Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം കുഞ്ഞ് വളരുന്നത് മറ്റൊരു കുടുംബത്തിൽ, തിരിച്ചറിഞ്ഞിട്ടും നിസ്സഹായരായി അവർ !

Baby Representative Image

പിറന്നുവീണയുടൻ കുഞ്ഞുങ്ങൾ തമ്മിൽ മാറുന്ന കഥകൾ സാധാരണ സിനിമകളിലാണ് നാം കണ്ടിട്ടുള്ളത്. നഴ്സ്മാരുടെയോ മറ്റേതെങ്കിലും ആശുപത്രി അധികൃതരുടെയോ കയ്യബദ്ധത്തിൽ കുഞ്ഞുങ്ങൾ മാറിപ്പോവുന്ന സംഭവങ്ങൾ പക്ഷേ നിത്യജീവിതത്തിലും ഉണ്ടായിട്ടുണ്ട്. സ്വന്തം കുഞ്ഞാണെന്ന ധാരണയില്‍ ഓമനിച്ചു വളർത്തി വർഷം കുറച്ചു കഴിയുമ്പോൾ അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞല്ലെന്നു തിരിച്ചറിയുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? അപ്പോൾ പലരും അത്രയുംനാൾ മുലപ്പാലൂട്ടി സ്നേഹിച്ചു വളർത്തിയ കുഞ്ഞിനെ കൈമാറാൻ േപാലും കഴിയാത്ത മാനസികാവസ്ഥയിലായിരിക്കും. അസമിലെ ഗുവാഹത്തിയിൽ നിന്നും പുറത്തു വരുന്നൊരു കഥയും അത്തരത്തിലുള്ളതാണ്. 

ബോഡോ കുടുംബത്തിലും മുസ്ലിം കുടുംബത്തിലും പിറന്ന കുഞ്ഞുങ്ങൾ മാറിപ്പോയതറിയാതെ ഇരുകുടുംബങ്ങളും വളർത്തിയത് രണ്ടു വർഷമാണ്. മംഗൽഡോയ് സിവിൽ ആശുപത്രിയിലാണ് ഗുരുതരമായ പിഴവു സംഭവിച്ചത്. അനിൽ ബോഡോയുടെയും സെവാലിയുടെയും കുഞ്ഞും സഹാബുദ്ദീൻ അഹമ്മദിന്റെയും സലിമ അഹമ്മദിന്റെയും കുഞ്ഞുമാണ് പരസ്പരം മാറിപ്പോയത്. തുടക്കത്തിൽ ഇരുകുടുംബങ്ങൾക്കും ഇക്കാര്യം പിടികിട്ടിയതുമില്ല. 

പിന്നീ‌ടൊരിക്കൽ സംശയം തോന്നിയ സബാഹുദ്ദീൻ അഹമ്മദ്  ഇക്കാര്യം സംബന്ധിച്ച് ഒരു കേസ് നൽകുകയാണ് ആദ്യം ചെയ്തത്. താൻ തന്നെ മുൻകയ്യെടുത്ത് ഡിഎൻഎ ‌ടെസ്റ്റ് നടത്താനും സഹബുദ്ദീൻ തീരുമാനിച്ചു. ഡിഎൻഎയുടെ ഫലം വന്നപ്പോഴാണ് സഹാബുദ്ദീനും ഭാര്യയും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാതിരുന്ന ആ കാര്യമായിരുന്നു സത്യമെന്നു മനസ്സിലായത്. അവർ പൊന്നോമനയായി വളർത്തിയിരുന്ന കുഞ്ഞ് യഥാർഥത്തിൽ അവരുടേതായിരുന്നില്ല. 

എന്നാൽ സത്യം എന്താണെന്നു തിരിച്ചറിഞ്ഞിട്ടും മനുഷ്യത്വം കൈവിടാതെയുള്ള സഹാബുദ്ദീന്റെയും ഭാര്യയുടെയും സമീപനമാണ് അവരെ വ്യത്യസ്തരാക്കിയത്. സ്വന്തം കുഞ്ഞായി വളർത്തിയ കുരുന്നിനെ ഇനി തങ്ങളുടേതല്ലെന്നു കണക്കാക്കാനാവില്ലെന്നും തിരിച്ചു നൽകാൻ കഴിയുന്നില്ലെന്നുമാണ് ഇരുവരും ഒരേസ്വരത്തിൽ പറയുന്നത്. അനിൽ ബോഡ്യ്ക്കും ഭാര്യക്കും ഇക്കാര്യത്തിൽ എതിരഭിപ്രായമില്ല. 

മാത്രമല്ല കുട്ടികളും സ്വന്തം അമ്മയും അച്ഛനുമായി കണ്ടു സ്നേഹിച്ച ചുറ്റുപാടിൽ നിന്നും പെട്ടെന്നൊരു മാറ്റം അവർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ലെന്ന് ഈ കുടുംബങ്ങൾ മനസ്സിലാക്കുന്നു. സത്യത്തേക്കാളും വലുത് മനസ്സിന്റെ വലിപ്പമാണെന്നു ശരിവെക്കുകയാണ് ഈ രണ്ടുകുടുംബങ്ങളും. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam