‘മരണത്തെ മുഖാമുഖം കണ്ടു, തുണയായത് സൽമാൻ’

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോഴും ബോളിവുഡ് നടൻ സൽമാൻ ഖാനെക്കുറിച്ചു കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കും. വിവാദങ്ങളും കേസുകളും നിഴൽ പോലെ പിന്തുടരുന്ന അഭിനേതാവ്. എന്നാൽ പലർക്കും അറിയാത്ത മനുഷ്യത്വത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട് ഈ നടന്. 

മുൻകാല ബോളിവുഡ് നടി പൂജ ദദ്‌വാളാണ് സൽമാൻ ഖാന്റെ നല്ല മനസിന്റെ മധുരം അനുഭവിച്ചത്. ഏറെക്കാലമായി ഗുരുതരമായ ക്ഷയ രോഗം പിടിപ്പെട്ട് മുംബൈ സെവാരി ആശുപത്രിയിൽ ചികിത്സയിലാണ് നടി. നാളുകളായുള്ള ചികിത്സക്കൊടുവിൽ അടുത്തിടെയാണ് പൂജ രോഗം ഭേദമായി ആശുപത്രി വിട്ടത്. ദുരിത നാളുകളിൽ തനിക്കു താങ്ങായി നിന്നത് സൽമാൻ ഖാനായിരുന്നെന്നു നടി നന്ദിയോടെ സ്മരിക്കുന്നു. ക്ഷയ രോഗികൾക്കു സമൂഹത്തിൽ അവഗണന നേരിടേണ്ടി വരാറുണ്ട്. തനിക്കും അത്തരം സാഹചര്യം ഉണ്ടായി. സൽമാനാണ് ഈ സന്ദർഭത്തിൽ തനിക്കു പിന്തുണ നൽകിയതെന്നു മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ പൂജ പറഞ്ഞു.

തനിക്കാവശ്യമായ വസ്ത്രങ്ങൾ, സോപ്പ്, ഡയപ്പർ, ഭക്ഷണം, മരുന്ന് എല്ലാം നൽകിയത് സൽമാന്റെ മേൽനോട്ടത്തിലുള്ള ബീയിങ് ഹ്യൂമൻ ഫൗണ്ടേഷനായിരുന്നു. അഗ്നിപരീക്ഷ മറികടന്നതിന്റെ കടപ്പാട് പൂർണമായും സൽമാന് സമർപ്പിക്കുന്നു. മൾട്ടി വിറ്റാൻമിൻ, പ്രോട്ടീൻ തുടങ്ങിയ ലഭ്യമാക്കാനും അദ്ദേഹം പ്രത്യേക താൽപര്യമെടുത്തു. 

മാർച്ച് രണ്ടിനായിരുന്നു പൂജയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷയരോഗം കാർന്നു തിന്ന അവരുടെ ശരീരത്തിന്റെ തൂക്കം അന്ന് വെറും 23 കിലോയായിരുന്നു. ഇന്ന് 43 കിലോ ആയി ഉയർന്നു. കുറച്ചു കാലം കൂടി മരുന്ന് തുടരേണ്ടി വരുമെന്നു നടിയെ ചികിത്സിച്ച ഡോ. ലളിത് ആനന്ദെ പറഞ്ഞു. 

കൂട്ടുകാരും കുടുംബവും തന്നെ ഉപേക്ഷിച്ചു. തന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടർ പറഞ്ഞപ്പോൾ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കടുത്ത ചുമയും ശ്വാസംമുട്ടലും ആരോഗ്യം അനുദിനം വഷളാക്കി. എന്നെപ്പോലെ ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് മരണമടയുന്ന നിരവധി പേർ സമൂഹത്തിലുണ്ടെന്നു അന്ന് താൻ മനസിലാക്കി. എന്നാൽ തോൽക്കാൻ മനസ് അനുവദിച്ചില്ല. പൊരുതാൻ തീരുമാനിച്ചു. രോഗത്തെ ജയിക്കാൻ അനുവദിക്കരുതെന്നു തീരുമാനിച്ചു. 

ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ പൂജയുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. തുടർന്നാണ് സൽമാൻ ഖാന്റെ കീഴിലുള്ള ഫൗണ്ടേഷനെക്കുറിച്ച് അറിയുന്നതും അദ്ദേഹത്തെ ബന്ധപ്പെടുന്നതും. എന്നാൽ പ്രതികരണമൊന്നുണ്ടായില്ല. എന്നാൽ പിന്നീട് ഫൗണ്ടേഷൻ പ്രവർത്തകർ തന്നെ ബന്ധപ്പെടുകയും ആവശ്യമായ സഹായം നൽകുകയും ചെയതെന്നും പൂജ നന്ദിയോടെ പറയുന്നു. 

തന്നേക്കൊണ്ട് സാധ്യമായ വിധത്തിൽ സഹായിച്ചെന്നു സൽമാൻ പ്രതികരിച്ചു. പൂജ ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം അറിഞ്ഞില്ല. ഇപ്പോൾ അവർ സുഖം പ്രാപിച്ചെന്നു കരുതുന്നെന്നും സൽമാൻ പ്രതികരിച്ചു. 1995 ൽ വീർഗതി എന്ന ചിത്രത്തിലാണ് സൽമാനോടൊപ്പം പൂജ സഹനടിയായി അഭിനയിച്ചത്. ഹിന്ദുസ്ഥാൻ, ഡബ്ദാബ തുടങ്ങിയ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്.