ഭിക്ഷക്കാരന്റെയും മുന്‍ലൈംഗിക തൊഴിലാളിയുടെയും കരളലിയിക്കും പ്രണയകഥ!

ബംഗ്ലാദേശില്‍ നിന്നുള്ള രജിയ ബീഗത്തിന്റെയും അബ്ബാസിന്റെയും പ്രണയകഥയാണിത്

ജീവിതം ചിലപ്പോള്‍ കഠിനമായിരിക്കും, ചിലപ്പോള്‍ ക്രൂരവും. സ്‌നേഹം മാത്രമായിരിക്കും ആ മുറിവുകള്‍ക്ക് പരിഹാരം. എന്നാല്‍ ആ സ്‌നേഹം നിങ്ങള്‍ എങ്ങനെ കണ്ടെത്തും. പ്രത്യേകിച്ചും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ഒറ്റപ്പെടുത്തപ്പെട്ട ഒരു സമൂഹത്തിലാണ് നിങ്ങളെങ്കിലോ, പറയുകയും വേണ്ട. 

ഇതാ ഇവിടെ ഒരു അസാധാരണ പ്രണയകഥ സംഭവിച്ചിരിക്കുകയാണ്. ഒരു ലൈംഗിക തൊഴിലാളിയായിരുന്ന സ്ത്രീയുടെയും ഭിന്നശേഷിക്കാരനായ ഒരു ഭിക്ഷക്കാരന്റെയും. ആരുടെയും കണ്ണുകളെ ഈറനണയിക്കുന്നതാണ് ഈ പ്രണയകഥ. 

ബംഗ്ലാദേശില്‍ നിന്നുള്ള രജിയ ബീഗത്തിന്റെയും അബ്ബാസിന്റെയും പ്രണയകഥയാണിത്. ഒരു ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കഥ ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. വേശ്യാവൃത്തിയിലേക്ക് എത്തിപ്പെട്ട ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ക്രൂരതകളും ശുദ്ധമായ സ്‌നേഹത്തിനായി അവളുടെ അലച്ചിലും ഒടുവില്‍ അതൊരു ഭിക്ഷക്കാരനില്‍ കണ്ടെത്തുന്ന ട്വിസ്റ്റുമെല്ലാമാണ് കഥയെ വ്യത്യസ്തമാക്കുന്നത്. രജിയ ബീഗം ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ കഥ പറഞ്ഞതിങ്ങനെ,

'' പ്രണയത്തില്‍ വീണ്ടും വീഴുകയെന്നത് വളരെ ശ്രമകരമാണ്. പ്രത്യേകിച്ചും ഒരു ലൈംഗിക തൊഴിലാളിക്ക്. ജീവിതം അറിയാന്‍ തുടങ്ങിയ അന്നു മുതല്‍ കഠിനമായ ബുദ്ധിമുട്ടുകള്‍ മാത്രമാണ് ഞാന്‍ സഹിച്ചിട്ടുള്ളത്. എന്റെ വയസ്സ് എത്രയാണെന്നോ മാതാപിതാക്കള്‍ ആരെന്നോ എന്നതിനെക്കുറിച്ച് യാതൊരുവിധ അറിവും എനിക്കുണ്ടായിരുന്നില്ല. തെരുവിലായിരുന്നു എന്റെ ജീവിതം. ഓരോ ശ്വാസത്തിന്റെയും അടിസ്ഥാനം എന്റെ മകള്‍ മാത്രമായിരുന്നു. അവളോട് എന്റെ തൊഴില്‍ എന്തെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞില്ല. അവളൊരു മനോഹരമായ ചബ്ബി ബേബി ആയിരുന്നു. അവളോട് നുണ പറയാന്‍ ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ചും അവള്‍ എന്റെ മുഖത്ത് നോക്കി ചിരിക്കുമ്പോള്‍.

എന്നോട് അവള്‍ ചോദിക്കും, എന്തിനാണ് അമ്മ രാത്രി ജോലിക്ക് പോകുന്നതെന്ന്. ചിരി മാത്രമായിരിക്കും ഉത്തരം. ഞാന്‍ വീട്ടില്‍ നിന്നും പുറത്തുപോകുമ്പോള്‍ അവള്‍ എന്നെ കെട്ടിപ്പിടിക്കും. ആ ഗ്യാങ്ങില്‍ നിന്ന് പുറത്തുപോണമെന്ന് എപ്പോഴും ആഗ്രഹിച്ചു ഞാന്‍. എന്റെ ജീവിതം എനിക്ക് രക്ഷിക്കണമായിരുന്നു. എന്നാല്‍ ആരും എന്നെ പിന്തുണയ്ക്കാന്‍ എത്തിയില്ല. 

അന്നോരു മഴയുള്ള ദിവസമായിരുന്നു. ഞാന്‍ ഒരു മരത്തിനു ചുവട്ടില്‍ നില്‍ക്കുന്നു. മരത്തിന് അടുത്ത വശത്ത് ഒരു ഭിക്ഷാടകന്‍ വീല്‍ ചെയറില്‍ ഇരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചേ ഇല്ല. ഞാന്‍ ഉറക്കെ കരയുന്നുണ്ടായിരുന്നു. ദേഷ്യത്താല്‍ സങ്കടത്താല്‍, ജീവിതം എങ്ങോട്ടാണ് പോകുന്നത് എന്നറിയാതെ. എനിക്ക് എന്റെ മകളുടെ അടുത്തേക്ക് പോണമെന്ന് തോന്നി, മറ്റൊരു അപരിചതന്റെ അടുക്കലേക്ക് ഇനിയും രാത്രി പോകേണ്ടന്നും.

അപ്പോഴാണ് വീല്‍ ചെയറിന്റെ ശബ്ദം ഞാന്‍ കേട്ടത്. എന്റെ ശ്രദ്ധ കിട്ടാന്‍ വേണ്ടി അയാള്‍ ഉറക്കെ ശബ്ദമുണ്ടാക്കി. അയാള്‍ എനിക്കൊരു 50 രൂപ നോട്ട് തന്നു. എന്നിട്ട് പറഞ്ഞു ഇതേ എന്റെ കയ്യില്‍ ആകെയുള്ളൂ. ഞാന്‍ അലറിക്കരഞ്ഞത് കേട്ടപോലെ അയാള്‍ പറഞ്ഞു വേഗം വീട്ടിലേക്ക് പോകൂ. എന്നിട്ട്  അയാള്‍ വീല്‍ ചെയര്‍ സ്വയം ഉന്തി ദൂരേക്ക് പോയി. അന്ന് ഞാന്‍ സ്‌നേഹമെന്താണെന്ന് അറിഞ്ഞു. 

ഞാന്‍ അയാളെ തേടിയിറങ്ങി. അറിയാന്‍ കഴിഞ്ഞു, അയാള്‍ ഭിന്നശേഷിക്കാരന്‍ ആയതിനാല്‍ ഭാര്യ ഉപേക്ഷിച്ച് പോയെന്ന്. അയാളോട് ഞാന്‍ പറഞ്ഞു, എനിക്ക് ഇനിയും സ്‌നേഹിക്കാന്‍ സാധിക്കുമോയെന്നറിയില്ല, പക്ഷേ ഈ വീല്‍ ചെയര്‍ ജീവിത കാലം മുഴുവന്‍ എനിക്ക് തള്ളാന്‍ സാധിക്കും. അയാള്‍ ചിരിച്ചു, എന്നിട്ട് പറഞ്ഞു. സ്‌നേഹമില്ലാതെ അങ്ങനെ ജീവിതം മുഴുവന്‍ വീല്‍ ചെയറിലിരിക്കുന്ന എന്നെ നയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇപ്പോള്‍ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. കല്ല്യാണ ദിവസം അയാള്‍ പറഞ്ഞു, ഇനി എന്നെ ഒരിക്കലും കരയിപ്പിക്കില്ല എന്ന്. അത് ഇന്നും തെറ്റിയിട്ടില്ല. ഞാന്‍ പിന്നെ കരഞ്ഞിട്ടില്ല ''