ആർത്തവത്തെക്കുറിച്ച് ആദ്യം പറഞ്ഞു തന്നത് അമ്മയാണ്; വൈറലായി ജോസഫിന്റെ പ്രസംഗം

ജോസഫ് അന്നംകുട്ടി ജോസ്

ആർത്തവത്തെക്കുറിച്ച് പരസ്യമായി പറയരുതെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. സാനിറ്ററി നാപ്കിനുകൾ ആരും കാണാതെ പൊതിഞ്ഞു പിടിക്കേണ്ടതാണെന്നും വസ്ത്രത്തിലെവിടെയെങ്കിലും രക്തക്കറ കണ്ടാൽ അതാരും കാണാതെ നീക്കം ചെയ്യേണ്ടതാണെന്നുമൊക്കെ ധരിച്ചു വച്ചിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. പെണ്ണല്ലാതെ ആണൊരുത്തൻ ആർത്തവത്തെക്കുറിച്ച് സംസാരിക്കുക പോലും ചെയ്യരുതെന്നൊക്കെ പഠിച്ചു വച്ചിട്ടുള്ളവർക്കിടയിലേക്ക് പ്രസക്തമായ ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ​എഴുത്തുകാരനും പ്രാസംഗികനുമൊക്കെയായ േജാസഫ് അന്നംകുട്ടി ജോസ് എന്ന യുവാവ് ആർത്തവത്തെക്കുറിച്ച് ഒരു വിമൻസ് േകാളജിൽ നടത്തിയ പ്രസംഗമാണത്. 

സെന്റ് തെരേസാസ് കോളജിലെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികൾ ആർത്തവ ശുചിത്വ േബാധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സ്റ്റെയിന്‍ ദി സ്റ്റിഗ്മാ' എന്ന ക്യാംപയിൻ ഉദ്ഘാടനം ചെയ്യവേയായിരുന്നു ആർത്തവത്തെക്കുറിച്ചുള്ള ജോസഫിന്റെ ശ്രദ്ധേയമായ പ്രസംഗം. ഇന്നു വരെ ഒരു സാനിറ്ററി പാഡ് പോലും ഉപയോഗിക്കാത്ത ഒരു ചെറുപ്പക്കാരൻ ആർത്തവത്തെക്കുറിച്ചു സംസാരിക്കാൻ വന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് ജോസഫ് ആരംഭിച്ചത്. 

''പഠിക്കുന്ന കാലത്ത് സെക്ഷ്വൽ ക്യൂരിയോസിറ്റിയുടെ ഭാഗമായാണ് പീരിയഡ്സിനെക്കുറിച്ച് ആദ്യം അറിയുന്നത്. അത്രയും ചീപ്പായാണ് തങ്ങൾ ആണുങ്ങൾ ആർത്തവത്തെ മനസ്സിലാക്കിയിരുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ അവസ്ഥയാണ് അമ്മയാവുന്നത്. അതിനു വേണ്ടി ഒരു പെൺകുട്ടിയെ പ്രകൃതി ഒരുക്കുന്നതാണ് ആർത്തവം എന്നു തനിക്കു പറഞ്ഞു തന്നത് അമ്മയാണ്. ഒരു സ്ത്രീശരീരത്തെക്കുറിച്ച് ആൺകുട്ടികൾ മനസ്സിലാക്കുന്നത് സിനിമകളിലൂടെയും പോൺ സിനിമകളിലൂടെയും കൂട്ടുകാരുടെ മസാലകഥകളിലൂടെയുമൊക്കെയാണ്. ഒരു പെൺശരീരത്തെക്കുറിച്ച് ഏറ്റവും നന്നായി പറയാൻ യോഗ്യതയുള്ളത് ഒരു പെണ്ണിനു തന്നെയാണ്. നിങ്ങൾ സ്റ്റിഗ്മകളെ െപാളിച്ചടുക്കി തുറന്നു പറയാൻ തയാറാവണം.''- ജോസഫ് പറയുന്നു.

ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ സ്റ്റിഗ്മകളെ പൊളിച്ചെഴുതാൻ തയാറാവണം. ആരെങ്കിലും ആർത്തവത്തിന്റെ പേരുപറഞ്ഞു കളിയാക്കിയാൽ നിങ്ങളുടെ അമ്മയും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണെന്നു പറയാനുള്ള ധൈര്യം കാണിക്കണം. ഒളിച്ചും പാത്തും ചെയ്യേണ്ട കാര്യമല്ല ഇത്. ലോകത്തെ ഏറ്റവും ശക്തമായ കാര്യം എന്തിനെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള ഹൃദയമാണ്, അതെല്ലാവർക്കും ഉണ്ടാകട്ടെ എന്നാശംസിക്കുന്നുവെന്നും ജോസഫ് പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam