Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെ ഏറ്റവും ആനന്ദമുള്ള മനുഷ്യന്‍ കഴിയുന്നത് കാറ്റടിച്ചാൽ കീറിപ്പൊളിയുന്ന കുടിലിൽ !

Matthiew Ricard മാത്യു റിക്കാർ

ലോകത്തെ ഏറ്റവും ആനന്ദമുള്ള മനുഷ്യനാരെന്നു ഗൂഗിളിനോടു ചോദിച്ചാൽ ഉത്തരം ‘ മാത്യു റിക്കാർ’ (Matthieu Ricard). അദ്ദേഹത്തിന്റെ സുവിശേഷം ഒറ്റവരിയിൽ ഇങ്ങനെ-അനുകമ്പയാണ് ആനന്ദത്തിലേക്കുള്ള വഴി. ആ വഴി തിരിഞ്ഞാണു റിക്കാർ പതിറ്റാണ്ടുകൾക്കു മുൻപ് ഫ്രാൻസിൽ നിന്നു ഹിമാലയത്തിലേക്കും ടിബറ്റൻ ബുദ്ധിസത്തിലേക്കും യാത്രയായത്. പാസ്‌ചർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നു മോളിക്യുലർ ജനറ്റിക്‌സിൽ ഡോക്‌ടറേറ്റ് നേടിയ റിക്കാർ ഇന്നു വർഷത്തിലെ ഏറെ ദിനങ്ങളും ഹിമാലയത്തിൽ, കാറ്റടിച്ചാൽ കീറിപ്പൊളിയുന്ന ചെറിയ കുടിലിൽ കഴിയുന്നു. അദ്ദേഹം പറയുന്നു:    

മാരത്തൺ ഓടുന്നതുപോലെയാണ് ആനന്ദത്തിലേക്കുള്ള യാത്ര. ഒരു ദിവസം പെട്ടെന്നു ചാടിയെഴുന്നേറ്റ് ഓടി പൂർത്തിയാക്കാനാവില്ല. പതുക്കെ ഓടിയോടി മുഴുവൻ ദൂരവും താണ്ടാനുള്ള ശേഷി നേടണം. അതുപോലെ മനസ്സിനെ ഒരുക്കിയെടുത്താലേ ആനന്ദത്തിലേക്ക് എത്താനാകൂ. ദിവസവും 15 മിനിറ്റ് ശുഭകരമായ കാര്യങ്ങൾ മാത്രം ആലോചിക്കുക. നല്ല കാര്യങ്ങൾ കൊണ്ടു മനസ്സു നിറയ്‌ക്കുക. രണ്ടാഴ്‌ചയാകുമ്പോഴേക്കും മനസ്സു മാറിത്തുടങ്ങുന്നു. ഉൾകലക്കങ്ങൾ മാറുന്നു. ആനന്ദം തെളിയുന്നു. 

കേവല സന്തോഷങ്ങളെ പരമാനന്ദമായി തെറ്റിദ്ധരിക്കുന്നവരാണു ഭൂരിഭാഗവും. വന്നതിലും വേഗത്തിൽ മടങ്ങുന്ന അത്തരം അനുഭവങ്ങൾ ആനന്ദമല്ല. ദുഃഖിതനായിരിക്കുമ്പോഴും സാധ്യമാണ്, ആനന്ദമെന്ന അനുഭവം. ഒരിക്കൽ നാം ആനന്ദത്തിലേക്ക് എത്തിയാൽ അതു നമ്മെ വിട്ടുപോകില്ല. തണുക്കുമ്പോൾ ചൂടു കായാം. എന്നാൽ തണുപ്പു പോയിട്ടും നെരിപ്പോടിനരികെ ഇരുന്നാലോ വിയർക്കാൻ തുടങ്ങും, പിന്നെ പൊള്ളാനും. അതുപോലെയാണ് നിമിഷങ്ങളുടെ ആയുസ്സു മാത്രമുള്ള വെറും സന്തോഷങ്ങൾ. പെട്ടെന്നു മടുക്കും. 

എന്നും നിലനിൽക്കുന്ന ആനന്ദം എങ്ങനെ കണ്ടെത്താമെന്നു ചോദിച്ചാൽ ലളിതമാണ് മറുപടി: ‘ഞാൻ, ഞാൻ എന്ന് എപ്പോഴും ചിന്തിക്കാതിരിക്കുക’. ഞാൻ എന്ന കുറ്റിയിൽ കിടന്നു കറങ്ങുകയാണു മനുഷ്യർ. ആ കെട്ടു പൊട്ടിക്കുക. ഞാൻ എന്ന് എപ്പോഴും ചിന്തിക്കുന്നയാൾക്കു ബാക്കി ലോകം മുഴുവൻ എതിരാളിയാണ്, ഭീഷണിയാണ്. അപരരെല്ലാം നരകം. മനസ്സുകൊണ്ടും ശരീരം കൊണ്ടും ദയ കാട്ടിയാൽ മതി. ആനന്ദം ഇങ്ങോട്ടു തേടി വരും. അനുകമ്പയുള്ളവരാകുക എന്നതിനു നമ്മളെ മുതലെടുക്കാൻ ആരെയെങ്കിലും അനുവദിക്കുകയെന്ന് അർഥമില്ല. യുക്‌തിക്കകത്തു നിന്നുതന്നെ ദയാലുക്കളാകാം. 

256 സെൻസറുകൾ ഘടിപ്പിച്ചാണ് ന്യൂറോ സയന്റിസ്റ്റുകൾ ഈ ബുദ്ധസഞ്ചാരിയുടെ മസ്തിഷ്കത്തെ പഠിച്ചത്. അനുകമ്പാ ധ്യാനം ചെയ്യവേ റിക്കാറിന്റെ മസ്തിഷ്കത്തിൽ കണ്ടെത്തിയത് അസാധാരണ ഗാമാ തരംഗങ്ങൾ. ഗാമാ തരംഗങ്ങൾ കൂടുന്നത് ഉയർന്ന അവബോധം, ശ്രദ്ധ, ഓർമ എന്നിവയുടെ സൂചന.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam