നായികാസ്ഥാനം വേണ്ടെന്നു വച്ച് കുടുംബജീവിതം, ഒട്ടും ഖേദമില്ലെന്നു ഭാഗ്യശ്രീ

ഭാഗ്യശ്രീ 'മേ നേ പ്യാർ കിയാ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും ഇപ്പോഴും ഉള്ള ചിത്രങ്ങൾ

സ്ത്രീകളെ സംബന്ധിച്ചിടത്തോളം കരിയറിലും കുടുംബ ജീവിതത്തിലും ഒരുപോലെ വിജയിക്കാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. പലരും കരിയറിൽ ഉന്നതങ്ങളിലേക്കു കുതിക്കുന്നതിനിടയിലാകും വിവാഹ ജീവിതത്തിലേക്കു കടക്കുന്നത്. ചിലർ ഭർതൃ കുടുംബത്തിനു വേണ്ടിയും ചിലർ സ്വന്തം താൽപര്യത്താലെയും ഔദ്യോഗിക ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുക്കും. അക്ഷരാർഥത്തിൽ മണ്ടത്തരം തന്നെയാണെങ്കിലും ചിലർ ആ ജീവിതത്തെ സന്തോഷപൂർവം ഏറ്റെടുക്കും. അതിനുദാഹരണമാണ് ഭാഗ്യശ്രീ എന്ന നായിക.

'മേ നേ പ്യാർ കിയാ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ വെന്നിക്കൊടി പാറിച്ച താരം പക്ഷേ പെട്ടെന്ന് ഫീൽഡിൽ നിന്നും അപ്രത്യക്ഷയായി. ഒപ്പം സിനിമാ മേഖലയിലെത്തിയ നായികമാരൊക്കെ താരത്തിളക്കത്തോടെ അവാർഡ് നിശകളിലും സിനിമാ വിരുന്നുകളിലും പങ്കെടുത്തപ്പോൾ ഭാഗ്യശ്രീ സന്തോഷം കണ്ടെത്തിയത് തന്റെ ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള ജീവിതത്തിലാണ്. തിരിഞ്ഞു നോക്കുമ്പോൾ തെല്ലും ഖേദവുമില്ല ഭാഗ്യശ്രീക്ക്. 

സ്കൂൾ കാലം തൊട്ടുള്ള പ്രണയത്തെയാണ് ഭാഗ്യശ്രീ ജീവിതത്തിലും തിരഞ്ഞെടുത്തത്. പ്രണയത്തോടും കുടുംബ ജീവിതത്തോടും ആത്മാർഥത കാണിച്ചപ്പോൾ താൻ ഇഷ്ടപ്പെട്ടു വന്ന കരിയറിനോടു മാത്രം ആ ആത്മാർഥത കാണിക്കാൻ ഭാഗ്യശ്രീക്ക് ആയില്ല. അല്ലെങ്കിൽ തന്റെ കു‌ടുംബത്തിനു വേണ്ടി അതു ത്യജിച്ചുവെന്നു പറയുന്നതായിരിക്കും കൂടുതൽ ശരി, ​എങ്കിലും ഈ നിമിഷം വരെയും താൻ ചെയ്തതു തെറ്റായിപ്പോയെന്ന തോന്നൽ ഭാഗ്യശ്രീക്കുണ്ടായില്ല. പ്രണയവും സിനിമയിലേക്കുള്ള വരവും കരിയർ ഉപേക്ഷിച്ചു കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടിയതിനെക്കുറിച്ചുമെല്ലാം ഭാഗ്യശ്രീ സംസാരിക്കുന്നു. 

ഭാഗ്യശ്രീ ഭർത്താവ് ഹിമാലയ ദാസാനിക്കും മക്കളായ അഭിമന്യുവിനും അവന്തികയ്ക്കും ഒപ്പം

'' ഞങ്ങൾ ഒന്നിച്ചായിരുന്നു സ്കൂളിൽ പോയിരുന്നത്. ക്ലാസിലെ ഏറ്റവും വികൃതിയായിരുന്ന കുട്ടിയായിരുന്നു അവൻ, എനിക്കായിരുന്നു ക്ലാസിനെ മേൽനോട്ടം ചെയ്യാനുള്ള ചുമതല. ക്ലാസിൽ മിക്കവാറും സമയങ്ങളിൽ ‍ഞങ്ങൾ തമ്മിൽ വഴക്കായിരിക്കും. എത്രയൊക്കെ വഴക്കു കൂടിയാലും ഞങ്ങൾക്കൊരിക്കലും പിരിഞ്ഞിരിക്കാനും കഴിയുമായിരുന്നില്ല. എന്നെ പ്രണയിക്കുന്നുവെന്ന് ക്ലാസ് അവസാനിക്കുന്ന ദിവസമാണ് അവൻ പറഞ്ഞത്. എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് ഒരാഴ്ചയോളം അതു പറയാൻ കഴിയാതെ നടന്നു. അവസാനം ഞാൻ അവന്റെ അടുത്തേക്കു ചെന്നു പറഞ്ഞു പറയാനുള്ളത് എന്തായാലും പറയൂ ഉത്തരം അനുകൂലമായിരിക്കും എന്ന്, അതോടെയാണ് കക്ഷി എന്നെ ഇഷ്ടമാണെന്നു പറഞ്ഞത്. 

ശേഷം ഒന്നിച്ചു കോളജിൽ പഠിക്കുന്ന സമയത്തും ഞങ്ങൾ വല്ലപ്പോഴുമേ കാണുകയും ഫോണിലൂടെ സംസാരിക്കുകയും ചെയ്യുമായിരുന്നുള്ളു. ഞാൻ ഒരു യാഥാസ്ഥിക കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയായിരുന്നു. അവനെക്കുറിച്ചു വീട്ടിൽ പറഞ്ഞപ്പോൾ അതുപോലൊരു കാര്യത്തിൽ തീരുമാനമെടുക്കാനുള്ള പ്രായം ആയിട്ടില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. പിന്നീട് എനിക്കു തോന്നി, അവൻ എന്നെ ശരിക്കും പ്രണയിക്കുന്നുണ്ടെങ്കിൽ ഞങ്ങൾ കുറച്ചുകാലത്തേക്കു പിരിഞ്ഞു കഴിയണം, എ​ന്നിട്ടും ഞാൻ തന്നെയാണ് അവന്റെ മനസിലെങ്കിൽ അപ്പോൾ ഒന്നിക്കാം എന്ന്. അങ്ങനെ ഞങ്ങൾ പിരിയുകയും അവൻ യുഎസിലേക്കു പഠനത്തിനായി പോവുകയും ചെയ്തു, ആ സമയത്താണ് ഞാൻ 'മേ നേ പ്യാർ കിയാ' എന്ന ചിത്രത്തിൽ കരാർ ഒപ്പ‌ിടുന്നത്. 

ഷൂട്ടിങ്ങ് നടക്കുന്നതിനി‌ടയിൽ അവൻ നാട്ടിൽ വന്നപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും മനസിലുണ്ടായിരുന്നു ഭാവിയിൽ ഒന്നിക്കണമെന്ന്. പക്ഷേ അന്നും എന്റെ വീട്ടുകാർ അവനോടു ഫോൺവഴി പോലും സംസാരിക്കാനോ കാണാനോ അനുവദിച്ചിരുന്നില്ല. അങ്ങനെ പ്രണയത്തെക്കുറിച്ച് അവരോടു സംസാരിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അവർ കണിശമായി ഞങ്ങളുടെ ബന്ധത്തെ എതിർത്തു. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ അപ്പോൾ തന്നെ ഞാൻ അവനെ വിളിച്ചു പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുകയാണെന്നും എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെങ്കിൽ വരണമെന്നും. പതിനഞ്ചു മിനിറ്റിനുള്ളിൽ സ്ഥലത്തെത്തുകയും ഒരു ക്ഷേത്രത്തിൽ വച്ചു ചെറിയ ചടങ്ങോടെ ഞങ്ങൾ വിവാഹിതരാവുകയും ച‌െയ്തു. 

കരിയറിനെയും കുടുംബത്തെയും ഒരുപോലെ കൊണ്ടുപോകുന്ന സ്ത്രീകളെ ​ഞാൻ ബഹുമാനിക്കുന്നു, പക്ഷേ എന്റെ ജീവിതത്തിൽ കുടുംബ ജീവിതത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു...

'മേ നേ പ്യാർ കിയാ' വലിയ ഹിറ്റായെങ്കിലും പിന്നീടൊരു ചിത്രങ്ങളിലും ഞാൻ ഒപ്പിട്ടില്ല, കാരണം എന്റെ ഭർത്താവിനെയും മകൻ അഭിമന്യുവിനെയും വിട്ടു പോകാൻ കഴിയുമായിരുന്നില്ല. അതിൽ എനിക്കു തരിമ്പും ഖേദവുമില്ല, എന്റെ കുടുംബത്തെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനവുമുണ്ട്. യഷ്ജി എന്നുംഞാനൊരു വിഡ്ഢിയാണെന്നു പറയുമായിരുന്നു, അതെ  ഞാൻ വിഡ്ഢിയാകുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു. കരിയറിനെയും കുടുംബത്തെയും ഒരുപോലെ കൊണ്ടുപോകുന്ന സ്ത്രീകളെ ​ഞാൻ ബഹുമാനിക്കുന്നു, പക്ഷേ എന്റെ ജീവിതത്തിൽ കുടുംബ ജീവിതത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചു. നല്ല മനുഷ്യരായി നിങ്ങളുടെ മക്കൾ വളരുന്നതു കാണുന്നതിനേക്കാൾ സന്തോഷം വേറെയില്ല. ഇന്ന് ഞാനൊരു ഫിറ്റ്നസ് ന്യൂട്രീഷൻ കൂടിയാണ്. ഇനിയൊരു ചിത്രം വന്നാല്‍ ഞാൻ ചെയ്തേക്കാം. നടി, അമ്മ, ഫിറ്റ്നസ് ന്യൂട്രീഷൻ തുടങ്ങി എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളെയും ഞാൻ സ്നേഹിക്കുന്നു. ഇനിയും ഏറെ ചേർക്കാനുമിരിക്കുന്നു. 

Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam