Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയിനി മുന്നിലുണ്ടായിട്ടും തിരിച്ചറിയാനാവാതെ; വൈറലായി ഒരു പ്രണയകഥ‌

 Couple Representative Image

പ്രണയം നിർവചനാതീതമാണ്, ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി ഒരു പുഴപോലെ ഒഴുകുന്ന പ്രണയത്തിനിടയ്ക്ക് നാം പ്രതീക്ഷിക്കുന്നതിലും അപ്പുറമായ കാര്യങ്ങളും സംഭവിക്കാം. പ്രാണനെപ്പോലെ സ്നേഹിച്ച് അവളെ സ്വന്തമാക്കി സന്തുഷ്ടജീവിതം നയിക്കുന്നതിനിടെ പ്രണയിനിയുടെ മുഖം മറന്നു പോകുന്ന സാഹചര്യം വന്നാലോ? അതെ പ്രണയം ഉള്ളിലുണ്ടായിട്ടും പ്രണയിനിയെ മറന്നുപോകുന്ന ഒരാളുടെ കഥ പറഞ്ഞ രാരിമ ശങ്കരൻകുട്ടി എന്ന യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു ജീവിതകഥ വായനക്കാരുടെ ഹൃദയം സ്പർശിക്കുകയാണ്. 

തനിക്കിതുവരെ കണ്ടതിൽ ഏറ്റവും അധികം അസൂയ തോന്നിയ കമിതാക്കൾ എന്ന ആമുഖത്തോടെയാണ് രാരിമ സാജന്റെയും ലിനിയുടെയും കഥ തുടങ്ങുന്നത്. അനാഥനായ സാജനെ പ്രണയിച്ച ലിനിയെ വീട്ടുകാർ മനസ്സുകൊണ്ടു പുറന്തള്ളിയിരുന്നു. പിന്നീടുള്ള കാലം സാജനൊപ്പമായിരുന്നു അവളുടെ ലോകം. പതിയെ മെൽബണിലേക്കു പറന്ന അവളുടെ ജീവിതത്തിൽ പക്ഷേ പ്രതീക്ഷിക്കാതെയുണ്ടായ ആ കാര്യങ്ങളെക്കുറിച്ചറിയുന്നത് വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടപ്പോഴായിരുന്നു. 

പ്രണയത്തിന്റെ മഞ്ഞോർമകളുണ്ടെങ്കിലും തന്നെപ്പോലും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണിപ്പോൾ സാജൻ എന്ന് ലിനി രാരിമയെ അറിയിച്ചു. ആദ്യം അൽസ്ഹൈമേഴ്സ് ആയിരിക്കുമെന്നാണ് രാരിമ കരുതിയത് എന്നാൽ മുഖങ്ങൾ തിരിച്ചറിയാനാവാത്ത പ്രൊസോപഗ്നോസ്യ എന്ന അവസ്ഥയ്ക്ക് അടിമപ്പെട്ടിരിക്കുകയായിരുന്നു സാജൻ. ഒരിക്കൽ മകളെ തിരിച്ചുവിളിക്കാൻ പോയപ്പോൾ അവൾക്കു പകരം മറ്റൊരു കുട്ടിയെ കാറിൽ കയറ്റാൻ പോവുക പോലുമുണ്ടായി. ആൾക്കാരുടെ മുഖം തിരിച്ചറിയാനാവാത്ത സാജൻ അവരുടെ ശബ്ദമോ വേഷമോ ആംഗ്യവിക്ഷേപങ്ങളോ വഴിയാണ് ആളുകളെ തിരിച്ചറിയുന്നതത്രേ.. 

രാരിമയുടെ പോസ്റ്റിലേക്ക്...

എഴുപതുകളിൽ ബാല്യവും എണ്‍പതുകളില്‍ കൗമാരവും യൗവ്വനവും തൊണ്ണൂറുകളില്‍ കുടുംബ പ്രാരാബ്ദവുമായവർക്കറിയാം അക്കാലത്ത് പ്രേമവിവാഹം എത്ര കുറവായിരുന്നെന്ന് .

