നിരാശ ബാധിച്ച ആരാധകന് പ്രചോദനമേകി ‘ടെർമിനേറ്റർ’

ഹോളിവുഡിലെ അതിമാനുഷനാണ് അര്‍ണോള്‍ഡ് ഷ്വാസ്നിഗര്‍. തിരശ്ശീലയിൽ എത്രയോ പേർക്കു രക്ഷകനായിരുന്ന അര്‍ണോള്‍ഡെന്ന ശക്തിയെ ആയകാലത്തു  തടയാന്‍ ഒന്നിനും സാധിച്ചിട്ടില്ല. തിരശ്ശീലയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും രക്ഷകനാണെന്നു തെളിയിച്ചിരിക്കുകയാണ് മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയായ ഈ എഴുപത്തിയൊന്നുകാരൻ. 

വിഷാദ രോഗം ബാധിച്ചു വീട്ടിലെ മുറിക്കുള്ളില്‍ ജീവിതം തള്ളിനീക്കുകയായിരുന്ന അലി എന്ന് പേരുള്ള ആരാധകനെയാണ് ഷ്വാസ്നിഗര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ‘ മാസങ്ങളായി കടുത്ത നിരാശയിലാണ്. അതുകൊണ്ട് ജിമ്മിൽ പോയി വർക്ക്ഔ‌ട്ട് ചെയ്യാറില്ല. മടി മാറ്റി ജിമ്മിൽ പോയി വർക്ക്ഔട്ട് ചെയ്യാൻ എന്നോടു പറയാമോ? പ്രിയപ്പെട്ടതെല്ലാം നഷ്ടമാകുമോ എന്നു ഞാൻ ഭയപ്പെടുന്നു.’– അലി അര്‍ണോള്‍ഡിന്റെ റെഡ്ഡിറ്റ് പേജില്‍ കമന്റ് ചെയ്തു.

കോടിക്കണക്കിന് ആളുകള്‍ പിന്തുടരുകയും കമന്റ് ഇടുകയും ചെയ്യുന്ന അര്‍ണോള്‍ഡിന്റെ പേജില്‍നിന്ന് ആരും മറുപടി പ്രതീക്ഷിക്കില്ല. എന്നാല്‍ അലിയ്ക്ക് മറുപടിയുമായി സൂപ്പര്‍താരം എത്തി. ‘മടിയെ ഇല്ലാതാക്കാന്‍ എന്ന പേരില്‍ നിങ്ങള്‍ സ്വയം ബുദ്ധിമുട്ടിക്കരുത്. അങ്ങനെ ചെയ്യാൻ ഞാന്‍ ആവശ്യപ്പെടില്ല. എല്ലാവരുടെയും ജീവിതത്തില്‍ വെല്ലുവിളികളും പരാജയവും ഉണ്ടാകും. വര്‍ക്ക് ഔട്ട് ചെയ്യാന്‍ നമുക്കു ചിലപ്പോള്‍ മടി തോന്നും. കിടക്കയില്‍ കിടന്ന് ഒന്നോ രണ്ടോ പുഷ് അപ്പ് എടുക്കുകയോ, അല്‍പ്പദൂരം നടക്കാന്‍ പോവുകയോ ആണ് അപ്പോള്‍ ചെയ്യേണ്ടത്. ഇങ്ങനെ പടി പടിയായി വർക്ക് ഔട്ട് ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുക. അങ്ങനെ മടിയെ മറികടക്കാന്‍ നമുക്കാകും’– അർണോൾഡ് മറുപടി നൽകി. പതുക്കെ മടി മാറ്റിയ ശേഷം ജിമ്മിലേക്കു പോകാനും ആവശ്യമുണ്ടെങ്കില്‍ സഹായം ചോദിക്കാൻ മടിക്കരുതെന്നും സൂപ്പര്‍താരം മറുപടിയിൽ പറയുന്നു. 

ഏതായാലും അര്‍ണോള്‍ഡിന്റെ മറുപടി കണ്ടതോടെ തന്റെ നിരാശ പകുതി മാറിയെന്ന് അലി പ്രതീകരിച്ചു. മറുപടി വായിച്ച ഉടന്‍ കിടക്കയില്‍ നിന്നു ചാടി എഴുന്നേറ്റെന്നും ജിമ്മിലേക്കുള്ള എളുപ്പ വഴി ഏതെന്നാണു ചിന്തിച്ചതെന്നും അലി പറയുന്നു. സമാനമായ പ്രശ്നം നേരിട്ടിരുന്ന പലരും അര്‍ണോള്‍ഡിന്റെ വാക്കുകള്‍ പ്രചോദനമായെന്നു കമന്റുകളിട്ടു. നിരാശയിലാണ്ടു പോയ ആരാധകർക്കു പ്രചോദനമേകി മുൻപും ഹോളിവുഡിന്റെ ടെര്‍മിനേറ്റര്‍ സമൂഹമാധ്യമത്തിലൂടെ രംഗത്തുവന്നിരുന്നു.