' നടി എന്നതിനേക്കാൾ ഞാനൊരു സ്ത്രീയാണ്, അനുകമ്പയോടെ അവസരം വേണ്ട'

തപ്സി പന്നു

ഒരു സ്ത്രീ എത്ര കഷ്ടപ്പെട്ടാണ് തന്റെ കർമങ്ങൾ നിർവഹിക്കുന്നതെങ്കിലും അതിലെന്തെങ്കിലും പാളിച്ച പറ്റിയാൽ  അവൾക്കുനേരെ വാക്ശരങ്ങളുമായെത്തുന്നവർ ഏറെയാണ്. പാട്രിയാർക്കൽ സമൂഹത്തിന്റെ എല്ലാ സ്വഭാവങ്ങളും തെളിമയോടെ വ്യക്തമാക്കുന്ന ഫീൽഡാണ് സിനിമാലോകം. അവിടെ ഒരു നടി എത്ര തന്നെ കരുത്തയാണെങ്കിലും അവളുടെ കുറവുകളാണ് തുടക്കത്തിൽ ശ്രദ്ധ നേടുക. ഒടുവിൽ സിനിമയുട‌െ വെള്ളിവെളിച്ചത്തിൽ തന്റെ സ്ഥാനം വരച്ചിടുംവരെ തുടരും അവളുടെ കഷ്ടകാലം.

ബോളിവുഡിൽ ഇന്ന് വെന്നിക്കൊടി പാറിച്ചു കൊണ്ടിരിക്കുന്ന തപ്സി പന്നുവിനും സമാനമായ അനുഭവമാണുണ്ടായിട്ടുള്ളത്. സിനിമയിലേക്ക് എത്തിയതിനു ശേഷം താൻ നേരിട്ട വിവേചനങ്ങളും അടുത്തിടെ ഒരാള്‍ക്കൂട്ടത്തിനിടയ്ക്ക് ഉണ്ടായ സംഭവവുമുള്‍പ്പെടെ ഒരു നടി എന്നതിനപ്പുറം വ്യക്തി എന്ന രീതിയിൽ താൻ എങ്ങനെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നു വ്യക്തമാക്കുകയാണ് തപ്സി. ആത്മാഭിമാനമുള്ള ഓരോ സ്ത്രീകളും വായിച്ചിരിക്കേണ്ടതാണ് ഫേസ്ബുക്കിൽ വൈറലാകുന്ന തപ്സിയുടെ പോസ്റ്റ്. 

ഞാനഭിനയിച്ച മൂന്നു സിനിമകൾ കാര്യമായ വിജയം കണ്ടില്ല, അതോടെ എനിക്കാ പേരും വീണു, സിനിമകൾക്ക് കഷ്ടകാലമാണ് ഞാൻ എന്ന് പ്രചരിക്കപ്പെട്ടു. ഈ സിനിമകളിലെല്ലാം വലിയ നടന്മാരുടെ നിരയും സംവിധായകരും ഒക്കെയാണെന്നതോർക്കണം...

'' കോളജ് കാലഘ‌ട്ടങ്ങളിലാണ് പോക്കറ്റ് മണിക്കായി ഞാൻ മോഡലിങ് ആരംഭിക്കുന്നത്. CAT പരീക്ഷയിൽ 88% മാർക്കു വാങ്ങി എംബിഎക്കു ചേരാൻ തീരുമാനിക്കുന്ന കാലത്താണ് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. അതിനുശേഷം ഞാനഭിനയിച്ച മൂന്നു സിനിമകൾ കാര്യമായ വിജയം കണ്ടില്ല, അതോടെ എനിക്കാ പേരും വീണു, സിനിമകൾക്ക് കഷ്ടകാലമാണ് ഞാൻ എന്ന് പ്രചരിക്കപ്പെട്ടു. ഈ സിനിമകളിലെല്ലാം വലിയ നടന്മാരുടെ നിരയും സംവിധായകരും ഒക്കെയാണെന്നതോർക്കണം, പക്ഷേ സിനിമകളുടെ തോൽവിയെല്ലാം എന്റെ നിർഭാഗ്യത്തിന്റെ പേരിൽ അറിയപ്പെട്ടു. 

അതിനുശേഷം എന്റെ പ്രതിഫലം കുറയ്ക്കാൻ തുടങ്ങി, പ്രൊഡ്യൂസർ സാമ്പത്തിക ഞെരുക്കം നേരിടുന്നുവെന്ന പേരിൽ ഞാൻ സിനിമകളിൽ നിന്നും തഴയപ്പെട്ടു. ഇതെല്ലാം ഞാൻ പിങ്ക് എന്ന സിനിമ ചെയ്യും മുമ്പായിരുന്നു, വിശ്വസിച്ചാലും ഇല്ലെങ്കിലും അതിനു ശേഷവും ഞാൻ ഇത്തരം അടയാളങ്ങളും പേറിനടന്നു. ഒരു മുൻനിര നായികയല്ലാത്തതിന്റെ പേരിൽ ബോളിവു‍ഡ് നടന്മാർ എനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതം പ്രകടിപ്പിച്ചു. എന്റെ പേര് തീരുമാനിച്ച് ഡേറ്റുകളും നിശ്ചയിച്ചതിനു ശേഷം നിർമാതാക്കൾ മറ്റൊരു വലിയ നടിയെ കിട്ടുമ്പോൾ എന്നെ അവസാന നിമിഷത്തിൽ ഒഴിവാക്കി. തുല്യവേതനം പ്രതീക്ഷിക്കുകയെന്നത് ഒരുപാട് അകലെയാണ്, അടിസ്ഥാന വേതനത്തിനു പോലും ഞാൻ പൊരുതേണ്ടി വന്നു, പക്ഷേ ഞാൻ പരാതിപ്പെടുന്നില്ല. 

തിരികെ നോക്കുക പോലും ചെയ്യാതെ ഞാനയാളുടെ വിരൽ വേദന കൊണ്ടു പുളയുന്നതുവരെ കഠിനമായി പിടിച്ചു തിരിച്ചു. സത്യം എന്താണെന്നാൽ ഞാൻ ഒരു ഹീറോയിൻ എന്നതിലുപരി എന്റെ കഥകളിലെ ഹീറോ ആണ്...

അഭിനയത്തെ സ്നേഹിക്കുന്നതു കൊണ്ടാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. ഞാന്‍ ഏറ്റവും ഗ്ലാമറസോ പെർഫെക്റ്റോ ബോഡിയോ ഉള്ളവളാകില്ല പക്ഷേ ഞാൻ എന്റെ കലയിൽ വിശ്വസിക്കുന്നു. അനുകമ്പയിലൂടെ അവസരം ലഭിക്കുന്നത് എനിക്കിഷ്ടമല്ല. കരുത്തയും സ്വതന്ത്രയുമായിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. ആഴ്ചകൾക്കു മുമ്പ് ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കവേ ജനക്കൂട്ടത്തിനു മധ്യത്തിൽ വച്ച് പുറകിൽ നിന്നൊരാൾ എന്നെ തോണ്ടുന്നതു ശ്രദ്ധയില്‍പെട്ടു. തിരികെ നോക്കുക പോലും ചെയ്യാതെ ഞാനയാളുടെ വിരൽ വേദന കൊണ്ടു പുളയുന്നതുവരെ കഠിനമായി പിടിച്ചു തിരിച്ചു. സത്യം എന്താണെന്നാൽ ഞാൻ ഒരു ഹീറോയിൻ എന്നതിലുപരി എന്റെ കഥകളിലെ ഹീറോ ആണ്– തപ്സി പറഞ്ഞു നിർത്തുന്നു.

അതെ, തപ്സിയെപ്പോലം സാഹചര്യങ്ങൾക്കു മുന്നിൽ വഴങ്ങാതെ പതറാതെ നിന്ന് കരുത്തയായി പോരാടുന്ന സ്ത്രീയാണ് നാടിനഭിമാനം. അതിക്രമങ്ങൾക്കും അപഹാസ്യങ്ങൾക്കു മുന്നിൽ തലകുനിക്കാതെ തിരിച്ചു നിന്ന് ശക്തമായി തന്നെ പ്രതികരിക്കണം, താനെന്ന സ്ത്രീയുടെ ശിരസ് അഭിമാനത്തോടെ തന്നെ ഉയർത്തിപ്പിടിക്കണം.