'ചെരുപ്പുകുത്തി എന്നു വിളിക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ കരയാറില്ല'

ആളുകള്‍ എന്നെ ചെരുപ്പുകുത്തി എന്നു വിളിക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ കരയാറില്ല, അവരെ നോക്കി ഒന്നു ചിരിക്കും...

ബാലവേല ലോകം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമായി ഇപ്പോഴും തുടരുകയാണ്. കരയിക്കുന്ന നിരവധി സാഹചര്യങ്ങളെ അഭിമുഖീകരിച്ചാണ് പല കുട്ടികളും പഠിക്കേണ്ട പ്രായത്തില്‍ ജോലി ചെയ്തു കുടുംബം പോറ്റുന്നത്. മൂന്നു നേരത്തെ ഭക്ഷണത്തിനുവേണ്ടി മാത്രമാണ് അവര്‍ക്ക് തങ്ങളുടെ ബാല്യം വലിച്ചെറിയേണ്ടി വരുന്നത്. ഉത്തം ചന്ദ്രദാസ് എന്ന 15കാരനും പറയാനുള്ളത് കണ്ണില്‍ ഈറനണിയിക്കുന്ന കഥ തന്നെയാണ്. പ്രമുഖ ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജിഎംബി ആകാഷ് ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉത്തം ചന്ദ്ര ദാസിന്റെ കഥ പറഞ്ഞത്. 

കഥ ഇങ്ങനെ:

'ഞാന്‍ ചെരുപ്പുകുത്തിയായി ജീവിതം തുടങ്ങിയ ആദ്യ ദിവസം ഒത്തിരി കരഞ്ഞു. എന്റെ അച്ഛന്‍ ഇരുന്ന പാലത്തിനു മുകളില്‍ തന്നെ ആയിരുന്നു ഞാനും ജോലിക്ക് ഇരുന്നത്. അച്ഛന്‍ വഴിയിലൂടെ പോകുന്നവരുടെ ഷൂ പോളിഷ് ചെയ്യുന്ന ഓര്‍മകള്‍ മനസിലേക്ക് വന്നുകൊണ്ടിരുന്നു. എങ്ങനെ ജോലി തുടങ്ങണമെന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലായിരുന്നു. 

മഴക്കാലത്ത് അച്ഛന്‍ എന്നെ തോളിലിരുത്തിയാണ് സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. സ്‌കൂളില്‍ മഴക്കാലത്ത് പുസ്തകങ്ങള്‍ എല്ലാം പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞു വെക്കണമായിരുന്നു. മഴത്തുള്ളികള്‍ ചോര്‍ന്ന് വീഴുന്നതു പതിവായിരുന്നു. എങ്കിലും പുസ്തകത്തിലെ കവിതകള്‍ വായിക്കുന്നത് ഞങ്ങള്‍ നിര്‍ത്തില്ലായിരുന്നു. അച്ഛന്‍ എപ്പോഴും പറയുമായിരുന്നു, മോന്‍ വലിയ ആളാകണം എന്ന്. 

അച്ഛന്‍ മരിച്ചിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. ഞങ്ങള്‍ക്ക് വീട്ടില്‍ കഴിക്കാന്‍ ഒന്നുമില്ലായിരുന്നു. ചെറിയ സഹോദരന്‍ പനിപിടിച്ചു വിറയ്ക്കാന്‍ തുടങ്ങി. എന്തു ചെയ്യണമെന്ന് അമ്മയ്ക്ക് ഒരു ധാരണയുമില്ലായിരുന്നു. അച്ഛന്റെ പെട്ടി വളരെ കനമുള്ളതായിരുന്നു. അതും പിടിച്ച് ഞാന്‍ തെരുവിലേക്കിറങ്ങി. സ്‌കൂളില്‍ പോകുന്ന എന്റെ കൂട്ടുകാര്‍ എന്നെ നോക്കി പരിഹസിച്ചു. ഞാന്‍ കരഞ്ഞു. 

ആദ്യ ഉപഭോക്താവ് ഷൂ പോളിഷ് ചെയ്യാന്‍ എന്റെ അടുത്തുവന്നു. എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ എന്നെ അപ്പോള്‍ ബ്ലഡി കോബ്ലര്‍ എന്നു വിളിച്ചു, എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല പൊട്ടിക്കരഞ്ഞു. അയാള്‍ ഷൂ എടുത്ത് കാശൊന്നും തരാതെ പോയി. 

വഴിയിലൂടെ പോകുന്നവര്‍ എന്നെ സഹതാപത്തോടെ നോക്കും. സ്‌കൂളിലേക്ക് ഓടി പോകാന്‍ എനിക്കു തോന്നും, മഴ നനയാന്‍ തോന്നും. പക്ഷേ എന്തു ചെയ്യാന്‍. അങ്ങനെയെരിക്കെ ഒരാള്‍ വന്നു ഷൂ പോളിഷ് ചെയ്യാന്‍. പരുക്കനായ മനുഷ്യന്‍. അയാളുടെ ശബ്ദവും അങ്ങനെ തന്നെ. കണ്ടാല്‍ പേടി തോന്നും. അയാള്‍ എന്നോടു കണ്ണാടി തിളങ്ങുന്നതുപോലെ ഷൂ പോളിഷ് ചെയ്യാന്‍ പറഞ്ഞു. കരച്ചില്‍ ഒതുക്കി ഞാന്‍ പണി തുടങ്ങി. ചെയ്തു തീര്‍ന്നപ്പോള്‍ ശരിയായിട്ടില്ല എന്നു പറഞ്ഞ് വീണ്ടും ചെയ്യാന്‍ പറഞ്ഞു. പിന്നീട് വീണ്ടും ചെയ്യാന്‍ പറഞ്ഞു. കരച്ചില്‍ വന്നു. അതടക്കി ഞാന്‍ വീണ്ടും പോളിഷ് ചെയ്തു. 

അപ്പോള്‍ ഷൂ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. അയാള്‍ എനിക്ക് നൂറ് രൂപ നോട്ട് തന്നിട്ട് പറഞ്ഞു, നിന്റെ സമയവും ഊര്‍ജ്ജവും കരയാനല്ല ജോലി ചെയ്യാന്‍ ഉപയോഗിക്കൂ. കണ്ണുനീര്‍ നിനക്ക് ഒന്നും സമ്മാനിക്കില്ല. അത് ഒരു തിരിച്ചറിവായിരുന്നു. അന്ന് ഞാന്‍ 300 രൂപ ഉണ്ടാക്കി. പിന്നീട് ഒരിക്കലും ഞാന്‍ കരഞ്ഞ് എന്റെ സമയം കളഞ്ഞിട്ടില്ല. 

ഇപ്പോള്‍ എന്റെ ഇളയ രണ്ട് അനിയന്‍മാരെ ഞാന്‍ സ്‌കൂളില്‍ പറഞ്ഞയക്കുന്നു. എന്റെ സഹോദരിയുടെ കല്ല്യാണം കഴിഞ്ഞു. ഞാന്‍ പോയട്രി വീണ്ടും പഠിക്കാന്‍ തുടങ്ങി. ആളുകള്‍ എന്നെ ചെരുപ്പുകുത്തി എന്നു വിളിക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ കരയാറില്ല, അവരെ നോക്കി ഒന്നു ചിരിക്കും.''