സൈക്കിൾ പയ്യെ തള്ളിക്കൊണ്ടുപോകുന്ന പൊടിമീശക്കാരൻ. നാണത്തിൽ കുതിർന്ന് ചെറുചിരിയോടെ വിടർന്ന കണ്ണുകളിൽ സ്വപ്നങ്ങൾ മൊത്തം ഒളിപ്പിക്കാൻ ശ്രമിച്ച് അവനിൽ നിന്ന് മനപൂർവ്വം സൃഷ്ടിച്ച അകലത്തിൽ ഒപ്പം നടക്കുന്ന നീളൻ പാവാടക്കാരി. 'ദേ നോക്ക് ' എന്നു പറഞ്ഞ് ഞങ്ങൾ കൗമാരക്കാരികൾ കൗതുകത്തോടെ കണ്ട കാഴ്ച.അതും കടന്ന് എന്റെ കൂട്ടുകാരിൽ ചിലർ കടുത്ത പ്രണയത്തിൽപ്പെടുന്നത് കോളേജ് ലൈഫിലാണ്.ഇന്നുവരെ കണ്ടതിൽ എനിക്ക് അസൂയ തോന്നിയ കമിതാക്കൾ.... 

അല്ലേ വേണ്ട ആ വാക്കെനിക്കിഷ്ടമല്ല.... 'പ്രണയികൾ '... സാജനും ലിനിയും!

ഒരു എട്ടാം ക്ലാസ്സ്കാരിയുടെ കുട്ടിത്തമുള്ള മുഖമായിരുന്നു തിരുവനന്തപുരത്ത് ഹോസ്റ്റലിൽ എന്റെ തൊട്ടടുത്ത റൂമിലുണ്ടായിരുന്ന ലിനിക്ക് . Alliance française ൽ ഫ്രെഞ്ച് പഠിക്കാനെത്തിയ ഒരു ചിലപ്പി.അവൾ ഞങ്ങൾക്കെല്ലാം 'ചീവീട് ' ആയിരുന്നു. പാർട്ട് ടൈമായി 

ട്രാവൽ & ടൂ റിസം കോഴ്സ് ചെയ്തിരുന്ന അവളുടെ ക്ലാസ്സിൽ തന്നെയുള്ള മെലിഞ്ഞു കൊലുന്നനേയുള്ള അധ്വാനിയായ യുവാവ് - സാജൻ.

അവർ തമ്മിലുള്ള ഇഷ്ടം മുളയ്ക്കുന്നതു മുതൽ അതിനിടയിലെ തടസ്സങ്ങളുടെ എല്ലാ തോടുകളും പൊട്ടിച്ച് പ്രകാശത്തിലേക്ക് വിരല്‍ നീട്ടി പ്രണയം വളർന്ന് പൂമരമാകുന്നതുവരെയുള്ള വിശേഷങ്ങൾ സകലതും ലിനി ഞങ്ങളോട് പങ്കു

വെച്ചിരുന്നു.ഇരുപതാം നൂറ്റാണ്ടിലെ

'നോട്ടത്തിലും പുഞ്ചിരിയിലും ഒതുങ്ങിയ ഇഷ്ടത്തിന് ' അപവാദമായി അവളെ ഒറ്റക്ക് കിട്ടിയ അവസരത്തിൽ സാജൻ പറഞ്ഞു.

' എടോ എനിക്ക് നല്ല ഒരു ജോലിയാകും വരെ കാത്തിരിക്കുന്നോ ?തന്നെ കാണാതിരികുവാൻ വയ്യെന്നായിട്ടുണ്ട്. '

ലിനിയ്ക്കും ആലോചിക്കാനൊന്നുമില്ലായിരുന്നു. അവൾ പറഞ്ഞു.

'സമ്മതം. എന്നെ കണ്ടുമടുത്തൂന്ന് പറയല്ലെന്ന് മാത്രം!

'യുറേക്ക. സാജൻ സംസാരിച്ചേ ' എന്നും വിളിച്ച് കൂവി വൈകിട്ട്

ഹോസ്റ്റലിലെത്തിയ അവൾ സാജന്റെ

ബോൾഡ്നെസ് എത്ര കുറച്ച് ആൺ കുട്ട്യോൾക്കെ ഉള്ളുവെന്ന് പ്രശംസിക്കുമ്പോൾ ഞങ്ങൾ കണ്ടു ഒരു കാമുകിയുടെ കണ്ണുകളിലെ പ്രണയ നദി കരകവിഞ്ഞൊഴുകുന്നത്.

അവരുടെ പ്രേമത്തിലും പൈങ്കിളിയുണ്ടായിരുന്നു , സൌഹൃദമുണ്ടായിരുന്നു, വഴക്കുകളും, അടികൂടലും പിണക്കവും ഉണ്ടായിരുന്നു...സ്വപ്നങ്ങളും ചിരിയുമുണ്ടായിരുന്നു.

പക്ഷെ ചിന്തയിൽ അഗ്നിപടർന്നപ്പോൾ പ്രപഞ്ചം മുഴുവൻ പ്രേമമയമായി എന്നു മാത്രം!

ഓരോ മനുഷ്യനും ഓരോ തുരുത്ത് പോലെയാണ്. നാലു വശവും എന്തൊക്കെയോ കൊണ്ടു വളഞ്ഞ്ഒറ്റയ്ക്കിരിക്കുന്ന ഒരു കാട്. സാജനെ ചുറ്റിയും ഒരു സങ്കടക്കാടുണ്ട്.അവൻ അനാഥനായിരുന്നു..

കൈക്കുഞ്ഞായിരിക്കുമ്പോൾ അപകടത്തിൽ രക്ഷകർത്താക്കൾ

നഷ്ടമായശേഷം ഏതൊ ഒരു ബന്ധുവിന്റെ സംരക്ഷണത്തിൽ ബോഡിങ്ങിലും ഹോസ്റ്റലുകളിലുമായിരുന്നു അവന്റെ ജീവിതം.

ഇക്കാരണത്താൽ വിവാഹത്തോടെ ലിനിയുടെ വീട്ടുകാർ പ്രത്യേകിച്ചും സഹോദരൻ അവളെ മനസ്സ് കൊണ്ട് പുറന്തള്ളി.... 'ഇപ്പോ ഞാനും സാജനും ഒരുപോലെ ' എന്നായിരുന്നു അവളുടെ പ്രതികരണം

അങ്ങനെ ജീവിതത്തിന്റെ നോവും നിറവും പൂവും പൂമ്പാറ്റയുമായി വസന്തം തീർത്ത് സനാഥരല്ലാതെ അവർ ഒന്നായി. സാജന്

നല്ല ജോലി കിട്ടി അവരൊന്നിച്ച് മെൽബണിലേക്ക് പറന്നു.

പക്ഷെ അന്നത്തെ കൊച്ചു സുന്ദരിക്കുട്ടി ഇന്ന് തടിയും ഉയരവും വെച്ച് വലിയ സ്ത്രീയായപോലെ. ഇവിടെ കോട്ടയത്ത് ജോയ് മാളിൽ വെച്ചാണ് 30 വർഷങ്ങൾക്ക് ശേഷം ലിനിയെ കണ്ടത്.മുഖത്തിന്റെ 'ഓമനത്തം' ബാക്കി നിൽക്കുന്നതുകൊണ്ടെനിക്കവളെ പെട്ടെന്ന് മനസിലായി.

പക്ഷെ രാരിമയുടെ 'മുടമ്പല്ല് ചിരി ' കണ്ടപ്പോഴെ ഞാൻ തിരിച്ചറിഞ്ഞുള്ളു. അവൾ പറഞ്ഞു.

'ഏയ് ഞാനത്രയൊന്നും മാറീട്ടില്ല" എന്ന് സ്വയം സമാധാനിച്ച് ഷോറൂമിലെ കണ്ണാടിയിൽ നോക്കുന്നതിനിടയിൽ അവളോട് ചോദ്യമെറിഞ്ഞു. "എങ്ങനുണ്ട് നിന്റെ ഓസ്ട്രേലിയ ?''

ഒരു ഇൻറർനാഷനൽ സ്കൂളിൽ ഫെഞ്ച് പഠിപ്പിച്ചിരുന്ന അധ്യാപികയായത് കൊണ്ടാകും പകരം ഒരു മറുചോദ്യമായിരുന്നു ലിനിയുടെ മറുപടി.

''സാജനേപ്പറ്റിയറിയേണ്ടെ തനിക്ക്?''

സ്വല്പം ചമ്മിയെങ്കിലും 'പിന്നേ വേണ്ടേ?' എന്നായി ഞാൻ.

'അയാൾക്ക് നല്ല സുഖമില്ല. 

പ്രണയത്തിന്റെ മഞ്ഞോര്‍മ്മകള്‍ ഉണ്ട് പക്ഷെ എന്നെ പോലും വേർതിരിച്ചറിയാനാകുന്നില്ല സാജന്. '

അൽസ്ഹൈമേഴ്സ്.??

നിഷേധാർത്ഥത്തിൽ തലയാട്ടി അവൾ തുടർന്നു - ''അതല്ല.മുഖങ്ങൾ തിരിച്ചറിയാനാവാത്ത അവസ്ഥ.''പ്രൊസോപഗ്നോസ്യ''.

അവരുടെ ഒരേയൊരു മകൾ മെഡിസിൻ വിദ്യാർത്ഥിനി അനിക പ്രൈമറി ക്ലാസ്സിൽ പഠിച്ചിരുന്ന സമയം .ഒരു ബർത്ത് ഡേ പാർട്ടിക്ക് പോയ അനികയെ തിരിച്ചു വിളിക്കുവാൻ ചെന്ന സാജൻ മറ്റൊരു കുട്ടിയെ കാറിൽ കയറ്റുവാൻ കൈകളിൽ പിടിച്ചു വലിച്ചപ്പോൾ മകൾ ഓടിയെത്തിയാണ് തടഞ്ഞത്.അന്നവിടെ അത് ഒരു കോമഡി സീൻ ആയി മാറി.

പിന്നീട് ഒരു തലവേദനയുടെ ക്ഷീണാധിക്യത്താൽ തുടർച്ചയായി 15 മണിക്കൂർ ഉറക്കം ,പിന്നെ ഉണർച്ചയുടെ ഒടുവിൽ എന്തോ ഒരു നഷ്ടം എവിടേയോ ഒരു മിസ്സിംഗ്.ആൾക്കാരുടെ മുഖം 

സാജന് തിരിച്ചറിയാനാവുന്നില്ല .അവരുടെ ശബദ്മോ വേഷമോ ആംഗ്യവിക്ഷേപങ്ങളോ വഴിയാണ് തിരിച്ചറിയുവാനെളുപ്പം. അതിനാൽ എപ്പോഴും അനിക പിങ്കും ലിനി ബ്ലൂവും വസ്ത്രങ്ങൾ ആണത്രെ ധരിക്കാറ്.

മടങ്ങുവാൻ തുടങ്ങുവാൾ എന്റെ തോളിൽ തട്ടി അവൾ കുലുങ്ങി ചിരിച്ചു. 

'താൻ മൂഡ് ഓഫ് ആയോ. സെന്റിയടിക്കേണ്ട കേട്ടോ.. പ്രേമത്തിൽ അണച്ചുപിടിക്കുന്നയാൾ തന്നെയാണ് എന്റെ സാജനിപ്പോഴും.ദേ എനിക്കൊരു കുഴപ്പോമില്ല. പിന്നെ ''ടെൻഷൻതീറ്റ '' കൊണ്ടാകും നല്ല തടിയും വെച്ചിരിക്കുവാണെന്നെ '

തിരക്കഭിനയിച്ചു പോരുമ്പോളോർത്തത് ഒന്ന് മാത്രം.കാഴ്ചകൾക്ക് കേൾവികൾക്ക് ഓർമ്മകള്‍ക്ക് അക്ഷരത്തെറ്റ് വരാം..പക്ഷെ പ്രണയത്തിൽ തെറ്റ് എന്നൊന്നില്ല. അല്ലേ?

ശ്ശെ ഈ കാറ്റിന്റെ ഒരു കുസൃതി.എന്തിനാണ് എവിടെയോ പതിയ്ക്കേണ്ട കരടിനെ എന്റെ കണ്ണിൽ കൊണ്ടിടുന്നത് .. പിന്നെ അത് നീർക്കണങ്ങളായി മാറ്റുന്നത്... ...😔

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam