുകൾ കൂടി കിട്ടിയതോടെ ട്രോളന്മാർ ഹാപ്പി. 

ഇനി ഒരിക്കലും ഞാൻ ഡയറ്റ് ചെയ്യില്ല എന്ന ഘട്ടത്തിലേക്ക് പ്രയാഗയെ കൊണ്ടുചെന്ന് എത്തിച്ചു ഈ വിഡിയോ എന്നുപറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. യഥാർഥ ടിവി പ്രോഗ്രാമിനെക്കാൾ കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ കണ്ടിട്ടുണെന്നാണ് ട്രോളർമാരുടെ വിലയിരുത്തൽ. അപ്പോൾ നായികമാർ ഡയറ്റിനെപ്പറ്റിയൊക്കെ പറയുമ്പോൾ ഇനിയൊന്നു സൂക്ഷിക്കുക, ചുറ്റിലും ട്രോളന്മാരണേ...

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam