‘ആ കുഞ്ഞ് മരിച്ചത് ഭാരത് ബന്ദ് മൂലം അല്ല’: വെളിപ്പെടുത്തലുമായി കലക്ടർ

ഭാരത് ബന്ദ് നടന്ന ദിവസം ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്ന് ബിഹാറിൽ രണ്ടു വയസ്സുകാരി മരിച്ച സംഭവം വലിയ വിവദമായിരുന്നു. വയറിളക്കം മൂലം ഗുരുതരാവസ്ഥയിലായ രണ്ടുവയസ്സുകാരി ഗൗരി കുമാരിയെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ആശുപത്രിയിലെത്തിക്കാൻ ആംബുലൻസോ നാലു ചക്രവാഹനങ്ങളോ ലഭിച്ചില്ലെന്നാണ് കുട്ടിയുടെ പിതാവ് പ്രമോദ് മാഞ്ചി ആദ്യം മാധ്യമങ്ങളോടു പറഞ്ഞത്. കുഞ്ഞുമായി സഞ്ചരിച്ച ഓട്ടോ ബന്ദ് അനുകൂലികൾ തടഞ്ഞതായും പ്രമോദ് പറഞ്ഞു. എന്നാൽ ഇയാൾ ഇതെല്ലാം പിന്നീട് പലതും തിരുത്തി പറയുകയും ചെയ്തു.

എന്നാൽ, ഭാരത് ബന്ദ് മൂലമല്ല കുഞ്ഞ് മരിച്ചത് എന്നു വ്യക്തമാക്കിയിരിക്കുകയാണ് ജെഹനാബാദ് കലക്ടർ. കുഞ്ഞിനെയും കൊണ്ടു വൈകിയാണ് മാതാപിതാക്കൾ ആശുപത്രിയിലേക്കു തിരിച്ചത്. കുഞ്ഞിന്റെ അവസ്ഥ ഒരു ദിവസം മുൻപേ ഗുരുതരമായിരുന്നുവെങ്കിലും  മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചില്ല. തൊട്ടടുത്തുള്ള ബാലാബിഗ ആശുപത്രിയിലെത്തിക്കുന്നതിനു പകരം അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്കാണ് ഇവർ പോയത്. ‌‍ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവറോട് സംസാരിച്ചു. ഒരു സിഗ്നലിൽ ഓട്ടോ നിർത്തിയെങ്കിലും വേഗം വിട്ടയച്ചു. കുഞ്ഞിന്റെ മരണത്തിനു ബന്ദ് കാരണമല്ലെന്നു പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായും കലക്ടർ പറഞ്ഞു.

ബന്ദ് കാരണമാണ് കുട്ടിയുടെ ജീവൻ പൊലിഞ്ഞതെന്ന ആരോപണം പ്രതിപക്ഷത്തിനെതിരെ ശക്തമായി ഉപയോഗിച്ചിരുന്നു. ഇന്ധനവില വർധനവിനെതിരെ സെപ്റ്റംബർ 10 നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭാരത് ബന്ദ് നടത്തിയത്.