ഈ അമ്മയും മകളും ജീവിക്കുന്നു ആസിഡ്  ഒഴിച്ച് വിരൂപരാക്കിയവനൊപ്പം തന്നെ !

നീതുവും അമ്മ ഗീതയും ഇന്ദ്രജിത്തിനൊപ്പം

ആസിഡ് ആക്രമണത്തിന്റെ ജീവിക്കുന്ന ഇരകൾ. ഗീത എന്ന നാൽപതുകാരി അമ്മയുടെയും 26  വയസ്സുള്ള മകൾ നീതുവിന്റെയും ജീവിതം എത്ര നരക തുല്യമാണ് എന്ന് മനസ്സിലാകണമെങ്കിൽ ഇതുകൂടി അറിയണം, ഇവർ ഇന്നും ജീവിക്കുന്നത് ആസിഡ് ഒഴിച്ചു തങ്ങളെ വിരൂപരാക്കിയ ആ വ്യക്തിക്കൊപ്പം തന്നെയാണ്. ആക്രമണം നടത്തിയത് സ്വന്തം അച്ഛൻ തന്നെ എന്ന തിരിച്ചറിവ് നീതുവിനെ ഇന്നും അമ്പരപ്പിക്കുന്നു. ഏകദേശം 23  വർഷങ്ങൾക്കു മുൻപാണ് സംഭവം നടക്കുന്നത്. ആഗ്രയിൽ കച്ചവടം നടത്തി ജീവിച്ചിരുന്ന ഒരു സാധാരണ കുടുംബമായിരുന്നു ഗീതയുടേത്, ആകെയുള്ള പ്രശ്‌നം ഭർത്താവ് ഇന്ദ്രജിത്തിന്റെ മദ്യപാന ശീലം മാത്രം. 

ആ മദ്യപാന ശീലം തന്നെയാണ് ഗീതയുടെയും മക്കളുടെയും ജീവിതം നശിപ്പിച്ചത്. ഒരു ദിവസം മദ്യപിച്ചെത്തിയ ഇന്ദ്രജിത്ത് പതിവു പോലെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. പിണങ്ങി അമ്മയുടെ വീട്ടിലേക്കു പോയ ഗീതയേയും മക്കളെയും അവിടെ ചെന്ന് ആക്രമിച്ചു. മദ്യ ലഹരിയിൽ അയാൾ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയുടെയും രണ്ടും പെൺമക്കളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു. മാരകമായ പൊള്ളലേറ്റ അമ്മയും കുഞ്ഞുങ്ങളും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. ഏകദേശം മൂന്നു മാസത്തോളം ആശുപത്രി വാസം ആയിരുന്നു. തുടർന്ന് ഗീത നൽകിയ പരാതിയിൽ ഇന്ദ്രജിത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. 

മദ്യ ലഹരിയിൽ അയാൾ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയുടെയും രണ്ടും പെൺമക്കളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു. മാരകമായ പൊള്ളലേറ്റ അമ്മയും കുഞ്ഞുങ്ങളും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു...

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ ഗീതയും മക്കളും നേരെ പോയത് സ്വന്തം അമ്മയുടെ അടുത്തേക്കാണ്. എന്നാൽ ഭർത്താവ് മരിച്ച ആ സ്ത്രീക്ക് ഗീതയേയും മക്കളെയും പോറ്റാനുള്ള കഴിവില്ലായിരുന്നു. ഏകദേശം ഒരു വർഷം അവർ അവിടെ താമസിച്ചു. ഈ കാലമത്രയും അയൽവാസികളിൽ നിന്നുള്ള പരിഹാസവും ഒറ്റപ്പെടുത്തലും സഹിക്കേണ്ടതായി വന്നു. വിരൂപമായ മുഖവുമായി പുറത്തിറങ്ങാൻ തന്നെ മടി. നീതുവിനു താഴെയുള്ള കുട്ടിക്ക് ആക്രമണം നടക്കുമ്പോൾ 18  മാസമായിരുന്നു പ്രായം. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോൾ അണുബാധയെ തുടർന്ന് ആ കുട്ടി മരിച്ചു. 

ഈ സമയത്ത് ജയിലിൽ നിന്നും ഇന്ദ്രജിത്തിന്റെ കത്തുകൾ വന്നു തുടങ്ങി. ചെയ്തതു തെറ്റായി പോയി, തനിക്കു മാപ്പു നൽകണം എന്നായിരുന്നു ആ കത്തുകളുടെയെല്ലാം ഉള്ളടക്കം. തന്റെ മകളുടെ ഭാവിയെ ഓർത്തും, അമ്മയ്ക്ക് തങ്ങളെ ഇനി നോക്കാനാവില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞും ഗീത ഭർത്താവിനോട് ക്ഷമിച്ചു. കേസ് പിൻവലിക്കപ്പെട്ട ശേഷം അവർ വീണ്ടും ഒന്നിച്ചു താമസം തുടങ്ങി. അതിനു ശേഷം പൂനം എന്ന ഒരു മകൾ കൂടി ജനിച്ചു അവർക്ക്. കടുത്ത ദാരിദ്ര്യം മൂലമാണ് ആസിഡ് ഒഴിച്ചു ജീവിതം നശിപ്പിച്ചവന്റെ കൂടെ വീണ്ടും ജീവിക്കേണ്ടി വന്നതെന്ന് ഗീത പറയുന്നു .

മകളുടെ ഭാവിയെ ഓർത്തും, അമ്മയ്ക്ക് തങ്ങളെ ഇനി നോക്കാനാവില്ല എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞും ഗീത ഭർത്താവിനോട് ക്ഷമിച്ചു. കേസ് പിൻവലിക്കപ്പെട്ട ശേഷം അവർ വീണ്ടും ഒന്നിച്ചു താമസം തുടങ്ങി...

എന്നാൽ ജയിൽ മോചിതനായിട്ടും ഇന്ദ്രജിത്തിന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും ഉണ്ടായില്ല. ഇപ്പോഴും അയാൾ മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കാറുണ്ട്. തനിക്ക് അന്ന് ആസിഡ് നൽകിയത് സുഹൃത്തുക്കളാണ് എന്നും അന്ന് താൻ അമിതമായി മദ്യപിച്ചിരുന്നു എന്നും ഇന്ദ്രജിത്ത് പറയുന്നു. മകൾ നീതുവിന്റെ മുഖം കാണുമ്പോൾ തനിക്ക് ഏറെ വിഷമമുണ്ട് എന്നും ഇയാൾ പറയുന്നു. 

കഴിഞ്ഞ വർഷം മുതൽ നീതു ആസിഡ് ആക്രമണത്തിന്റെ ഇരകൾ നടത്തുന്ന 'ഷീറോസ് കഫെ'യിൽ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ ജീവിക്കാനുള്ള വരുമാനം അവൾ കണ്ടെത്തുന്നു. എന്നാൽ ഇതൊന്നും തന്നെ നഷ്ടപ്പെട്ട ജീവിതത്തിനു പകരം വയ്ക്കാനാവില്ല. ജീവിതത്തിലെ ഏറ്റവും ദുഖകരമായ കാര്യമാണ് ജീവിതം തകർത്തവനൊപ്പം ജീവിക്കുക എന്നത്. വേറെ നിവൃത്തി ഇല്ലാത്തതിനാൽ അത് ചെയ്യുന്നു ഈ അമ്മയും മകളും  

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam