അമ്മച്ചി മണമുള്ള ക്രിസ്മസ്ക്കാലം

Representative Image

നക്ഷത്രവിളക്കുകൾ കണ്ണ് തുറന്ന് പുഞ്ചിരിച്ചുകൊണ്ട് ഓരോ വീടിന്റെ തുഞ്ചത്തും തൂങ്ങിത്തുടങ്ങുമ്പോൾ എന്റെ ഓർമ്മകളിൽ ക്രിസ്മസ് കൂടുതൽ ദീപ്തമാകുന്നു.ആകാശം നിറയെ വെളിച്ചപ്പൊട്ടുകൾ വാരി വിതറി ഡിസംബർ രാത്രികൾ അണിഞ്ഞൊരുങ്ങി നിൽപ്പുണ്ടാവും.മുറ്റത്തെ ചാമ്പമരത്തിന്റെ ഉയർന്ന കൊമ്പിൽ മിന്നിയും തെളിഞ്ഞും രണ്ടു വലിയ നക്ഷത്രങ്ങൾ അപ്പ തൂക്കിയിട്ടുണ്ടാവും. ഇടയ്ക്കിടെ കണ്ണടച്ചും തുറന്നും അവരങ്ങനെ ചിരിച്ചു നിൽക്കും. ചുറ്റുപാടും വെളിച്ചം വിതച്ച് ഇലക്ട്രിക് ബൾബുകൾ സ്വയം ചുവന്നും പച്ചച്ചും നീലിച്ചും തണുപ്പിൽ വിറങ്ങലിച്ചു വിളങ്ങും. മിന്നാമിനുങ്ങുകൾ പോലെ വീടിന് അലങ്കാരമായി അവയിങ്ങനെ മുനിഞ്ഞു കത്തും.

ക്രിസ്മസ് അവധിക്ക് സ്കൂൾ പൂട്ടിയാൽ സൈക്കിളിൽ ഒരു കറക്കമുണ്ട്. കാടായ കാടും മേടായമേടും സൈക്കിളിൽ പറന്നു പായും. ചൂളമരമുള്ള പറമ്പു നോക്കി വെക്കും.

ചൂളമരം കണ്ടു വെച്ചാൽ ആഘോഷമായി അതു വെട്ടിക്കൊണ്ടു വരാൻ ഒരു പോക്കുണ്ട്. കൂട്ടത്തിൽ മൂത്തവർ കണ്ടു വച്ച മരം മുറിക്കാൻ പാഞ്ഞു കയറും. വെട്ടി തുടങ്ങും മുൻപ് തുഞ്ചത്തു കയറു കെട്ടി ഒരറ്റം താഴെ നിൽക്കുന്ന ഞങ്ങൾക്ക് പിടിക്കാൻ തരും. വെട്ടി നിലത്തു വീഴാതെ ചായ്ച്ചിറക്കും. പിന്നെ,പാട്ടൊക്കെ പാടി തുള്ളിക്കളിച്ചു ചൂളമരക്കൊമ്പിനെ വീട്ടിലെത്തിക്കും. മരം ഒരുക്കലാണ് പിന്നെ. വർണ്ണ ബലൂണുകൾ വീർപ്പിച്ചും തോരണങ്ങൾ തൂക്കിയും പഞ്ഞി കലാപരമായി ഒട്ടിച്ചും ക്രിസ്മസ് മരം നിറയ്ക്കും. തുഞ്ചത്തു മുട്ടക്കാട്ടൻ നക്ഷത്രം; മുളകൊണ്ടുണ്ടാക്കി വർണ്ണക്കടലാസ് ഒട്ടിച്ചു തൂക്കും. അപ്പോൾ കണ്ടാൽ മഞ്ഞണിഞ്ഞു നിൽക്കുന്ന അലങ്കരിച്ച മരമെന്നേ തോന്നൂ. അക്കൊല്ലം മുഴുവൻ കുടുക്കയിൽ സൂക്ഷിച്ചു വെച്ച മുഴുവൻ സമ്പാദ്യവും ഞങ്ങൾ ഇതിനൊക്കെയാണ് വിനിയോഗിക്കുക

തടിക്കഷ്ണങ്ങളും പുല്ലും വൈക്കോലും ഇട്ട് കളിമൺ രൂപങ്ങളും നിറച്ചു പുൽക്കൂട് കൂടി തയാറാക്കിയാൽ ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. പുൽക്കൂടിന്റെ മേൽക്കൂര ചാണകം മെഴുകി മണ്ണിട്ട് തിന പാകി വെയ്ക്കും ദിവസങ്ങൾക്ക് മുൻപേ. ക്രിസ്മസ് തലേന്ന് ആകുമ്പോഴേക്കും തിന വളർന്ന് ഭംഗിയിൽ നിൽപ്പുണ്ടാവും.

ഏതാണ്ട് രണ്ടാഴ്ച മുൻപേ കേക്കുണ്ടാക്കാൻ അമ്മച്ചി ഉണക്കപ്പഴങ്ങൾ അരിഞ്ഞു ബ്രാണ്ടിയിൽ കുതിർത്തു വെയ്ക്കും. ഒപ്പം കറുവാപട്ടയും ഗ്രാമ്പൂവും. കേക്കിന്‌ കുഴയ്ക്കുന്ന കൈ നക്കാൻ ഞങ്ങൾ അടികൂടും. അടി കട്ടിയുള്ള അലൂമിനിയം പാത്രത്തിൽ ചെറിയ തീയിൽ കേക്ക് ചുട്ടെടുക്കും. ക്രിസ്തുമസ് എന്നോർക്കുമ്പോഴേ വെന്തു വരുന്ന വായിലിട്ടാൽ അലിയുന്ന കേക്കിന്റെ മണം വന്നു തള്ളുന്നു. ക്രിസ്മസ് തലേന്ന് കപ്പി കാച്ചി കള്ള് ചേർത്തു വെള്ളയപ്പത്തിനു കുഴച്ചു വെയ്ക്കും. ഒരുപാടു തേങ്ങ ചേർത്തു പുളിപ്പിച്ചു ചുടുന്ന വിശിഷ്ട അപ്പത്തെ തലോലിച്ചാണ് രാത്രി കഴിച്ചു കൂട്ടുക.

ഇരുപത്തി രണ്ടാം തീയതി മുതൽ ഒരു ചുവന്ന നെറ്റി സംഘടിപ്പിച്ചു തലവണ കൊണ്ട് വയറും വലിച്ചു കെട്ടി ക്രിസ്തുമസ് പപ്പയുടെ മുഖം മൂടിയും വെച്ചു പാട്ട കൊട്ടി വലിയ ശബ്ദത്തിൽ പാട്ടും പാടി ഞങ്ങൾ കരോളിനിറങ്ങും.അക്കൊല്ലം ചിലവായ തുക ഞങ്ങൾ അങ്ങനെയാണ് തിരിച്ചു പിടിക്കുക. പിരിഞ്ഞു കിട്ടുന്ന കാശിനു ഗോപാലൻ ചേട്ടന്റെ കടയിൽ നിന്നും വയറു നിറയെ പൊറോട്ടയും ബീഫും കഴിക്കും. വർഷത്തിൽ ഒരിക്കൽ മാത്രം, ഞങ്ങൾ പെണ്‍കുട്ടികൾക്ക് രാത്രി പുറത്തിറങ്ങി നടക്കാൻ കിട്ടുന്ന അവസരം ഞങ്ങളെ ശരിക്കും ത്രില്ലടിപ്പിച്ചിരുന്നു. എല്ലാ വല്യേട്ടൻമാരും ഒപ്പം ഉള്ളത് കൊണ്ട് അന്ന് ആരും തടഞ്ഞിരുന്നില്ല രാത്രിസഞ്ചാരം. എങ്കിലും രാവേറെയാകും മുൻപ് ഞങ്ങളെ വീടെത്തിച്ച് അവർ പിന്നെയും ഇരുട്ടിലിറങ്ങി പോകുന്നത് ഞങ്ങൾ പെണ്‍കുട്ടികൾ കൊതിയോടെ നോക്കിനില്‍ക്കുമായിരുന്നു.

പാതിരാകുർബാനയ്ക്ക് പോകാൻ തണുപ്പത്തു കുളിച്ചു,വിറച്ചുവിറച്ച് ഞങ്ങൾ പോകാനിറങ്ങും. പള്ളിയിൽ ഏതെങ്കിലും മൂലയിൽ ഇരുന്ന് ഉറങ്ങിപ്പോകും. ഏതാണ്ട് എഴുമണിയോടു കൂടി കുർബാന കഴിഞ്ഞ് എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതിയെന്നെ ഉള്ളൂ മനസ്സിൽ.

തേങ്ങാപ്പാലിൽ തിളയ്ക്കുന്ന താറാവിറച്ചിയുടെ മണമാണ് ക്രിസ്തുമസ് പുലരിക്ക്, ,മുളകും മല്ലിയും മസാലയും ഇട്ട് തേങ്ങാക്കൊത്തിട്ടു വരട്ടി വറ്റിച്ച പോത്തിറച്ചി അപ്പയ്ക്ക് നിർബന്ധമാണ്. വെള്ളയപ്പം കുറുകിയ ചാറിൽ മുക്കി വായിലിട്ടലിയിച്ചു തിന്നുമ്പോൾ.....ആഹാ...വായിൽ മഞ്ഞനിക്കരപെരുന്നാളിന്റെ ശിങ്കാരിമേളം.അപ്പോൾ മാത്രം തുറക്കുന്ന വൈനിന്റെ വാ വട്ടം കുറഞ്ഞ കുപ്പിക്കഴുത്തിലാണ് അപ്പോൾ ഞങ്ങളുടെ ഹൃദയം. കേക്കും വൈനും കൂടി വിളമ്പിയാലെ ക്രിസ്മസ് ആവൂ.

പൂക്കേക്കും കൊണ്ട് വരുന്ന അന്നമ്മാമ്മയും കൈ നിറയെ ചോക്ലേറ്റുമായി വരുന്ന മോളാമ്മയും പുത്തനടുപ്പും കൊണ്ട് പടികയറി വരുന്ന സൂസാച്ചിയും കൂടിയായിരുന്നു എനിക്ക് ക്രിസ്മസ്

ഉച്ചതിരിഞ്ഞു ഇത്താപ്പനും ഗൗരിയമ്മയും ഉണ്ണാനുണ്ടാവും. അവർക്കും കൊടുക്കും അമ്മച്ചി ഒരു പുത്തൻ. കുന്നുംപുറം കയറി മറിഞ്ഞു കേക്കും അപ്പവും പങ്കുവെയ്ക്കാൻ ഞങ്ങൾ അയല്‍പക്കത്തേക്കും ഓടും.

നിറങ്ങൾ മാത്രമുണ്ടായിരുന്ന അമ്മച്ചി മണമുള്ള ക്രിസ്മസ്ക്കാലം എനിക്കുണ്ടായിരുന്നു. ടി. വിക്ക് മുൻപിൽ ചടഞ്ഞിരിക്കാതെ കടയിൽ നിന്ന് ക്രിസ്മസ് വാങ്ങാത്ത ഒരുഗ്രൻ ഓർമ്മക്കാലം. ചോക്ലേറ്റ് അലുക്കുകളിട്ട ഓർമ്മകളിൽ അമ്മച്ചി നിന്നു ചിരിക്കുന്നു. അങ്ങു ദൂരെ സ്വർഗത്തിൽ മാലാഖമാർക്ക് ക്രിസ്മസ്കേക്കുണ്ടാക്കി കൊടുക്കുകയായിരിക്കണം അമ്മച്ചിയിപ്പോൾ...

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam