Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപരന്റെ ഹൃദയത്തിലാണ് ഞങ്ങൾ പുൽക്കൂട് പണിയുന്നത്: ഫാ. ഡേവിസ് ചിറമേൽ

rev-fr-Davis-Chiramel-special-interview

ഫാ.ഡേവിസ് ചിറമേൽ–നീണ്ട ആമുഖങ്ങളേക്കാൾ ‘കിഡ്നി അച്ചൻ’ എന്ന വിശേഷണം മാത്രം മതി. മറ്റു മനുഷ്യർക്കു വേണ്ടി പോരാടി കൊണ്ടേയിരിക്കുന്ന ഒരാൾ. സ്വന്തം വൃക്ക പകുത്തു നൽകി മാതൃകയായ ഒരു മനുഷ്യന്‍.

രണ്ടുമാസം മുൻപായിരുന്നു കേരളത്തിലെ ഈ വർഷത്തെ നൂറാമത്തെ ഹർത്താൽ നടന്നത്. ആ ദിവസം സ്വന്തം ഇടവകയായ വൈലത്തൂരിൽ കണ്ണും കയ്യും കാലും കെട്ടിയിട്ട് ഡേവിസ് അച്ചൻ കിടന്നു. ഇന്ന് കേരളത്തിൽ ഹർത്താലിനെതിരെ ജനകീയ രോഷം ശക്തമാവുകയും ഹർത്താൽ വേണ്ട എന്ന നിലപാട് ഉയരുകയും ചെയ്യുന്നു. അതിന്റെ  സന്തോഷത്തിലാണ് ഫാ.ഡേവിസ് ചിറമേൽ. 

davis-chiramel3

ഇപ്പോൾ പ്ലാസിറ്റിക്കിനെതിരെയുള്ള പോരാട്ടത്തിലാണു ഡേവിസച്ചൻ. ‘ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ’ എന്നാണ് ദൗത്യത്തിന്റെ പേര്. അതും ഫലപ്രാപ്തി കാണുമെന്ന പ്രതീക്ഷകൾക്കു ശക്തിയേറുന്നു. സമൂഹനന്മ ലക്ഷ്യമിട്ടുള്ള പോരാട്ടങ്ങൾ ഫലം കാണുന്നതിന്റെ സന്തോഷം അദ്ദേഹത്തിന്റെ ഓരോ വാക്കുകളിലുണ്ട്. ക്രിസ്മസിന് കാരുണ്യം പങ്കുവെയ്ക്കാൻ ഒരുങ്ങിക്കഴിഞ്ഞു അച്ചനും അദ്ദേഹത്തിന്റെ ഇടവകയും. ഫാ.ഡേവിസ് ചിറമേൽ മനോരമ ഓൺലൈനോട് വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. 

കയ്യും കാലും കെട്ടി ഹർത്താലിനെതിരെ 

ഞാൻ കയ്യും കാലും കെട്ടി കിടക്കുമ്പോൾ എന്നെ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടരുന്നവരിൽ നിന്നു തന്നെ എതിർപ്പുണ്ടായിരുന്നു. നമ്മള്‍ പ്രവൃത്തി ചെയ്യാതെ വർത്തമാനം മാത്രം പറഞ്ഞിട്ടു കാര്യമില്ലല്ലേ. കയ്യും കാലും കെട്ടി കിടക്കുകയല്ലാതെ വേറെ ഒന്നും ഞാൻ ചെയ്തിട്ടില്ല. അത് ജനങ്ങളുടെ ഇടയിൽ ചലനമുണ്ടാക്കി. പല പ്രശ്നങ്ങളും വിമർശനങ്ങളുമുണ്ടായിരുന്നു. ഞാൻ അതൊന്നും നോക്കാൻ പോയില്ല. എന്റെ മണ്ണിൽ ഞാൻ കിടന്നു. ജനങ്ങളുടെ ഇടയിൽ ഇന്ന് അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു.

ദാനമാണ് ക്രിസ്മസ്, പക്ഷേ

ഒരു അവയവമല്ല, സർവ അവയവും ദാനം ചെയ്തതാണു ക്രിസ്മസ്. കിഡ്നി മാത്രമല്ല, മുഴുവനായിട്ടു തന്റെ പുത്രനെ ദൈവം ദാനം ചെയ്ത ദിവസം. മറ്റൊരു ജീവിക്കും ദൈവത്തിന്റെ ഛായ ഇല്ല. അത് മനുഷ്യനു മാത്രം ഉള്ളതാണ്. ആ ദൈവത്തിന്റെ ഛായ മനുഷ്യനു  നഷ്ടമായി കൊണ്ടിരിക്കുയാണ്. ആ നന്മ മനുഷ്യൻ മറന്നു െകാണ്ടിരിക്കുയാണ്. 

സന്തോഷം പങ്കിടുന്ന ആഘോഷമല്ല, ദുഃഖം പങ്കിടുന്നതിന്റെ ആഘോഷമാണ് ക്രിസ്മസ്. മനുഷ്യകുലത്തിന്റെ ദുഃഖം പങ്കിടാനാണ് അവൻ ഭൂമിയിലേക്കു വന്നത്. രോഗികളുടെയും പീഢിതരുടെയും ദുഃഖത്തിലാണ് യേശുക്രിസ്തു പങ്കുകൊണ്ടത്. അതുകൊണ്ട് ദുഃഖം പങ്കിടുകയാണു വേണ്ടത്. അതിനെയാണു സ്നേഹം എന്നു വിളിക്കുന്നത്. സന്തോഷം പങ്കിടുന്നിടത്തു തല്ലും വഴക്കുമാണ് അവശേഷിക്കുക. ആശുപത്രിയിൽ തല്ലും വഴക്കും ഉണ്ടാവില്ലല്ലോ. കാരണം അവിടെ ദുഃഖമാണ് പങ്കിടുന്നത്. ക്രിസ്തുമസിന് ദുഃഖമാണു പങ്കിടേണ്ടത്. അപരന്റെ ദുഃഖം.

ഉണ്ണി യേശുവിനെ കാണാൻ പുൽക്കൂട്ടിൽ വന്നവരുടെ കയ്യിലെല്ലാം അധികാരത്തിന്റെ മുദ്ര ഉണ്ടായിരുന്നു. രാജാക്കന്മാര്‍ക്ക് കിരീടം, ആട്ടിടയന്മാരുടെ കയ്യിൽ വടി അങ്ങനെ അധികാരത്തിന്റെ മുദ്ര എല്ലാവരിലും കാണാം. അതൊന്നുമില്ലാത്ത ഒരാൾ മാത്രം അവിടെ, ഉണ്ണിയേശു. ഒരുപാട് അർഥങ്ങളുണ്ട്. ഭൂമിയിൽ വന്നിട്ട് അധികാരങ്ങളൊന്നും ഒന്നുമല്ല എന്നു പറയുകയായിരുന്നു ദൈവപുത്രൻ. 

ദുഃഖം പങ്കുവെയ്ക്കാം,

ദുഃഖം പങ്കിടുമ്പോഴാണ് യഥാർഥ സന്തോഷമുണ്ടാകുന്നത്. അതാണ് ക്രിസ്മസ്. അവനവന്റെ വലിപ്പം കാണിക്കാനുള്ള അവസരമായിട്ടാണ് മനുഷ്യൻ ജീവിതം കാണുന്നത്. വലിയ വീട് വെച്ചിട്ട് ഞാൻ വലിയ വീട്ടിലെ ആളാണെന്നു പറയുക. വിലകൂടിയ വസ്ത്രം ധരിക്കുക, വിലകൂടിയ കാർ 

davis-chiramel (2)

ഉപയോഗിക്കുക എന്നിട്ട് ഞാൻ ഇതൊക്കെയുള്ള ആളാണെന്നു കാണിക്കുക. എന്തൊക്കെ കാണിച്ചാലും മനുഷ്യനല്ലേ?. വെറും മണ്ണാങ്കട്ട മാത്രമാണ് അവസാനം ബാക്കിയാവുക. എന്തൊക്കെ ചെയ്താലും മനസ്സ് നന്നായില്ലെങ്കിൽ ഒരു കാര്യവുമില്ല. 

മനുഷ്യകുലത്തിനു വേണ്ടി ദാനം ചെയ്യലാണ് ക്രിസ്മസ്. കിട്ടുമ്പോഴുള്ള സന്തോഷം കിട്ടിയാൽ കഴിയും, കൊടുക്കുമ്പോഴുളളത് ഒരിക്കലും കഴിയില്ല. 

ഇടവകയിലെ ആഘോഷങ്ങൾ

‘നവകേരള ക്രിസ്മസ് സ്നേഹ സംഘമ’മാണ് വൈലത്തൂരിൽ നടക്കുക. നാട്ടില്‍ ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് ആരും വീട്ടിൽ ഭക്ഷണം പാകം ചെയ്യേണ്ട. ഇടവകകാര്‍ എന്നല്ല നാട്ടുകാര്‍ ആരും. എല്ലാവരും ചേർന്ന് ചെറിയൊരു സ്നേഹവിരുന്ന്. അവിടെ വരുന്ന കിഡ്നി രോഗികൾ ഉണ്ട്. അവർക്ക് എല്ലാവർക്കും ഡയലൈസർ വീതം കൊടുക്കുന്നുണ്ട്. മൂന്നു മതത്തിൽപ്പെട്ട ഓരോ പെൺകുട്ടികൾക്ക് ഒന്നര ലക്ഷം രൂപയുടെ സ്വർണവും 20000 രൂപയും വിവാഹാവശ്യങ്ങൾക്കായി കൊടുക്കുന്നു. നിർധനരായ ഒരു കുടുംബത്തിനു വീടു പണിയാൻ ഒരു ലക്ഷം രൂപ നൽകും. സൈമണ്‍ എന്നൊരാളുടെ കിഡ്നി ഓപ്പറേഷന് ആറ് ലക്ഷവും. ആകെ 15 ലക്ഷം രൂപയോളം ചെലവ്. ആ കാരുണ്യം പങ്കുവെച്ചാണു ഞങ്ങൾ ക്രിസ്മസ് ആഘോഷിക്കുന്നത്. 

അപരന്റെ ഹൃദയത്തിലാണു ഞങ്ങൾ പുൽക്കൂട് പണിയുന്നത്, സ്നേഹം കൊണ്ടുള്ള പുൽക്കൂട്. 

പാളപാത്രവും മണ്‍ ഗ്ലാസും

ക്രിസ്മസിന് അവിടെ ഗ്രീൻ പ്രോട്ടോകോളാണ്. പാളപാത്രത്തിലാണ് അന്നു ബിരിയാണി കൊടുക്കുന്നത്. വെള്ളം കുടിക്കാൻ മണ്ണിന്റെ ഗ്ലാസ്.  പ്ലാസിക് പാത്രമോ പേപ്പർ ഗ്ലാസോ ഉപയോഗിക്കുന്നില്ല. ഇത്രയും കാര്യങ്ങളൊക്കെ ഞങ്ങള് ക്രിസ്മസിന് ചെയ്യും.