ഒരിക്കലും മറക്കില്ല അച്ഛന്റെ ആ വാക്കുകള്‍: സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റ്

ഒരുകാലത്ത് നിരന്തരം വിമർശനങ്ങൾക്കിരയായിരുന്ന താരമായിരുന്നു സന്തോഷ് പണ്ഡിറ്റ് എങ്കിൽ ഇന്നതെല്ലാം മാറി, സമൂഹമാധ്യമത്തിൽ സന്തോഷ് പണ്ഡിറ്റിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. ഒട്ടേറെ കാര്യങ്ങൾ തനിയെ ചെയ്ത് വ്യത്യസ്തമായ രീതിയിൽ സിനിമകളെടുത്ത സന്തോഷ് പണ്ഡിറ്റിന്റെ ഏറ്റവും പുതിയ വിശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചുവെന്നതാണ്. തന്റെ എല്ലാ വിജയങ്ങൾക്കും കാരണമായി സന്തോഷ് കാണുന്നത് അച്ഛന്റെ സാന്നിധ്യമാണ്, അകാലത്തിൽ വിടപറഞ്ഞെങ്കിലും ഇന്നും ആ ഓർമകളാണ് പലകാര്യങ്ങളിലും കരുത്തോടെ മുന്നേറാൻ സഹായിക്കുന്നത്. ഫാദേഴ്സ് ഡേയിൽ അച്ഛന്റെ ഓര്‍മകൾ മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

'' എല്ലായ്പ്പോഴും അച്ഛന്‍റേതായ തീയറികളെ ഓര്‍ക്കുകയും പലപ്പോഴും അത്തരം തിയറികളെ ഇന്നും പിന്തുടര്‍ന്നു ജീവിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. അപ്പുണ്ണി പണ്ഡിറ്റ് എന്ന എന്‍റെ അച്ഛന്‍ പി.ഡബ്ല്യൂ. എഞ്ചിനീയറും അല്‍പസ്വല്‍പം ഗാന്ധിയന്‍ ചിന്താഗതികള്‍ കൊണ്ട് നടക്കുന്ന ഒരാളുമായിരുന്നു. നിലപാടുകളില്‍ അങ്ങോട്ടോ ഇങ്ങോട്ടോ വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത വ്യക്തിത്വം. എല്ലാ കാര്യങ്ങളിലും വെറും ഉപദേശങ്ങള്‍ക്കപ്പുറം ആദ്യം വേണ്ടത് സ്വയം മാതൃകയാകാനുളള ഗുണമേന്മയാണെന്ന് പറയുന്ന അച്ഛന്‍ , അപ്പന്‍ വെളളമടിച്ചിട്ട് മോനോട് വെളളമടിക്കല്ലെ എന്ന് പറയുന്നതിന് പകരം നമ്മളത് ചെയ്യാതെ മക്കള്‍ക്കു മാതൃകയാകണം എന്നു പറഞ്ഞു കൊണ്ട് മദ്യപാനവും പുകവലിയും പോലുളള ദുശ്ശീലങ്ങളെ കൂട്ടു പിടിക്കാതിരിക്കുന്നതു കണ്ടാണ് ഞാന്‍ വളര്‍ന്നത്.

അത്തരത്തില്‍ പലതരത്തിലുള്ള അച്ഛന്‍റെ ആശയങ്ങള്‍ ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട് എങ്കിലും അതില്‍ ഇന്നും പിന്തുടര്‍ന്നു വരുന്ന ഒരു ആശയത്തെ‍പ്പററിയാണ് എല്ലായ്പ്പോഴും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. മുന്‍കാലങ്ങളിലൊരിക്കല്‍ എക്സ്പീരിയന്‍സ് എന്ന വിഷയത്തെപ്പററിയൊരു ചര്‍ച്ച എന്‍റെ വീട്ടിലുണ്ടായി. ഞാനിപ്പോഴും അതോര്‍ക്കുന്നുണ്ട്. അച്ഛന്‍ അന്നെന്നോട് ചോദിക്കുകയുണ്ടായി, ആരാണ് ഒരു യഥാര്‍ഥ എക്സ്പീരിയന്‍സ്ഡ് പേഴ്സണ്‍. അപ്പോള്‍ ഞാന്‍ പറഞ്ഞു, കുറേ പ്രായമായ ആളുകള്‍ അതുമല്ലെങ്കില്‍ കുറേ ലോകം/സ്ഥലം കണ്ട ആളുകള്‍. അതുകേട്ട അച്ഛന്‍ മറുപടിയായി പറഞ്ഞു ഇത് രണ്ടുമല്ല എന്ന്. പകരം അച്ഛന്‍ പറഞ്ഞ മറുപടിയിങ്ങനെയാണ് എക്സ്പീരിയന്‍സ് എന്ന ഉദ്ദേശമെന്തെന്നാല്‍ ആളുകളോട് ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന വ്യക്തികളാണ് എക്സ്പീരിയന്‍സ്ഡ് പേഴ്സണ്‍. അതായത് നിങ്ങളൊരാളുമായി സംസാരിക്കുമ്പോള്‍ വാസ്തവത്തില്‍ അയാളുടെ എക്സ്പീരിയന്‍സുമായാണ് നിങ്ങള്‍ സംവേദിക്കുന്നത്. നിങ്ങള്‍ അയാളുടെ എക്സ്പീരിയന്‍സിലേക്ക് വരികയാണ് ചെയ്യുന്നതു. അതായത് ഒരുപാട് ജീവിച്ചത് കൊണ്ടോ ഒരുപാട് സ്ഥലങ്ങള്‍ കണ്ടതുകൊണ്ടോ കാര്യമില്ല. പലതരത്തിലുള്ള ആളുകളുമായി ആശയവിനിമയം നടത്തിവരികയാണ് വേണ്ടത്. അതില്‍ നിന്ന് ലഭിക്കുന്നത് എന്താണോ അതാണ് ഏറ്റവും വലിയ ജീവിതാനുഭവങ്ങള്‍. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു വാക്കായിരുന്നു.

കാലങ്ങള്‍ക്കിപ്പുറം ജനങ്ങളുമായി ശരിക്ക് ഇന്‍ട്രാക്ട് ചെയ്യുക എന്ന അച്ഛന്‍റെ ആശയത്തെ ഞാനും കൂടെകൂട്ടി തുടങ്ങി. അതുകൊണ്ടു തന്നെയാണ് സിനിമയില്‍ വന്ന ശേഷവും എന്നെ ആര് അഭിമുഖത്തിനായി വിളിച്ചാലും ഞാന്‍ പറയുന്നത്, പേഴ്സണല്‍ ഇന്‍റെര്‍വ്യൂ ആയിട്ട് വിളിക്കരുത് കാരണം അപ്പോള്‍ എനിക്ക് നിങ്ങളുമായി മാത്രമേ സംസാരിക്കാന്‍ പറ്റൂ. എന്നാല്‍ ഒരേ സമയം നമുക്ക് മുമ്പിലിരിക്കുന്ന ഒരു ഇരുപതു പേരുമായി ഇന്‍ട്രാക്ട് ചെയ്യുമ്പോൾ എനിക്കു ലഭിക്കുന്നത് ആ ഇരുപതുപേരുടെയും അനുഭവങ്ങളാണ്. കാരണം നമുക്കറിയാത്തയത്ര അനുഭവങ്ങളും വിവരങ്ങളുമാണ് ഓരോ മനുഷ്യരിലുമുളളത്. അവര്‍ പറയുന്നത് ശരിയോ തെറ്റോ എന്തോ ആകട്ടെ,പക്ഷേ അച്ഛന്‍റെ ആ വാക്കുകള്‍ ഈ നിമിഷം വരെയും ഞാന്‍ ഫോളോ ചെയ്യുന്നു.

അതിനുള്ള ഒരു വലിയ ഉദാഹരണം തന്നെയാണ് സോഷ്യല്‍ മീഡിയയിലെ എന്‍റെ ഒഫീഷ്യല്‍ അക്കൌണ്ടില്‍ വരുന്ന കമന്‍റ്സിന് ഞാന്‍ കൊടുക്കുന്ന മറുപടികള്‍. എല്ലാവര്‍ക്കും ഞാന്‍ മറുപടി നല്‍കാറുണ്ട്. അതിനുളള ഏറ്റവും വലിയ പ്രചോദനം അച്ഛന്‍റെ വാക്കുകളാണ്. സോഷ്യല്‍ മീഡിയയിലെ കമന്‍റ് ബോക്സ് വഴി കമന്‍റ് ചെയ്യുമ്പോള്‍ പ്രാക്ടിക്കലി അവരുമായി സംസാരിക്കുന്നതിന് തുല്യമാണ്.ഇത്തരത്തിലുളള നിരന്തരമായ കമ്മ്യൂണിക്കേഷന്‍ തരുന്നത് നിരവധി അനുഭവങ്ങളാണ്. എന്‍റെ ആദ്യ സിനിമയായ കൃഷ്ണനും രാധയും ഇറങ്ങിയ സമയത്ത് ആ സിനിമയിലെ എട്ടുപാട്ടുകളും മലയാളം പാട്ടായിരുന്നു. അതിനു ശേഷമുളള സിനിമകളിലാണ് ഇംഗ്ലീഷ് പാട്ട് ഉപയോഗിച്ച് തുടങ്ങിയത്. കൃഷ്ണനും രാധയും റിലീസായ സമയത്ത് എഫ്.ബിയില്‍ പലരും പറഞ്ഞു താങ്കള്‍ക്ക് എന്തുകൊണ്ട് ഇംഗ്ലീഷ് പാട്ട് ഉപയോഗിച്ചു കൂടാ എന്ന്. അതുവരെ അത്തരമൊരു ലക്ഷ്യമേ ഇല്ലാതിരുന്ന ഞാന്‍ ആ നിര്‍ദ്ദേശം കേട്ടതിന് ശേഷമാണ് 'music is the name of love' എന്ന ഗാനം ചിട്ടപ്പെടുത്തുന്നത്.

അതു വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയുമുണ്ടായി. അതില്‍ ഏറ്റവും അധികം വ്യൂവേഴ്സ് വന്നത് ക്യാനഡ,അമേരിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നായിരുന്നു. മാത്രമല്ല അന്നുമുതല്‍ ഞാന്‍ ഇതുവരെ അറിയാത്ത ഒരു തിരിച്ചറിവ് നടത്തി, ഇന്ത്യക്ക് പുറത്ത് ഉളള ആളുകള്‍ കണ്ടുകഴിഞ്ഞാല്‍ യൂ ട്യൂബില്‍ കൂടുതല്‍ കാശ് ലഭിക്കുമെന്ന്. എന്നെ സംബന്ധിച്ചടത്തോളം അതു പുതിയൊരു തരം അനുഭവവും അറിവുമായിരുന്നു. അതിനു ശേഷമുളള വര്‍ക്കുകള്‍ക്കുളള പ്രചോദനവും അച്ഛന്‍റെ ഈ വാക്കുകളും അതിനെ പിന്തുടര്‍ന്നതു കൊണ്ടുണ്ടായ അനുഭവങ്ങളുമാണ്.

അച്ഛനും അച്ഛന്‍റെ വാക്കുകളും മാതൃകാപരമായ രീതിയില്‍ തന്നെ എന്നെ സ്വാധീനിച്ചിരിക്കുന്നു. ഇതിനെല്ലാം പകരം ഞാന്‍ സോഷ്യല്‍ മീഡിയയിലെ ആരാധകരുടെ അഭിപ്രായങ്ങളെ അവഗണിച്ചിരുന്നു എങ്കില്‍, അത് ശ്രദ്ധിച്ചിരുന്നില്ല എങ്കില്‍ പല ഭാഗ്യങ്ങളും നഷ്ടപ്പെട്ടേനെ. അതുകൊണ്ട് എന്‍റെ വളരെ ചെറുപ്പത്തതില്‍ തന്നെ അച്ഛന്‍ മരിച്ചുവങ്കില്‍ കൂടിയും അച്ഛന്‍റെ ഒട്ടുമിക്ക തിയറികളേയും പിന്തുടരാന്‍ ഇന്നുമെനിക്കിഷ്ടമാണ്.