ഒന്നുമില്ലായ്മയിൽ നിന്ന് കോടീശ്വരനിലേക്ക് എത്തിയ ഇലോണ്‍ മസ്‌ക് !

ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌ക്കിന്റെ പേര് ചര്‍ച്ച ചെയ്യാത്ത ഒരു ദിവസം പോലും മാധ്യമങ്ങള്‍ക്കുണ്ടാകില്ല. അത്രയ്ക്കുണ്ട് ഒന്നുമില്ലായ്മയില്‍ നിന്നും വിജയത്തിലേക്ക് എപ്പോഴും കുതിച്ചുകൊണ്ടിരിക്കുന്ന ഈ സംരംഭകന്റെ വശ്യത. കാലത്തിനും മുമ്പേ നടന്നു മസ്‌ക്ക് എന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി. ടെസ്ല, സ്‌പേസ് എക്‌സ്, പെപല്‍...ഒരു യുഗത്തിന്റെ ദിശ തന്നെ മാറ്റി മറിക്കുന്ന ഈ മാന്ത്രികന്റെ ജീവിതശൈലിയെക്കുറിച്ച് അറിയണമെന്നില്ലേ?. ഓരോ സംരംഭകനും അറിയാന്‍ ആഗ്രഹിക്കുന്ന ഇലോണ്‍ മസ്‌ക്കിന്റെ എട്ട് വ്യക്തിഗത ശീലങ്ങള്‍ ഇതാ..

1. ആറ് മണിക്കൂര്‍ ഉറക്കം നിര്‍ബന്ധം

സംരംഭകത്വം അഭിനിവേശമായതുകൊണ്ട് പണ്ടെല്ലാം ഉറക്കം കളയുക പതിവായിരുന്നു. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലെന്ന് മസ്‌ക്കിന് ബോധ്യമായി. ഉറക്കം കുറയ്ക്കുന്നത് ഉല്‍പ്പാദനക്ഷമത കുറയ്ക്കുമെന്നാണ് ഇ്‌പ്പോള്‍ ആശാന്റെ പക്ഷം. അതുകൊണ്ട് ദിവസവും ആറ് മണിക്കൂര്‍ ഉറങ്ങും. പുലര്‍ച്ചെ ഒരു മണിക്ക് കിടക്കും. രാവിലെ ഏഴ് മണിക്ക് എണീക്കും. ഇതാണ് ശൈലി.

2. ജിം നിര്‍ബന്ധം

ആഴ്ചയില്‍ 100 മണിക്കൂര്‍ ജോലി ചെയ്യും മസ്‌ക്ക്. എന്നാല്‍ ആരോഗ്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. ആഴ്ചയില്‍ രണ്ട് തവണ ജിമ്മില്‍ പോയി തന്നെ വ്യായാമം ചെയ്യും മസ്‌ക്ക്. കാര്‍ഡിയോ വര്‍ക്കൗട്ടാണ് കൂടുതല്‍ ചെയ്യുക. വെയ്റ്റ് ലിഫ്റ്റിങ്ങും ഉണ്ട്. 

3. ഭക്ഷണം

അത്ര കൂടുതലൊന്നും കഴിക്കില്ല. ബിസിനസ് ഡിന്നറുകള്‍ ഉണ്ടാകുമ്പോള്‍ മാത്രം കൂടുതല്‍ ഭക്ഷണം കഴിക്കും. അല്ലാത്തപ്പോള്‍ അഞ്ച് മിനിറ്റില്‍ ഭക്ഷണസമയം അഡ്ജസ്റ്റ് ചെയ്യും. ചിലപ്പോള്‍ ബ്രേക്ക്‌ഫേസ്റ്റ് സ്‌കിപ്പ് ചെയ്യുന്ന സ്വഭാവവുമുണ്ട്. 

4. ഫോണ്‍ കോളുകള്‍, 'നോ'

ഫോണില്‍ സംസാരിക്കുന്നത് പരമാവധി ഒഴിവാക്കും. ആ സമയം കൂടി ജോലിയില്‍ ഫോക്കസ് ചെയ്യാലോന്നാണ് ചിന്ത. ആവശ്യമില്ലാത്ത എല്ലാ ഇ-മെയ്‌ലുകളും ബ്ലോക്ക് ചെയ്യുന്ന സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഇങ്ങനേം മനുഷ്യരോ എന്ന് ചിന്തിക്കേണ്ട.. ഇത് മസ്‌ക്കാണ്. 

5. പുസ്തകം വായനയുണ്ട്

എത്ര തിരക്കായാലും പുസ്തകം വായിക്കാന്‍ സമയം കണ്ടെത്തും. അത് മൂല്യവത്താണെന്നാണ് മസ്‌ക്കിന്റെ ചിന്ത. ദി ലോര്‍ഡ് ഓഫ് ദി റിങ്‌സ്, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയവരുടെ ആത്മകഥകള്‍, ട്വല്‍വ് ഏഗെയ്ന്‍്സ്റ്റ് ഓഡ്‌സ് എന്നിവയാണ് ഇഷ്ട പുസ്തകങ്ങള്‍.

6. കുട്ടികളോടൊത്ത് സമയം ചെലവിടും

എത്ര വലിയ തിരക്കുള്ള സംരംഭകനാണെങ്കിലും കുട്ടികളുടെ കാര്യത്തില്‍ മസ്‌ക്കിന് നോ കോംപ്രമൈസ്. ആണ്‍മക്കളാണ്. സമയം കിട്ടുമ്പോഴെല്ലാം അവരോടൊത്ത് ഫണ്‍. ഇനി ജോലി ചെയ്യുകയാണെങ്കിലും കുട്ടികളോടൊപ്പമിരുന്നും പരീക്ഷണങ്ങള്‍ നടത്തും. 

7. കുളി, അത് വിട്ട് കളിയില്ല

ബുദ്ധിജീവികള്‍ കുളിക്കാറില്ലെന്നല്ലേ ചൊല്ല്. ഇവിടെ അതൊന്നുമില്ല. കുളി നിര്‍ബന്ധമാണ്. തനിക്ക് ഏറ്റവും കൂടുതല്‍ പോസിറ്റിവ് ഫീലിങ് തരുന്നത് കുളിയാണെന്നാണ് മസ്‌ക്കിന്റെ പക്ഷം. കുളിക്കാന്‍ ചെലവഴിക്കുന്ന സമയം കൂടുതലായാലും മസ്‌ക്കിന് പ്രശ്‌നമില്ല. 

8. വിഡിയോ ഗെയിം

വിഡിയോ ഗെയിം എന്നാല്‍ ഭ്രാന്താണ് മസ്‌ക്കിന്. അതുപോലെ തന്നെ സംഗീതവും ഇഷ്ടമാണ്. വല്ലപ്പോഴും സിനിമയുമുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam