കൈക്കുഞ്ഞിനെ ഓഫിസ് മേശപ്പുറത്തു കിടത്തി ജോലി; അമ്മപ്പൊലീസിന് കയ്യടി

കയ്യിൽ ഫയലുകൾ. തൊട്ടു മുൻപിലുള്ള മേശപ്പുറത്ത് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ്. ജോലിക്കിടക്കുള്ള ഇടവേളകളിൽ ചുണ്ടിൽ താരാട്ട്. ഈ അമ്മപ്പോലീസിന് നിറകയ്യടിയാണ് സോഷ്യൽ ലോകത്ത്. ഝാന്‍സിയിലെ പൊലീസ് കോണ്‍സ്റ്റബിളായ അര്‍ച്ചന ജയന്ത് ആണ് ഈ താരം. 

മധ്യപ്രദേശിൽ നിന്നാണ് ഈ ഊഷ്മളവാർ‌ത്ത. ആറുമാസം പ്രായമുള്ള മകള്‍ അനികയെ തന്റെ മേശപ്പുറത്ത് ഉറക്കി കിടത്തിയതിന് ശേഷം ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരിയെക്കുറിച്ചുള്ള വാര്‍ത്ത മധ്യപ്രദേശിലെ പ്രാദേശിക മാധ്യമങ്ങളിലാണ് ആദ്യം വന്നത്. പിന്നാലെ അഭനന്ദനപ്രവാഹമായിരുന്നു ഈ അമ്മ‌പ്പൊലീസിന്. വാർത്ത വൈറലായതോടെ ഈ അമ്മക്ക് തൊഴിലിടത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പലരും രംഗത്തെത്തുന്നുണ്ട്. 

ഇതിനു പിന്നാലെ ഉത്തര്‍ പ്രദേശിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവ ചിത്രം ട്വീറ്റ് ചെയ്യുക കൂടി ചെയ്തതോടെ അർച്ചന സമൂഹമാധ്യമങ്ങളിൽ താരമായി. കുട്ടിയുമായി ജോലിക്കെത്തിയ അര്‍ച്ചനയ്ക്ക് സംസ്ഥാന പൊലീസ് വകുപ്പ് 1000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

അവധി എടുക്കുവാന്‍ ആളുകള്‍ കാരണങ്ങള്‍ തിരയുമ്പോള്‍ കാരണമുണ്ടായിട്ട് കൂടിയും ഡ്യൂട്ടിക്കെത്തിയ അര്‍ച്ചന മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നാണ് മധ്യപ്രദേശ് പൊലീസ് പറയുന്നു.

അനികയെ കൂടാതെ പത്തു വയസുള്ള ഒരു കുട്ടിയുടെ അമ്മ കൂടിയാണ് അര്‍ച്ചന. ഹരിയാനയിലെ ഒരു കാർ നിർമാണ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് ഭർത്താവ്.