'അതാണ് ഞാൻ ചെയ്ത തെറ്റ്, കജോളിനെ ഇന്നും ഒരുപാടു സ്നേഹിക്കുന്നു'

കജോളും കരൺ ജോഹറും

സംവിധായകൻ കരൺ ജോഹറും ന‌ടി കജോളും ഉടക്കിപ്പിരിഞ്ഞ വാർത്ത അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ആത്മാർഥ സുഹൃത്തുക്കളായിരുന്ന കജോളും കരൺ ജോഹറും പിണക്കത്തിലായ കാര്യം ഞെട്ടലോടെയാണ് ആരാധകർ എതിരേറ്റത്. കാര്യം പിണക്കമൊക്കെയാണെങ്കിലും കരൺ ജോഹറിന്റെ മനസ്സിൽ ഇപ്പോഴും കജോളിന് ആ പഴയ സ്ഥാനം തന്നെയാണുള്ളത്, തന്റെ കൂട്ടുകാരിയെ അങ്ങനെ അങ്ങു മറക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

''ചില ബന്ധങ്ങൾ വളറെ പവിത്രമാണെന്നാണ് ഞാൻ കരുതുന്നത്, അവർ നിങ്ങളെ വേദനിപ്പിച്ചാലോ ആ വേദനയിൽ നിന്നു നിങ്ങൾ മുക്തമാകാതിരുന്നാലോ അത്തരം വികാരങ്ങളെല്ലാം നിങ്ങൾക്കുള്ളിൽ തന്നെ ഒതുക്കുന്നതാണ് നല്ലത്. പക്ഷേ ഞാൻ ഒരിക്കൽ പരസ്യമായി ഇക്കാര്യം പറഞ്ഞതാണ് എനിക്കു പറ്റിയതെറ്റ്, അങ്ങനെയാണ് ഇതു പുറത്തായതും. എന്തായാലും അതു പറഞ്ഞു പോയി, ഇനി തിരിച്ചെടുക്കാനും കഴിയില്ല. ഞങ്ങൾക്കിരുവർക്കും ആഗ്രഹമുണ്ട്, പഴയ രീതിയിലേക്കു തന്നെ പോകാൻ, കജോളിനോട് ഇപ്പോഴും എനിക്ക് ഒരുപാടു സ്നേഹവുമുണ്ട്'' കരൺ പറയുന്നു. 

തന്റെ മക്കളായ യഷിന്റെയും റൂഹിയുടെയും കാര്യം ആദ്യം അറിയിച്ചതും കജോളിനെയാണെന്ന് കരൺ പറയുന്നു. കുട്ടികൾ ജനിച്ചപ്പോൾ താൻ ആദ്യം സന്ദേശം അയച്ചത് കജോളിനാണ്. ''നീ എനിക്ക് തിരിച്ചു മറുപടി അയക്കണം എന്നില്ല, പക്ഷേ എന്റെ മക്കളുടെ കാര്യം പത്രമാധ്യമങ്ങളിലൂടെയോ ഓൺലൈനിലൂടെയോ നീ അറിയരുതെന്ന് എനിക്കുണ്ട്. അവർ എങ്ങനെയാണ് കാണാൻ ഇരിക്കുന്നതെന്ന് നീ കൂടി കാണണം എന്നാഗ്രഹിച്ചാണ് ഈ സന്ദേശം അയച്ചത്, മറുപടി അയക്കണം എന്നില്ല.'' 

അപ്പോൾ തന്നെ കജോളിൽ നിന്നു തിരിച്ചു മറുപടി ലഭിച്ചു '' അവർ വളരെ മനോഹരമായിരിക്കുന്നു, എന്റെ മക്കൾ എന്നെ സ്നേഹിക്കുന്നതുപോലെ അവരും എല്ലാ സ്നേഹവും നിനക്കു നൽകട്ടെയെന്നു ഞാൻ പ്രത്യാശിക്കുന്നു''. 

എന്തായാലും കരൺ ജോഹറും കജോളും ഒരിക്കൽക്കൂടി സിനിമയിലും ജീവിതത്തിലും നല്ല സുഹൃത്തുക്കളാവാൻ കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. നല്ല സൗഹൃദങ്ങൾ ഒരിക്കലും ഇല്ലാതാകുന്നില്ലെന്നും എത്രത്തോളം അകന്നാലും മനസ്സിനുള്ളിൽ ആ ഇഷ്ടം എന്നും നിലനിൽക്കുമെന്നും പറഞ്ഞുവെക്കുകയാണ് കരൺ. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam