Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെഡിബെയറിനൊപ്പം ഉറക്കികിടത്തി, പിന്നെ കണ്ടത് !

Dexy ഡെക്സിയും മകളും

കുഞ്ഞുമാലാഖക്കുട്ടിയെ തനിച്ചു കിടത്താതെ ടെഡിബെയറിനെ കൂട്ടുകി‌ടത്തി ഒന്നുമാറിയതായിരുന്നു ആ അമ്മ . പിന്നീടു തിരികെ വന്നപ്പോൾ കണ്ട കാഴ്ച അമ്മയുടെ മരണം വരെ മറക്കാനാവില്ല. തന്റെ പൊന്നോമന പുത്രി ഈ ലോകം വിട്ടുപോയിരിക്കുന്നു, താഴെവീഴാതിരിക്കാനായി അരികിൽ വച്ച ടെഡിബെയറായിരുന്നു അവളുടെ ജീവനെടുത്തത്. 

സ്കോട്‌ലന്റ് സ്വദേശിയായ ഡെക്സി എന്ന അമ്മയുടെ അനുഭവം ഓരോ അമ്മമാരുടെയും ഹൃദയം നുറുക്കുന്നതാണ്. പതിനെ‌ട്ടു മാസം പ്രായമുള്ള മകളുടെ സുരക്ഷയ്ക്കായി അരികിൽ കളിപ്പാട്ടങ്ങൾ വച്ചപോവുന്നത് ഡെക്സിയുടെ ശീലമായിരുന്നു. എങ്ങാനും മകൾ മറിഞ്ഞു വീണാലോ എന്നു കരുതി അവൾക്കൊരു തടയായാണ് അങ്ങനെ വച്ചിരുന്നത്. അന്നും അതുപോലെ സ്വാഭാവികമായി തന്നെയാണ് മകൾക്കരികിൽ ടെഡിബെയറിനെയും വച്ച് ഡെക്സി പോയത്. പക്ഷേ കുഞ്ഞിന്റെ സുരക്ഷയ്ക്കായി വച്ച ടെഡിബെയർ തന്നെ അവളെ ഈ ലോകത്തു നിന്നും എന്നെന്നേക്കുമായി ഇല്ലാതാക്കുകയായിരുന്നു. 

മൂന്നടി പൊക്കമുള്ള ടെഡിബെയർ കുരുന്നിന്റെ മുഖത്തേക്കു വീണ് ശ്വാസംമുട്ടിയാണ് കുഞ്ഞു മരിച്ചത്. ഇത്തരത്തിലൊരനുഭവം മറ്റൊരു മാതാപിതാക്കൾക്കും ഉണ്ടാകാതിരിക്കാനായി ഫേസ്ബുക്കിലൂടെ കാംപെയ്ൻ നടത്തുകയാണ് ഈ അമ്മയിപ്പോൾ. ചുവരും കുഞ്ഞിന്റെ ബെഡും തമ്മിലുള്ള ചെറിയ വിടവു നികത്താനായാണ് ഡെക്സി ടെഡിബെയറുകൾ വച്ചിരുന്നത്. കുഞ്ഞുങ്ങളുടെ കിടക്കയ്ക്കു സമീപത്തുനിന്നും കളിപ്പാട്ടങ്ങളൊന്നും വയ്ക്കരുതേയെന്നും ഡെക്സി പറയുന്നു. 

തന്റെ മൂത്ത മകളും കുഷ്യനുകളും ടെഡിയും പാവകളുംകൊണ്ട് കിടക്കയാകെ നിറച്ചിരുന്നു. ഇപ്പോൾ താൻ അവളെയും പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ബെഡിൽ ഒരു ഷീറ്റിന്റെ മാത്രമേ ആവശ്യമുള്ളു, തലയിണ പോലും വേണമെന്നില്ല. തന്റെ കുഞ്ഞുരാജകുമാരിക്കുണ്ടായ ദുരന്തം മറ്റൊരു കുട്ടിക്കു കൂടി ഉണ്ടാകാതിരിക്കട്ടെയെന്നും ഡെക്സി പറയുന്നു. 

 '' എന്റെ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചതോർക്കുമ്പോൾ ഞാൻ എന്നെ തന്നെ പഴിക്കുകയാണ്, കുഞ്ഞ് താഴെ വീഴില്ലെന്നുറപ്പു വരുത്താൻ ചെറിയ ടെഡികൾക്കു മീതെ വലിയൊരു ടെഡി വച്ചിരുന്നു. പക്ഷേ വലിയ ടെഡി അവൾക്കു മീതെ വീഴുകയായിരുന്നു. അങ്ങനെയൊന്നും വച്ചില്ലായിരുന്നുവെങ്കിൽ അവളൊന്നു വീഴുകയോ തലയിലൊരു ചെറിയ മുഴയുണ്ടാവുകയോ ഒക്കെ ചെയ്താലും എ​നിക്കൊപ്പം ഉണ്ടാകുമായിരുന്നു''-ഡെക്സി പറയുന്നു. 

മക്കളെ കിടത്തിയുറക്കിപ്പോകുന്ന പല മാതാപിതാക്കളും അവർക്കരികിൽ തലയിണയോ പാവകളോ ഒക്കെ വച്ചുപോകുന്നത് സാധാരണമാണ്. എ​ന്നാൽ അവയൊരിക്കലും തങ്ങളുടെ കുഞ്ഞിന്റെ ജീവനെടുക്കുമെന്ന് അവർ സ്വപ്നത്തിൽ കരുതാറില്ല. ഇത്തരത്തിൽ ചെയ്യുന്ന ഓരോ അച്ഛനമ്മമാർക്കും ഒരു പാഠമായിരിക്കുകയാണ് ഡെക്സിയുടെ കുഞ്ഞിന്റെ ദുരന്തം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam